ഗ്രൂപ്പ് പോര് മുറുകി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം
Daily News
ഗ്രൂപ്പ് പോര് മുറുകി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th September 2015, 10:52 am

congress

തൃശൂര്‍: തൃശൂരില്‍ കോണ്‍ഗ്രസ്  ജില്ലാ നേതൃത്വത്തില്‍ ഗ്രൂപ്പ് പോര് മുറുകുന്നു. ഗ്രൂപ്പുകള്‍ തമ്മില്‍ ഫ്‌ളക്‌സ് യുദ്ധമാണ് പുതുതായി അരങ്ങേറുന്നത്.

ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കളായ ഡി.സി.സി പ്രസിഡന്റ് ഒ.അബ്ദുറഹ്മാന്‍ കുട്ടി, പി.എ.മാധവന്‍ എം.എല്‍.എ എന്നിവര്‍ക്കെതിരേ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപെട്ടു.

ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിസാമിനെ വിയ്യൂര്‍ ജയിലില്‍ സന്ദര്‍ശിച്ച് രാഷ്ട്രീയ പിന്തുണ നല്‍കിയ പി.എ മാധവന്‍ എം.എല്‍.എയെയും ഡി.സി.സി പ്രസിഡന്റ് ഒ.അബ്ദുറഹിമാന്‍കുട്ടിയെയും പുറത്താക്കാണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

സേവ് യൂത്ത് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍. ഐ ഗ്രൂപ്പ് നേതാവും മന്ത്രിയുമായ സി.എന്‍.ബാലകൃഷ്ണന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചും പോസ്റ്ററുകള്‍ ഉയര്‍ന്നിട്ടുണ്ട്.

ചാവക്കാട് ഹനീഫ വധവുമായി ബന്ധപ്പെട്ട് മന്ത്രി ബാലകൃഷ്ണനെതിരേ ഗുരുതര ആരോപണങ്ങള്‍ എ വിഭാഗം ഉയര്‍ത്തിയിരുന്നു. ബാലകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരമാണ് ഹനീഫയെ വധിച്ചതെന്നും എ വിഭാഗം ആരോപിച്ചിരുന്നു.

ഇരുവിഭാഗങ്ങളും തമ്മില്‍ പോരു രൂക്ഷമായതോടെ കെ.പി.സി.സി അധ്യക്ഷന്‍ പരസ്യ പ്രസ്താവനകള്‍ വിലക്കിയതിനു പിന്നാലെയാണ് പോസ്റ്റര്‍ യുദ്ധം ആരംഭിച്ചിരിക്കുന്നത്.

തിങ്കളാഴ്ച കെ.മുരളീധരനും പത്മജ വേണുഗോപാലും പങ്കെടുത്ത കരുണാകരന്‍ അനുസ്മരണ യോഗത്തില്‍ നിന്ന് എ ഗ്രൂപ്പ് നേതാക്കള്‍ വിട്ടുനിന്നിരുന്നു.