നിലമ്പൂരില്‍ നാല് തലമുറ പഴക്കമുള്ള ആദിവാസി ആരാധനാലയം കയ്യേറാന്‍ ശ്രമം നടത്തുന്നെന്നാരോപിച്ച് ആദിവാസികള്‍ സമരത്തില്‍. കവളമുട്ടയ്ക്ക് സമീപം പാട്ടക്കരിമ്പ് കോളനിയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന “വനദുര്‍ഗ്ഗാദേവി ക്ഷേത്രമാണ് ഭീഷണി നേരിടുന്നത്. പി.വി.ടി.ജി വിഭാഗത്തില്‍പ്പെടുന്ന കാട്ടുനായ്ക്കര്‍ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലുള്ള ക്ഷേത്രം മേഖലയിലെ കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍, പണിയര്‍ എന്നീ വിഭാഗക്കാരുടെ ആരാധനാകേന്ദ്രമാണ്.
പാട്ടക്കരിമ്പ് കോളനിക്ക് സമീപം തന്നെ സ്ഥിതി ചെയ്യുന്ന കയ്യേറ്റഭൂമിയാണെന്ന് ആരോപിക്കപ്പെടുന്ന റീഗല്‍ എസ്റ്റേറ്റിന് ഉള്ളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തോട് അനുബന്ധിച്ച് 2 ഏക്കര്‍ സ്ഥലവും ആദിവാസികള്‍ അവകാശപ്പെടുന്നുണ്ട്. നേരത്തെയുണ്ടായിരുന്ന എസ്റ്റേറ്റ് മാനേജ്മെന്റ് ക്ഷേത്രത്തിന് അനുകൂലമായിരുന്നെങ്കിലും പുതുതായി വന്നവര്‍ ക്ഷേത്രത്തിന്റെ അവകാശം ആദിവാസികളില്‍ നിന്ന് എടുത്തുകളയാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസങ്ങളില്‍ ക്ഷേത്രത്തിലേക്കുള്ള ആദിവാസികളുടെ പ്രവേശനം തടഞ്ഞതിനെ തുടര്‍ന്ന് ആദിവാസികളും എസ്റ്റേറ്റ് മാനേജ്മെന്റും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. എസ്റ്റേറ്റ് ഉടമകളുടെ പരാതിയെ തുടര്‍ന്ന് ക്ഷേത്രം ഒഴിപ്പിക്കാനെത്തിയ പൊലീസ് ആദിവാസികളോട് മുത്തങ്ങ ആവര്‍ത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണുണ്ടായത്.
അറുപതിലധികം കുടുംബങ്ങളാണ് പാട്ടക്കരിമ്പ് കോളനിയിലുള്ളത്. ഇവിടത്തെ മൂപ്പനായ ഗോപാലന്റെ നേതൃത്വത്തിലാണ് വിശ്വാസം സംരക്ഷിക്കാനും ഭൂമിക്കും വേണ്ടി നിയമപോരാട്ടമടക്കം നടത്തുന്നത്.
വര്‍ഷങ്ങളായി ക്ഷേത്രത്തിന്റെയും അത് നിലനില്‍ക്കുന്ന ഭൂമിയുടേയും ഉടമസ്ഥാവകാശം ആവശ്യപ്പെട്ടിരുന്നെങ്കിലും ആരാധനയ്ക്ക് അനുവാദം ലഭിച്ചതിനാല്‍ ക്ഷേത്രം നഷ്ടപ്പെടുമെന്ന് ആദിവാസികള്‍ കരുതിയിരുന്നില്ല. എന്നാല്‍ റീഗല്‍ എസ്റ്റേറ്റ് ഉടമയും സമീപത്തെ മറ്റൊരു സ്ഥലമുടമയും തമ്മില്‍ സ്ഥലതര്‍ക്കം ഉണ്ടായപ്പോള്‍ ക്ഷേത്രമടക്കം കുടുംബസ്വത്താണെന്ന് റീഗല്‍ ഉടമകള്‍ കാണിച്ചതാണ് പുതുതായി തര്‍ക്കം ഉടലെടുക്കാന്‍ കാരണം.
പ്രശ്നമുണ്ടായതിന് ശേഷം ആദിവാസികളെ നിരീക്ഷിക്കുന്നതിനായി ക്ഷേത്രമുഖത്തേക്ക് സി.സി.ടി.വി അടക്കം സ്ഥാപിക്കുകയാണ് എസ്റ്റേറ്റ് ഉടമകള്‍ ചെയ്തത്. ഇത് തങ്ങളുടെ സ്വകാര്യതയുടെ ലംഘനമാണെന്ന് ആദിവാസികള്‍ പറയുന്നു.
