|

കണ്ണീര്‍ പ്രവാഹം; പ്രിയപ്പെട്ട വാര്‍ണിക്ക് ആദരമര്‍പ്പിച്ച് ക്രിക്കറ്റ് ലോകം

സ്പോര്‍ട്സ് ഡെസ്‌ക്

ഞെട്ടലോടെയായിരുന്നു ക്രിക്കറ്റ് ലോകം ആ വാര്‍ത്ത ഉള്‍ക്കൊണ്ടത്. നൂറ്റാണ്ടിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരുവന്‍, ഇതിഹാസമെന്ന് വിശേഷിപ്പിക്കാന്‍ എന്തുകൊണ്ടും സര്‍വഥാ യോഗ്യന്‍, സ്പിന്‍ കിംഗ് തങ്ങളുടെ പ്രിയപ്പെട്ട ഷെയ്ന്‍ കീത്ത് വോണ്‍ ലോകത്തോട് വിടപറഞ്ഞത് പിടിച്ചുകുലുക്കിയത് ക്രിക്കറ്റ് ലോകത്തെയൊന്നാകെയാണ്.

കാലദേശാന്തരങ്ങള്‍ക്കിപ്പുറവും പുകള്‍പെറ്റ സ്പിന്‍ മാന്ത്രികതയുടെ ജൈത്രയാത്രയും നൂറ്റാണ്ടിന്റെ പന്തും എന്നും ക്രിക്കറ്റ് ലോകത്ത് അസ്തമിക്കാതെ എന്നെന്നും ബാക്കി നില്‍ക്കും.

ക്രിക്കറ്റ് ലോകത്തിന് ഇതിഹാസ സ്പിന്നറെ നഷ്ടമായപ്പോള്‍ ഓസീസിന് നഷ്ടമായത് അവരുടെ സ്വപ്‌നങ്ങള്‍ക്ക് നിറപ്പകിട്ടേകിയ, ലോകകപ്പുകളില്‍ കരുതലായ, ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഭാവിയെ കൈപിടിച്ചുയര്‍ത്തേണ്ടിയിരുന്ന അവരുടെ സ്വന്തം വാര്‍ണിയെ ആയിരുന്നു.

ഇനിയങ്ങോട്ട് മാര്‍ച്ച് നാല് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ കറുത്ത ദിനമായാവും അടയാളപ്പെടുത്തുക. ഒരേ ദിവസം തങ്ങളുടെ രണ്ട് ഇതിഹാസങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നതിന് സാക്ഷിയായ ഈ ദിവസത്തെ അവര്‍ മറ്റെങ്ങനെ കാണാനാണ്.

തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് ക്രിക്കറ്റ് ലോകമൊന്നാകെ അന്ത്യോപചാരം അര്‍പ്പിക്കുകയാണ്.

Content highlight: Tributes pour in for Australian spin master Shane Warne