ശോഭാ സുരേന്ദ്രനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് കോടതി
Kerala News
ശോഭാ സുരേന്ദ്രനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd March 2019, 4:15 pm

തൃശൂര്‍: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. തൃശൂര്‍ അഡീഷനല്‍ ജില്ലാ കോടതിയാണ് ശോഭയെ പിടികിട്ടാ പ്രതിയായി പ്രഖ്യാപിച്ചത്.

2012 ഫെബ്രുവരിയില്‍ പാലിയേക്കര ടോള്‍ പ്ലാസക്കെതിരെ നടന്ന സമരത്തിന്റെ പേരില്‍ ആണ് ശോഭാ സുരേന്ദ്രനെയും പുതുക്കാട്ടെ ബി.ജെ.പി പ്രവര്‍ത്തകനായ അനീഷിനെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചത്.

ടോള്‍ പ്ലാസയ്ക്കു നാശം വരുത്തിയതും ഗതാഗതം തടസ്സപ്പെടുത്തിയതും മറ്റും ആരോപിച്ച് 54 പേര്‍ക്കെതിരെയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.


FACT CHECK: അഭിനന്ദന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടുണ്ടാക്കി ബി.ജെ.പിയുടെ പ്രചരണം


വി.മുരളീധരന്‍ എം.പി, ശോഭാ സുരേന്ദ്രന്‍ എന്നിവരടക്കം 10 ബി.ജെ.പി നേതാക്കള്‍ക്കെതിരെ അറസ്റ്റ് വാറന്‍ഡ് നിലവിലുണ്ട്. എന്നാല്‍ ഇവരില്‍ ശോഭാ സുരേന്ദ്രനും അനീഷും ജാമ്യമെടുക്കാന്‍ തയ്യാറായിരുന്നില്ല. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാത്ത ഇരുവരെയും കോടതി പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കുകയായിരുന്നു.

ശബരിമല വിഷയത്തില്‍ അനാവശ്യ ഹരജി നല്‍കിയതിന് കേരള ഹൈകോടതി ശോഭാ സുരേന്ദ്രന് പിഴ വിധിച്ചിരുന്നു. ശബരിമലയിലെ പൊലീസ് വീഴ്ച്ചക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനാണ് ശോഭ സുരേന്ദ്രന് കോടതിയുടെ വിമര്‍ശനവും പിഴയും ലഭിച്ചത്. എന്നാല്‍ ഇതിനെതിരെ സുപ്രീംകോടതിയില്‍ പോകുമെന്നും, പിഴ നല്‍കാന്‍ ഉദ്ദേശമില്ലെന്നും ശോഭ പറഞ്ഞിരുന്നെങ്കിലും, ഇതിന് പിന്നാലെ തന്നെ പിഴയടച്ച് ശോഭാ സുരേന്ദ്രന്‍ കോടതി നടപടികളില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.

ശബരിമലയില്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച്ച പറ്റിയെന്നും ഇതില്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ശോഭാ സുരേന്ദ്രന്‍ കോടതിയെ സമീപ്പച്ചത്. എന്നാല്‍, ശോഭയുടേത് വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടിയുള്ള ഹരജിയാണെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച്, ഇത്തരം അടിസ്ഥാനമില്ലാത്ത ഹരജികള്‍ തടയുന്നതിന് സമൂഹത്തിനുള്ള സന്ദേശമെന്ന നിലക്ക് 25,000 രൂപ പിഴയും ചുമത്തുകയായിരുന്നു.