ക്ഷേത്രവും ഭൂമിയും തിരിച്ചുകിട്ടാന്‍ റീസര്‍വ്വെ നടത്തിയാല്‍ മതിയെന്നും എന്നാല്‍ തങ്ങളുടെ കൂട്ടായ്മയെ തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പാട്ടക്കരിമ്പിലെ മൂപ്പനായ ഗോപാലന്‍ പറയുന്നു. എസ്റ്റേറ്റ് ഉള്‍പ്പടെ കയ്യേറ്റഭൂമിയാണെന്നും ക്ഷേത്രം സ്ഥിതി ചെയ്യുന്ന രണ്ടേക്കര്‍ അടുത്ത കാലത്ത് മാത്രമാണ് രജിസ്റ്റര്‍ ചെയ്തതെന്നും പിന്നീട് വരുമാനം കൂടിയതനിനനുസരിച്ച് ഞങ്ങളുടെ ആളുകളെ പിന്തള്ളുകയാണ് ഉണ്ടായതെന്നും ഗോപാലന്‍ പറയുന്നു.
63 കുടുംബങ്ങളാണ് പാട്ടക്കരിമ്പ് കോളനിയിലുള്ളത്. ഇതിന് പുറമെ സമീപത്തുള്ള മുണ്ടക്കടവ്, മാഞ്ചീരി ഉച്ചക്കുളം, പുഞ്ചക്കൊല്ലി തുടങ്ങിയ നിരവധി സ്ഥലങ്ങളിലുള്ള ആദിവാസികളടക്കം ക്ഷേത്രത്തിന്റെ അവകാശികളാണെന്ന് ഗോപാലന്‍ പറയുന്നു.
അമ്പലത്തിന് വേണ്ടി ഇടപെട്ടാല്‍ പൊലീസ് കേസടക്കം വന്നാല്‍ കസ്റ്റഡിയിലെടുക്കും, കള്ളക്കേസെടുക്കും എന്നിങ്ങനെയുള്ള കാര്യങ്ങളാണ് കോളനിയില്‍ പ്രചരിപ്പിക്കുന്നതെന്ന് ഗോപാലന്‍ പറയുന്നു. തന്റെ അനിയന് കാറുണ്ടെന്നും അന്‍വര്‍ എം.എല്‍.എയുമായി ബന്ധമുണ്ടെന്നും പ്രചരിപ്പിക്കുകയാണ്. പക്ഷെ മറ്റുള്ളവരുടെ പിന്തുണയുണ്ടായിരുന്നെങ്കില്‍ തങ്ങള്‍ക്ക് ഈ ക്ഷേത്രം എന്നേ നേടാമായിരുന്നെന്നും എസ്റ്റേറ്റിനുള്ളില്‍ ക്ഷേത്രം എങ്ങനെ വന്നെന്ന കാര്യം ആരോപണം ഉന്നയിക്കുന്നവര്‍ എന്തുകൊണ്ട് പറയുന്നില്ലെന്നും ഗോപാലന്‍ ചോദിക്കുന്നു.
ക്ഷേത്രം ഒഴിപ്പിക്കാനെത്തിയ പൊലീസ് അവിടെയുണ്ടായിരുന്ന ഗോപാലന്റെ ഭാര്യ വിനോദിനിയെ ഭീഷണിപ്പെടുത്തിയതിന്റെ വാര്‍ത്തകള്‍ വന്നിരുന്നു. മുത്തങ്ങ ആവര്‍ത്തിക്കുമെന്നാണ് നിലമ്പൂര്‍ എസ്.ഐ വിനോദിനിയെ പറഞ്ഞു പേടിപ്പിച്ചത്.
എസ്.ഐയുടെ ഭീഷണിയെ കുറിച്ച് വിനോദിനി വിവരിക്കുന്നതിങ്ങനെ
പൊലീസ് ആദ്യം ക്ഷേത്രത്തിനടുത്തുള്ള ഷെഡിലേക്ക് നേരെ കയറിവരികയാണ് ഉണ്ടായത്. ഷെഡില്‍ ഡ്രസ് കണ്ടപ്പോള്‍ ഇതെന്താണ് പരിപാടിയെന്ന് ചോദിച്ചു. ഇതൊന്നും ഇവിടെ പറ്റില്ല. ഇപ്പോള്‍ തന്നെ ഇവിടെ നിന്ന് ഇറങ്ങിക്കൊള്ളണം. എന്നാണ് പറഞ്ഞത്. ഇതുവരെ ഒരു മനുഷ്യനും എന്നെ ചീത്ത വിളിച്ചിട്ടില്ല. എസ്.ഐ സാര്‍ അല്ലാതെ.
