| Wednesday, 16th January 2019, 1:03 pm

തൃശൂരില്‍ 20 കാരനായ ദളിത് യുവാവിനെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ച സംഭവം; എസ്.ഐക്കും പൊലീസുകാരനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

ആര്യ. പി

തൃശൂര്‍: 20 കാരനായ ദളിത് യുവാവിനെ അനധികൃതമായി കസ്റ്റഡിയില്‍ എടുത്ത് പീഡിപ്പിച്ച കേസില്‍ വലപ്പാട് എസ്.ഐ ആയിരുന്ന ഇ.ആര്‍ ബൈജുവിനും സി.പി.ഒ രഞ്ജിത്തിനും എതിരെ ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവും പട്ടികജാതി വര്‍ഗ നിയമപ്രകാരവും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി
ഉത്തരവ്.

തളിക്കളം കൊപ്രക്കളത്ത് കാളക്കൊടുവത്ത് പ്രഭാകരന്‍ എന്നയാളുടെ മകനായ ആഞ്ജലോ(20) നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.

2017 ജൂണ്‍ 12 ാം തിയതിയായിരുന്നു കേസിന് ആസ്പദമായ സംഭവം. ആഞ്ജലോയുടെ വീടിന് സമീപത്ത് താമസിക്കുന്ന വീട്ടിലെ പെണ്‍കുട്ടി കുളിക്കുന്ന സമയത്ത് മൊബൈലില്‍ ദൃശ്യങ്ങളില്‍ പകര്‍ത്തിയെന്ന് ആരോപിച്ചായിരുന്നു യുവാവിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് ആരോപണം.

പ്രദേശത്തെ ചില രാഷ്ട്രീയ നേതാക്കളുടെ സമ്മര്‍ദ്ദത്തിന്റെ ഭാഗമായി എസ്.ഐ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അനധികൃതമായി തടഞ്ഞുവെച്ച് അസഭ്യം പറയുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ലാത്തി ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് ആഞ്ജലോ തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അഡ്വ. കെ.എന്‍ പ്രശാന്ത്, അഡ്വ. ഐശ്വര്യ പ്രശാന്ത്  എന്നിവര്‍ മുഖേന സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.

പരാതി ഫയലില്‍ സ്വീകരിച്ച കോടതി ക്രിമിനല്‍ നിയമനടപടി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിന് പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. പട്ടികജാതി നിരോധന നിയമപ്രകാരമുള്ള കേസ് ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷിക്കേണ്ടത്.

സംഭവത്തില്‍ പരിക്ക് പറ്റി തൃശൂര്‍ ജില്ലാ ആശുപത്രിയിലും ആയുര്‍വേദ ആശുപത്രിയിലും ദിവസങ്ങളോളം ആഞ്ജലോ ചികിത്സ തേടിയിരുന്നു. സംഭവത്തിന് ശേഷം എസ്.പിക്കും എസ്.സി എസ്.ടി കമ്മീഷനും ആഞ്ജലോ നല്‍കിയ പരാതിയില്‍ സമാന്തരമായി അന്വേഷണം നടക്കുന്നുണ്ട്.


മമതാ ബാനജര്‍ജി നടത്തുന്ന മെഗാ പ്രതിപക്ഷ റാലിയില്‍ രാഹുലും സോണിയയും പങ്കെടുക്കില്ല; നിലപാട് വ്യക്തമാക്കാതെ മായാവതിയും


ആഞ്ജലോയുടെ വീടിന് സമീപത്ത് താമസിക്കുന്ന വീട്ടിലെ പെണ്‍കുട്ടി കുളിക്കുന്ന സമയത്ത് ആരോ ബാത്ത്റൂമിന് പുറത്ത് മൊബൈല്‍ ഫോണ്‍ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചിരുന്നെന്നും സംഭവവുമായി ബന്ധപ്പെട്ട് ആജ്ഞലോയെ പ്രതിചേര്‍ക്കുകയായിരുന്നെന്നും ആഞ്ജലോയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എന്‍. പ്രശാന്ത് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“”സംഭവം നടന്ന സമയത്ത് പെണ്‍കുട്ടി ആളെ കണ്ടിരുന്നില്ല. കറുത്ത കൈ മാത്രമാണ് കണ്ടത്. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പ്രതിയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഈ സമയത്ത് ആഞ്ജലോയും അനിയനും പാടത്തിരുന്ന് മീന്‍ പിടിക്കുകയായിരുന്നു. പ്രതിയെ തിരഞ്ഞ് ഇറങ്ങിയ വീട്ടുകാര്‍ “”ആരെങ്കിലും ഓടുന്നത് കണ്ടോ”” എന്ന് ഇവരോട് ചോദിച്ചിരുന്നു. ഇല്ലെന്ന് ഇവര്‍ മറുപടിയും നല്‍കി.

പിറ്റേ ദിവസമാണ് ആജ്ഞലോയുടെ പേര് ഇതിലേക്ക് കൊണ്ടുവരുന്നത്. ചില രാഷ്ട്രീയ നേതാക്കളും ഇതിന് പിന്നില്‍ ഉള്ളതായി സംശമുണ്ട്. യഥാര്‍ത്ഥത്തില്‍ ആഞ്ജലോയെ ട്രാപ്പ് ചെയ്യാനുള്ള ഒരു ശ്രമമായിരുന്നു നടന്നത്. – അഭിഭാഷകന്‍ പറയുന്നു.

12-6-17 നാണ് തന്നെ വലപ്പാട് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നും സ്റ്റേഷനില്‍ വെച്ച് തന്നെ പൊലീസ് ഭീകരമായി മര്‍ദ്ദിക്കുകയായിരുന്നെന്നും ആജ്ഞലോ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

എസ്.ഐ ബൈജുവും മറ്റൊരു പൊലീസുകാരനും ചേര്‍ന്നായിരുന്നു മര്‍ദ്ദിച്ചത്. മര്‍ദ്ദിച്ചത് മാത്രമല്ല ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്തു. എന്റെ ഫോണ്‍ പിടിച്ചു വാങ്ങി “”നിനക്ക് എന്തിനാ ഫോണ്‍ പെണ്ണുങ്ങളുടെ ഫോട്ടോ പിടിക്കാനല്ലേ എന്നും വേട്ടുവ പുലയാടി മോനെ ജീവിക്കാന്‍ വിടില്ലെന്നും മര്യാദ പഠിപ്പിക്കുമെന്നും””മായിരുന്നു എസ്.ഐ പറഞ്ഞത്.

യഥാര്‍ത്ഥത്തില്‍ കേസോ പരാതിയോ ഒന്നും ഇല്ലാതെയായിരുന്നു സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയത്. മണിക്കൂറുകളോളം ക്രൂരമര്‍ദ്ദനമായിരുന്നു നടന്നത്. അന്ന് രാത്രി തന്നെ തൃശൂരിലെ താലൂക്ക് ആശുപത്രിയില്‍ എന്നെ പ്രവേശിപ്പിച്ചു. അന്ന് ഒരു ഇഞ്ചക്ഷന്‍ മാത്രം നല്‍കി വിട്ടയച്ചു. എക്‌സറേ എടുക്കാന്‍ പിറ്റേ ദിവസം വരാന്‍ പറഞ്ഞു. പിറ്റേ ദിവസം ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പോയി. 11 ദിവസം താലൂക്ക് ആശുപത്രിയില്‍ ചികിത്സ വേണ്ടി വന്നു””- ആജ്ഞലോ പറഞ്ഞു.

പിറ്റേ ദിവസം തന്നെ യുവാവ് എസ്.പിക്കും ആഭ്യന്തരവകുപ്പിനും പട്ടികജാതി കമ്മീഷനും പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്കും പരാതി അയച്ചു. ഇതോടെ 15 ാം തിയതി പൊലീസ് പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്നും പരാതി എഴുതി വാങ്ങുകയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു 17ാ ംതിയതിയാണ് അത് കോടതിയില്‍ എത്തുന്നതെന്നും അഭിഭാഷകന്‍ പ്രശാന്ത് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

തനിക്കെതിരായ കേസിന് പിന്നില്‍ പ്രദേശത്തെ രാഷ്ട്രീയനേതാക്കന്‍മാര്‍ക്കും പങ്കുണ്ടെന്നാണ് ആഞ്ജലോ പറയുന്നത്. “”ഞാന്‍ നേരത്തെ ആര്‍.എം.പിയില്‍ പ്രവര്‍ത്തിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്നും വിട്ട ശേഷം ചില അക്രമങ്ങള്‍ എല്ലാം നേരിടേണ്ടി വന്നിരുന്നു. വ്യക്തിപരമായ അധിക്ഷേപങ്ങളും മറ്റും ഉണ്ടായിരുന്നു. ഈ കേസിലേക്ക് എന്റെ പേര് വലിച്ചിഴച്ചതിന് പിന്നിലും പ്രദേശത്തെ ചില രാഷ്ട്രീയ നേതാക്കന്‍മാര്‍ക്ക് പങ്കുണ്ട്. ഇവരാണ് എന്റെ പേര് പറഞ്ഞു നടന്നത്. ചെയ്യാത്ത തെറ്റിന്റെ പേരിലാണ് ഇതെല്ലാം ഞാന്‍ കേട്ടത്. നീതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ””- ആഞ്ജലോ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

അതേസമയം തനിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അത്തരത്തില്‍ നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നുമാണ് നിലവില്‍ കൊടുങ്ങല്ലൂര്‍ എസ്.ഐ ആയ ബൈജു ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.

“”കോടതി ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ അതില്‍ കൂടുതലൊന്നും പറയാന്‍ കഴിയില്ല. ആഞ്ജലോയ്‌ക്കെതിരെ ഒളിഞ്ഞുനോട്ടത്തിനെതിരെ കേസ് എടുത്തിട്ടുണ്ട്. അല്ലാതെ കസ്റ്റഡിയില്‍ പീഡനമൊന്നും നടന്നിട്ടില്ല. പയ്യന് പരിക്കുകളൊന്നും ഉള്ളതായി മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ഇല്ല.””- എസ്.ഐ പറഞ്ഞു.

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more