ആ നാഷണല്‍ അവാര്‍ഡ് മാറ്റി വെച്ചേക്ക്, അത് മോഹിച്ച് ആരും വരണ്ട; അമ്പരപ്പിച്ച് തങ്കലാന്‍ ഗ്ലിംപ്‌സ്
Entertainment
ആ നാഷണല്‍ അവാര്‍ഡ് മാറ്റി വെച്ചേക്ക്, അത് മോഹിച്ച് ആരും വരണ്ട; അമ്പരപ്പിച്ച് തങ്കലാന്‍ ഗ്ലിംപ്‌സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th April 2024, 11:20 am

സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് തങ്കലാന്‍. നച്ചത്തിരം നഗര്‍ഗിരതിന് ശേഷം പാ.രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചിയാന്‍ വിക്രമാണ് നായകന്‍. 1920കളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ചിത്രത്തിലെ വിക്രമിന്റെ ഗെറ്റപ്പും, കഥാപാത്രത്തിനായി നടത്തിയ മേക്കോവറും വലിയ ചര്‍ച്ചയായിരുന്നു. ‘ഐ’ക്ക് ശേഷം ഈ സിനിമക്ക് വേണ്ടി തന്റെ ശരീരഭാരം താരം വീണ്ടും കുറച്ചിരുന്നു.

വിക്രമിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ താരത്തിനുള്ള ട്രിബ്യൂട്ട് വീഡിയോ പുറത്തുവിട്ടു. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ സംഭവങ്ങളാണ് വീഡിയോയില്‍ ഉള്ളത്. റോ ആയിട്ടുള്ള ലുക്കില്‍ താരത്തിന്റെ പ്രകടനം ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു. ചിത്രത്തിന്റെ സംഘട്ടനരംഗത്തിനിടെ വിക്രമിന്റെ വാരിയെല്ലിന് പരിക്ക് പറ്റിയത് വലിയ വാര്‍ത്തയായിരുന്നു. ടീസറിലെയും ഇന്നിറങ്ങിയ വീഡിയോയിലെയും പ്രകടനം താരത്തിന് നാഷണല്‍ അവാര്‍ഡ് നേടിക്കൊടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ചിത്രത്തില്‍ തനിക്ക് സംഭാഷണമില്ലെന്ന് വിക്രം വെളിപ്പെടുത്തിയതും വാര്‍ത്തയായിരുന്നു. ഇതിന് മുമ്പ് ബാല സംവിധാനം ചെയ്ത പിതാമകനിലും വിക്രമിന്റെ കഥാപാത്രത്തിന് സംഭാഷണമില്ലായിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് താരത്തിന് ലഭിച്ചിരുന്നു. വിക്രമിന് പുറമെ പശുപതി, പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍, ഡാനിയല്‍ കാല്‍ടാഗിറോണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

പാ.രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സും, സ്റ്റുഡിയോ ഗ്രീനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നേരത്തെ പൊങ്കല്‍ റിലീസായി അനൗണ്‍സ് ചെയ്ത ചിത്രം സാങ്കേതിക കാരണങ്ങളാല്‍ റിലീസ് മാറ്റി വെച്ചിരുന്നു. സമ്മര്‍ റിലീസായി വരുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ഇന്നിറങ്ങിയ വീഡിയോയിലും എന്ന് റിലീസാകുമെന്ന് സൂചന ഉണ്ടായിരുന്നില്ല.

Content Highlight: Tribute video for Vikram by Thangalaan team out