ന്യൂദല്‍ഹി: ആധാറിന്റെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവിട്ട ഛത്തീസ്ഗഢ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ദ ട്രിബ്യൂണ്‍ പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ഹാരിഷ് ഖാരെ രാജിവെച്ചു. വാര്‍ത്ത പുറത്തുവിട്ടതിന്റെ പേരില്‍ മോദി സര്‍ക്കാര്‍ സമ്മര്‍ദ്ദത്തെ തുടന്നുള്ള ട്രിബ്യൂണ്‍ ഉടമകളായ ട്രസ്റ്റിന്റെ ഇടപെടലാണ് രാജിയിലേക്ക് വഴിവെച്ചതെന്ന് പത്രവുമായി അടുത്ത ബന്ധമുള്ളവരെ ഉദ്ധരിച്ച് ദ വയര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ആധാര്‍ ഡാറ്റാബേസിന്റെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയുള്ള ദ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് വന്ന് ആഴ്ചകള്‍ക്കുള്ളിലാണ് അദ്ദേഹം രാജിവെച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.
500രൂപ കൊടുത്താല്‍ ആരുടെ ആധാര്‍ വിവരങ്ങളും ലഭിക്കുമെന്നായിരുന്നു ദ ട്രിബ്യൂണ്‍ പുറത്തുവിട്ട വാര്‍ത്ത. ആധാറിനായി എന്റോള്‍ ചെയ്ത എല്ലാ വ്യക്തികളുടെയും വിവരങ്ങള്‍ ഇടനിലക്കാര്‍ക്ക് ചോര്‍ത്താന്‍ ആധാര്‍ ഡാറ്റാബേസ് അനുവദിക്കുന്നുണ്ട് എന്നായിരുന്നു ദ ട്രിബ്യൂണിന്റെ കണ്ടെത്തല്‍.
വാര്‍ത്ത വന്നതിനു പിന്നാലെ സ്വകാര്യതയ്ക്കുവേണ്ടി വാദിക്കുന്നവര്‍ ഹാരിഷ് ഖാരെയേയും അദ്ദേഹത്തിനൊപ്പമുള്ളവരേയും അഭിനന്ദിച്ച് രംഗത്തുവന്നിരുന്നു. എന്നാല്‍ വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ദ ട്രിബ്യൂണ്‍ റിപ്പോര്‍ട്ടര്‍ രചന ഖൈറ, റിപ്പോര്‍ട്ടു തയ്യാറാക്കുന്നതിന് അവരെ സഹായിച്ച അനില്‍കുമാര്‍, സുനില്‍ കുമാര്‍, രാജ് എന്നിവര്‍ക്കെതിരെയായിരുന്നു കേസ്.
Must Read: ടി.ഡി.പി ബി.ജെ.പി സഖ്യം വിട്ടു; വൈ.എസ്.ആറിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കും
ആള്‍മാറാട്ടം, വഞ്ചന, കള്ളഒപ്പിടുക, കൃത്രിമ രേഖയുണ്ടാക്കുക എന്നീ കുറ്റങ്ങളും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഐ.ടി നിയമപ്രകാരമുള്ള കുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു. ഈ സംഭവങ്ങള്‍ക്കു പിന്നാലെയാണ് ട്രിബ്യൂണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് രാജിവെച്ചിരിക്കുന്നത്.
ആധാറുമായി ബന്ധപ്പെട്ട് സ്വകാര്യത, സുരക്ഷാ വിഷയങ്ങളില്‍ സുപ്രീം കോടതിയില്‍ വാദം തുടര്‍ന്നുകൊണ്ടിരിക്കുന്നതിനിടയില്‍ വന്ന ദ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് മോദി സര്‍ക്കാറിനെ ഏറെ കുഴക്കിയിരുന്നു. വാര്‍ത്ത പുറത്തുവിട്ടതിലും ഖാരെയുടെ എഡിറ്റോറിയല്‍ നേതൃത്വത്തിലുമുള്ള മോദി സര്‍ക്കാറിന്റെ അതൃപ്തി ദ ട്രിബ്യൂണ്‍ ഉടമകളായ ട്രസ്റ്റ് അംഗങ്ങള്‍ക്കും ബോധ്യപ്പെട്ടിരുന്നെന്ന് ദ വയര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ജമ്മു ആന്റ് കശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍ വൊഹ്‌റ തലവനായ ട്രസ്റ്റാണ് ദ ട്രിബ്യൂണ്‍ ഉടമസ്ഥര്‍. 2015ല്‍ മൂന്നുവര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് ഖാരെ ട്രിബ്യൂണിന്റെ എഡിറ്റര്‍ ഇന്‍ ചീഫായി ചുമതലയേറ്റത്.
Also Watch: ഡൂള്‍ന്യൂസ് വീഡിയോ സ്‌റ്റോറി കാണാം