കോഴിക്കോട്ടെ നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, ഒരു കാലത്ത് ഇന്ത്യന്‍ ഫുട്‌ബോളിലെ വമ്പന്‍ ക്ലബുകള്‍ പോലും എന്‍ട്രിക്കായി സംഘാടകരുടെ കാല് പിടിച്ചിരുന്ന ടൂര്‍ണമെന്റ്.
നിറഞ്ഞുകവിഞ്ഞ ഗ്യാലറിക്ക് മുമ്പിലായിരുന്നു മത്സരങ്ങളെല്ലാം നടന്നിരുന്നത്. 75 വര്‍ഷത്തെ ആവേശക്കഥകള്‍ പറയാനുണ്ട് ഈ ‘തെക്കിന്റെ ഡ്യൂറണ്ടി’ന്.
ചെങ്കാസിയും മൂസയും ബാനര്‍ജി-ചുനി-ബലറാം ത്രയവും മഖന്‍, ജര്‍ണയില്‍, പര്‍മീന്ദര്‍ സിങ്ങുമാര്‍ തൊട്ട് വിജയനും സത്യനും ബൂട്ടിയയും വരെയുള്ള തലമുറ പൊരുതിയ പോര്‍നിലം.
കൊല്‍ക്കത്ത ത്രിമൂര്‍ത്തികളും സല്‍ഗോക്കാര്‍, വാസ്‌കോ ഗോവക്കാരും എം.ആര്‍.സി, എം.ഇ.ജി, ഇ.എം.ഇ, പഞ്ചാബ് പോലീസ്, ആര്‍.എസി ബിക്കാനീര്‍ തുടങ്ങിയ പട്ടാള/പോലീസ് ടീമുകളും കറാച്ചി കിക്കേഴ്‌സ് പോലെ വിദേശ ടീമുകളും ജയിച്ച ഈ ടൂര്‍ണമെന്റില്‍ ഒരേയൊരു കേരള സംഘം മാത്രമേ കപ്പുയര്‍ത്തിയിട്ടുള്ളു. അലിന്‍ഡ് കുണ്ടറ.
1967ലായിരുന്നു ആ ചരിത്ര വിജയം. ഒളിമ്പ്യന്‍ താരങ്ങള്‍ അണിനിരന്ന ആന്ധ്രാ ഇലവനെ ഫൈനലില്‍ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു മലയാളി കരുത്തര്‍ കപ്പുയര്‍ത്തിയത്.
മൊയ്തീന്‍ കുട്ടി, ചെറിയാന്‍, ഹരിദാസ് എന്നിവരായിരുന്നു സ്‌കോറര്‍മാര്‍. സെമിയില്‍ അലിന്‍ഡ് ആട്ടിയോടിച്ചത് ഇ.എ.ഇ സെക്കന്തരബാദിനെ. ശിവദാസ് നായകനായ ടീമിന്റെ ഗോള്‍ കീപ്പര്‍ ജോര്‍ജായിരുന്നു. ഇന്ദ്രപാലന്‍ നായര്‍, മാധവന്‍ നായര്‍, ഹനീഫ, രാമകൃഷ്ണന്‍, വിനയന്‍, ഗോപാലകൃഷ്ണന്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
ആ ഗോള്‍ഡന്‍ ടീമിലെ അവസാന കണ്ണിയായ കൊല്ലത്തുകാരന്‍ കെ.കെ. ഗോപാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം നിര്യാതനായി.
ഫുട്‌ബോളിന്റെ എല്ലാ മേഖലയിലും അദ്ദേഹം സാന്നിധ്യമറിയിച്ചിരുന്നു. ഇന്ത്യന്‍ താരം, ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മാനേജര്‍, കേരള സന്തോഷ് ട്രോഫി നായകന്‍, കേരള സന്തോഷ് ട്രോഫി കോച്ച്, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, ഇന്ത്യയുടെ ഇന്റര്‍നാഷണല്‍ മത്സരം നിയന്ത്രിച്ച റഫറി, കൊല്ലത്ത് നാല് ക്ലബുകള്‍ സ്ഥാപിച്ച സംഘാടകന്‍. ഫുട്‌ബോളില്‍ പറന്നും പരന്നും കളിച്ച മലയാളി കാല്‍പന്തു ലോകത്തെ ഇതിഹാസമാണ് വിടപറഞ്ഞത്.
Content Highlight: Tribute to KK Gopalakrishnan