നിന്റെ ഭര്‍ത്താവ് മദ്യപിച്ച് നടക്കുന്നയാളല്ലേ. വൈകുന്നേരത്തിനുള്ളില്‍ പോയില്ലെങ്കില്‍ ക്രിമിനല്‍ കേസെടുക്കും. എന്നെ വനിതാ പൊലീസിനെ കൊണ്ട് മക്കളുടെ മുന്നിലിട്ട് വലിച്ചിഴച്ച് കൊണ്ടുപോകും. നിങ്ങള്‍ അയ്യായിരവും പതിനായിരവും വാങ്ങിയിട്ടാണ് ഈ ഷെഡില്‍ വന്ന് താമസിക്കുന്നത്. നിങ്ങളുടെ പിന്നില്‍ ആരൊക്കെയോ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നൊക്കെയാണ് പറഞ്ഞത്.
ഭൂമി തട്ടിയെടുക്കാനുള്ള ആദിവാസികളുടെ തന്ത്രമെന്ന ആരോപണം
ആദിവാസി മൂപ്പനായ ഗോപാലനും കുടുംബത്തിനും ഭൂമി ലഭിയ്ക്കുന്നതിന് ആദിവാസികളെ കരുവാക്കുകയാണെന്നാണ് പ്രധാന ആരോപണം. എന്നാല്‍ ക്ഷേത്രം തങ്ങളുടെ പേരില്‍ വേണ്ടെന്ന മറുപടിയാണ് ഇതിന് ഗോപാലന്‍ നല്‍കുന്നത്.
വ്യക്തികളുടേ പേരില്‍ ഭൂമി വേണ്ട. അമ്പലത്തിന്റെ സ്ഥലം അമ്പലത്തിന്റെ പേരില്‍ വരേണ്ടതുണ്ട്. ഞങ്ങള്‍ക്കായി ഭൂമി വേണ്ട. കുടുംബത്തിന്റെ പേരിലും വേണ്ട. ഒരു കമ്മിറ്റിയുണ്ടാക്കി അതിന്റെ പേരില്‍ മതി. ആളുകളെ പറഞ്ഞ് ധരിപ്പിക്കുന്നത് ഞങ്ങളുടെ കുടുംബത്തിന് വേണ്ടിയാണ് ഈ സമരം നടത്തുന്നതെന്നാണ്.
എസ്റ്റേറ്റിനകത്ത് തന്നെ ക്ഷേത്രത്തിന് സമീപത്തായി പൂര്‍വ്വികരുടെ കുഴിമാടങ്ങള്‍ ജെ.സി.ബി വെച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മാന്തിയെടുത്തതായി ഗോപാലന്‍ പറയുന്നു.
“”അമ്പലത്തിന് ചുറ്റും ജീവിച്ചവരുടെ കുഴിമാടം വരെ മാന്തിച്ചിട്ടുണ്ട്. ക്ഷേത്രത്തിന് സമീപത്ത് നിര്‍മിച്ചിരിക്കുന്ന കാട്ട (building) ഇതിന്റെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഏഴോളം കുഴിമാടങ്ങളാണ് ഉള്ളത്.”” ഗോപാലന്‍ പറയുന്നു.
“ഇനി എത്ര സ്ഥലമാണെങ്കിലും ഞങ്ങള്‍ക്ക് വേണ്ട. ഈ പരാതി കൊടുത്തത് ഇന്നും ഇന്നലെയുമല്ല. സ്വാധീനമില്ലാത്തതിന്റെ പേരിലാണ് ഇത്രയും വൈകാന്‍ കാരണം. അമ്പലത്തിന്റെ ഭൂമിയില്‍ സ്ഥിരതാമസമാക്കാന്‍ കാരണം ഈ അമ്പലം മുതലാളിമാര്‍ പൊളിക്കുകയോ അന്യാധീനപ്പെടുമോയെന്നടക്കമുള്ള ഭയമാണ്. ഇനിയും അമ്പലത്തിന് കേടുപാടുകള്‍ സംഭവിച്ചാല്‍ കുലം നശിച്ചുപോകുമോയെന്നാണ് ഭയം. അതുകൊണ്ടാണ് കുട്ടികളുടെ പഠനം അടക്കം ഉപേക്ഷിച്ച് ഇവിടെ വന്നു നില്‍ക്കുന്നത്.” ഗോപാലന്‍ പറയുന്നു.
അമ്പലത്തിന് നാട്ടിലെ എല്ലാ മതസ്ഥരുടെയും പിന്തുണയുണ്ട്. പട്ടികജാതിപട്ടിക വകുപ്പ് സംഘടനകളോടക്കം ബന്ധപ്പെട്ടതിന് ശേഷമാണ് കേസുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. കിര്‍ത്താഡ്‌സ് ഉള്‍പ്പടെയുള്ള പല സ്ഥാപനങ്ങളിലും ക്ലാസുകളില്‍ പങ്കെടുത്തതിന് ശേഷമാണ് ഞങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നശിക്കുകയാണെന്ന് മനസിലാക്കാന്‍ സഹായിച്ചത്. ഈ അമ്പലം കൂടെ നഷ്ടപ്പെട്ടാല്‍ ആചാരങ്ങള്‍ പൂര്‍ണ്ണമായും കൈവിടുമെന്ന് ഭയമുണ്ടെന്നും ഗോപാലന്‍ പറയുന്നു.
എസ്റ്റേറ്റിനുള്ളില്‍ അമ്പലം മാത്രമാണ് തങ്ങള്‍ക്കുള്ളത്. കുടുംബക്ഷേത്രമാക്കിയില്‍ അവര്‍ക്കെന്തും ചെയ്യാം. തലമുറ കഴിയുന്നതിനനുസരിച്ച് ക്ഷേത്രത്തിന്റെ സ്വാധീനം കുറഞ്ഞു വരികയാണ്. ഇതിനിടയിലാണ് ഭീഷണി നേരിടുന്നതെന്നും ഗോപാലന്‍ പറയുന്നു.
ക്ഷേത്രത്തിന്റെ പഴക്കം തെളിയിക്കാനായി രേഖകളൊന്നും ഇല്ലാത്തതിനാല്‍ തങ്ങള്‍ പൂജിക്കുന്ന രൂപങ്ങളുടെയടക്കം കാലപ്പഴക്കം മാത്രമാണ് തെളിവായി ഇവര്‍ക്ക് പറയാനുള്ളത്.
ക്ഷേത്രത്തിന്റെ പഴക്കം സംബന്ധിച്ച് ഗോപാലന്റെ അമ്മ ചാത്തി പറയുന്നതിങ്ങനെ
“കോമരത്തിന് എടുക്കുന്ന വാളാണിത്. ഇതൊക്കെ പണ്ട് മുതലേ പൂജ ചെയ്തിരുന്നതാണ്. ഇതിന്റെ രൂപം കണ്ടാല്‍ നിങ്ങള്‍ക്ക് മനസിലാവില്ലേ. ഇതെല്ലാം നഷ്ടപ്പെടുമെന്ന ഭയമുണ്ട്. ഇതൊന്നും എങ്ങനെ കിട്ടിയെന്ന് പറയാന്‍ പറ്റില്ല. പുഴയില്‍ നിന്നടക്കം കിട്ടിയതാണ്. തലമുറ തലമുറയായി സൂക്ഷിച്ചുപോരുന്നതാണ്. കുറേയേറെ നശിച്ചുപോയിട്ടുണ്ട്. ഇതൊന്നും ഞങ്ങള്‍ ഉണ്ടാക്കിയതല്ലല്ലോ ?”
ആദിവാസികളുടെ പരമ്പരാഗത വിശ്വാസം തകര്‍ക്കാന്‍ ശ്രമിക്കുന്നു
ആനയുടെ രൂപം, മനുഷ്യരുടെ രൂപം, പട്ടികളുടെ രൂപം, സ്ത്രീകള്‍ കുഞ്ഞുങ്ങളെ എടുത്തിരിക്കുന്നത്. കുടമണി തുടങ്ങിയവയെല്ലാമാണ് വട്ടിയിലായി ആദിവാസികള്‍ ആരാധിക്കുന്നത്.
പുറമെ ക്ഷേത്രങ്ങളില്‍ പോകാറുണ്ടെങ്കിലും തങ്ങളുടേതായ ക്ഷേത്രം ഇതാണെന്നും ഉടസ്ഥാവകാശം നിഷേധിക്കുന്നതിനോടൊപ്പം തങ്ങളുടെ വിശ്വാസം നശിപ്പിക്കാന്‍ ശ്രമം നടക്കുന്നതായും ആദിവാസികള്‍ ആരോപിക്കുന്നു. ക്ഷേത്രത്തില്‍ നമ്പൂതിരിമാരെ കൊണ്ടുവന്ന് താംബൂല പ്രശ്‌നമടക്കം നടത്തിയതായി ആദിവാസികള്‍ പറയുന്നു. ഇത് തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് എതിരാണെന്ന് ആദിവാസികള്‍ കരുതുന്നു.
ക്ഷേത്രത്തിനകത്ത് പരമ്പരാഗത ദൈവങ്ങളെയും ആദിവാസികള്‍ ആരാധിക്കുന്നുണ്ട്. സ്വന്തം ഇഷ്ടപ്രകാരം എസ്റ്റേറ്റ് ഉടമകള്‍ താംബൂല പ്രശ്നം നടത്തി പുതുക്കി പണിതതിന് ശേഷം ക്ഷേത്രത്തിനകത്തെ പല രൂപങ്ങളും കാണാതായെന്ന് ആദിവാസികള്‍ പറയുന്നു.
അമ്പലം പുതുക്കി പണിതത് തങ്ങളുടെ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമെതിരാണെന്ന വിശ്വാസം ഉള്ളതിനാല്‍ കോളനിയില്‍ ദുര്‍മരണങ്ങള്‍ ഉണ്ടായെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഗോപാലന്റെ പിതാവും സഹോദരീ പുത്രിയും മരണപ്പെട്ടത് അമ്പലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൊണ്ടാണെന്നാണ് ആദിവാസികള്‍ പറയുന്നത്. വിശ്വാസം തള്ളിക്കളഞ്ഞ് തങ്ങള്‍ക്ക് വനത്തില്‍ പോകാന്‍ കഴിയില്ലെന്നും വനദൈവങ്ങള്‍ കോപിച്ചാല്‍ വനവിഭവങ്ങള്‍ ഇല്ലാതാകുമെന്നും ഇവര്‍ വിശ്വസിക്കുന്നു.
നിലമ്പൂരില്‍ ആദിവാസികള്‍ എവിടെയെല്ലാം ഉണ്ടോ അവര്‍ക്കെല്ലാം ഉള്ളതാണ് ഈ അമ്പലമെന്ന് ആദിവാസികള്‍ പറയുന്നു. പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടപ്പോള്‍ നിങ്ങള്‍ അമ്പലം പൊളിച്ചുകൊണ്ടു പോയ്‌ക്കൊള്ളൂ, എവിടെയെങ്കിലും കൊണ്ടുപോയി കുടിയിരുത്തിക്കൊള്ളൂ എന്നാണ് പറഞ്ഞതെന്ന് ഇവര്‍ പറയുന്നു.
രണ്ടര ഏക്കറോളം ക്ഷേത്രവുമായി ബന്ധപ്പെട്ട് ഭൂമി ഇവിടെയുണ്ടെന്നാണ് ചാത്തി പറയുന്നത്. ചോല നായ്ക്കര്‍ വിഭാഗക്കാര്‍ ഉള്‍പ്പടെ പുഞ്ചക്കൊല്ലി, മുണ്ടക്കടവ് കോളനി, നെടുങ്കയം, കുപ്പമല, മാഞ്ചീരി, അച്ചനാള എന്നിവിടങ്ങളില്‍ നിന്നുള്ളവരെല്ലാം ഇവിടെ പ്രാര്‍ത്ഥിക്കാനെത്തുന്നുണ്ട്. കര്‍ക്കടക വാവിനും മണ്ഡലകാലത്ത് ഒന്നാം തിയ്യതിയും പന്ത്രണ്ടാം തിയ്യതിയും നാല്‍പതാം തിയ്യതിയും പൂജ നടക്കാറുണ്ടെന്നും ഇവര്‍ പറയുന്നു.
റീസര്‍വ്വെ നടന്നാല്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ മുഖ്യമന്ത്രി, എസ്.പി, ഐ.ടി.ഡി.പി, ട്രൈബല്‍ ഓഫീസ്, ഫോറസ്റ്റ് വകുപ്പ്, നിലമ്പൂര്‍ സി.ഐ എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയിരിക്കുകയാണ് തങ്ങളെന്നും ഇവര്‍ പറയുന്നു.