തൃശൂര്‍: നടനും തൃശൂര്‍ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിക്ക് എതിരെ നിയമ നടപടിക്കൊരുങ്ങി തൃശൂര്‍ കോര്‍പറേഷന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ശക്തന്‍ പ്രതിമയില്‍ അനുമതിയില്ലാതെ മാല ചാര്‍ത്തിയതിനെതിരെയാണ് നടപടി.
ഇന്നലെ വൈകീട്ടായിരുന്നു സംഭവം. സുരേഷ് ഗോപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് വൈകീട്ട് അഞ്ചരയോടെയായിരുന്നു നൂറുകണക്കിന് ആളുകളെ അണി നിരത്തിയുള്ള റോഡ് ഷോ നടന്നത്. ശക്തന്‍ പ്രതിമയില്‍ മാല ചാര്‍ത്തിയ ശേഷമായിരുന്നു റോഡ് ഷോ തുടങ്ങിയത്. പിന്നീട് സ്വരാജ് ഗ്രൗണ്ടിലാണ് റോഡ് ഷോ അവസാനിച്ചത്.
എന്നാല്‍ ശക്തന്‍ പ്രതിമയില്‍ മാല ചാര്‍ത്തുന്ന വിവരം കോര്‍പറേഷനെ അറിയിക്കുകയോ അനുവാദം വാങ്ങുകയോ ചെയ്തില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇത്തരം പരിപാടികള്‍ക്ക് മുന്‍കൂട്ടി കോര്‍പ്പറേഷന്റെ അനുവാദം വാങ്ങേണ്ടതുണ്ട്. ഇതിനെതിരെയാണ് കോര്‍പറേഷന്‍ നിയമ നടപടിക്ക് ഒരുങ്ങുന്നത്. ബി.ജെ.പിയുടേത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടികാണിച്ച് എല്‍.ഡി.എഫും രംഗത്തെത്തിയിട്ടുണ്ട്.
തൃശൂരില്‍ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. മത്സരിക്കാന്‍ സുരേഷ് ഗോപിക്ക് സമ്മതമല്ലായിരുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
എന്നാല്‍ ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വം മത്സരിക്കാന്‍ അദ്ദേഹത്തിനുമേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപി മത്സരരംഗത്ത് സജീവമാകുന്നത്.
ആരോഗ്യ കാരണങ്ങളാല്‍ പ്രചാരണത്തില്‍ നിന്ന് വിട്ട് നിന്ന സുരേഷ് ഗോപി ഇന്നലെയാണ് മണ്ഡലത്തിലെത്തി പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
പ്രചരണ രംഗത്തേക്ക് സജീവമാകാനൊരുങ്ങുന്ന സുരേഷ് ഗോപി സര്‍ക്കാരിനെതിരെ ശബരിമല വിഷയത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.
”ശബരിമല ഒരു പ്രചാരണ വിഷമയമല്ല അത് വികാര വിഷയമാണ്. ആ വികാരം പേറുന്നവരില്‍ ഹിന്ദുക്കളല്ല കൂടുതല്‍. എല്ലാവര്‍ക്കും ആ ഭയപ്പാടുണ്ട്. ക്രിസ്തീയ സഭകളിലും ഭയമുണ്ട്. സുപ്രീം കോടതി എന്താണ് പറഞ്ഞതെന്നും അതിനെ എടുത്ത് ഒരു ആയുധമാക്കികൊണ്ട് എന്താണ് കാണിച്ചതെന്നും എല്ലാവര്‍ക്കും അറിയാം. ആ തോന്നിവാസികളെ വകവരുത്തണം. ജനാധിപത്യ രീതിയില്‍ തന്നെ വകവരുത്തണം,” സുരേഷ് ഗോപി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക