2008ലെ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യൂ വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് ട്രിബ്യൂട്ടുമായി മേജറിന്റെ അണിയറപ്രവര്‍ത്തകര്‍. സന്ദീപിന്റെ ജീവിത കഥപറയുന്ന ചിത്രമാണ് മേജര്‍.
ഇപ്പോഴിതാ സന്ദീപ് ഉണ്ണികൃഷ്ണന്റെ 45ാം ജന്മദിനത്തിനോടനുബന്ധിച്ച് ഒരു വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് മേജര്‍ ടീം. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ജീവിതത്തിലെ ചിത്രങ്ങളും സിനിമയ്ക്കായി പുനരാവിഷ്കരിച്ച ചിത്രങ്ങളും ചേര്‍ത്താണ് സ്പെഷ്യല്‍ ട്രിബ്യൂട്ട് വീഡിയോ ഒരുക്കിയിരിക്കുന്നത്.
നടന് മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റര്ടെയ്ന്മെന്റ്സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2022 മെയ് 27 ന് ആണ് ചിത്രം റിലീസിനെത്തുന്നത്.
സന്ദീപ് ഉണ്ണികൃഷ്ണന്റെ കുട്ടിക്കാലം മുതല്‍ മുംബൈ ആക്രമണം വരെയുള്ള കാര്യങ്ങളാണ് സിനിമയില്‍ പറയുന്നത്.
അടുത്തിടെ സിനിമയുടെ പാട്ട് പുറത്ത് വന്നിരുന്നു. സാം മാത്യു എ. ഡിയുടെ വരികള്‍ക്ക് അയ്റാന്‍ പാടിയ ‘പൊന്‍ മലരേ’ എന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. പാട്ടിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.
യുവതാരമായ അദ്വി ശേഷ് ആണ് ചിത്രത്തില്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തിലേയ്ക്കുള്ള തിരിഞ്ഞ് നോട്ടമാണ് ചിത്രം.
മഹേഷ് ബാബുവിന്റെ ജി.എം.ബി എന്റര്‍ടൈന്‍മെന്റ്, എ + എസ് മൂവീസ് എന്നിവയുമായി ചേര്‍ന്ന് സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയും ചേര്‍ന്നാണ് മേജര്‍ നിര്‍മിക്കുന്നത്.
120 ദിവസമെടുത്ത് ചിത്രീകരിച്ച സിനിമയില്‍ എട്ട് സെറ്റുകളും 75 ലധികം ലൊക്കേഷനുകളും ഉപയോഗിച്ചിട്ടുണ്ട്. ഹിന്ദിക്കും തെലുങ്കിനും പുറമെ മലയാളത്തിലും മേജര്‍ റിലീസ് ചെയ്യുന്നുണ്ട്. ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നേരത്തെ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഹൈസ്കൂള്‍ പഠനകാലത്തെ കുറിച്ച് അദ്ദേഹത്തിന്റെ സഹപാഠിയായ സജീ മഞ്ജരേക്കര്‍ വിവരിക്കുന്ന വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.
2008ലെ ഭീകരാക്രമണത്തിനിടെ 14 പൗരന്മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു സന്ദീപ് ഉണ്ണികൃഷ്ണന് വെടിയേറ്റു മരിച്ചത്.
കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന് ജനിച്ചത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു.
‘ഗൂഡാചാരി’ ഫെയിം ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്ത ചിത്രം 2022 ലോകവ്യാപകമായി റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ കൊവിഡ് ഭീഷണി രൂക്ഷമായതോടെ റിലീസ് മാറ്റുകയായിരുന്നു. പി.ആര്.ഒ ആതിര ദില്‍ജിത്ത്.
content highlight: Tribute Song to Major Sandeep Unnikrishnan by team Major