കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി നിലനിര്‍ത്തിയ താരങ്ങളെ പ്രഖ്യാപിച്ച് ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സ്. കരീബിയന്‍ കരുത്തരെ വിടാതെ ഒപ്പം കൂട്ടിയാണ് നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ സ്‌ക്വാഡിന് അടിത്തറയൊരുക്കിയിരിക്കുന്നത്.
കഴിഞ്ഞ സീസണില്‍ ടീമിനായി കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതെ പോയ പൊള്ളാര്‍ഡിനെയടക്കം ആറ് താരങ്ങളെയാണ് നൈറ്റ് റൈഡേഴ്‌സ് നിലനിര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണിലെ പത്ത് മത്സരത്തില്‍ നിന്നും 132 റണ്‍സ് മാത്രമാണ് പൊള്ളാര്‍ഡിന് നേടാന്‍ സാധിച്ചത്.
ബ്രൂട്ടല്‍ ഹാര്‍ഡ് ഹിറ്റര്‍ ആന്ദ്രേ റസലും സൂപ്പര്‍ താരം നിക്കോളാസ് പൂരനുമാണ് ടീം നിലനിര്‍ത്തിയ മറ്റ് പ്രധാന താരങ്ങള്‍. ഇവര്‍ക്ക് പുറമെ സുനില്‍ നരെയ്ന്‍, അകീല്‍ ഹൊസൈന്‍, ജേയ്ഡന്‍ സീല്‍സ് എന്നിവരെയാണ് ടീം നിലനിര്‍ത്തിയിരിക്കുന്നത്.
വരാനിരിക്കുന്ന താരലേലത്തില്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയെ സ്വന്തമാക്കാന്‍ നൈറ്റ് റൈഡേഴ്‌സിന് പദ്ധതിയുണ്ടെന്നാണ് ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. അങ്ങനെയെങ്കില്‍ കടലാസില്‍ കരുത്തരായ നൈറ്റ് റൈഡേഴ്‌സ് ഒന്നുകൂടി കരുത്തരാകും.
തങ്ങളുടെ കരീബിയന്‍ കരുത്തരെ നിലനിര്‍ത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നായിരുന്നു നൈറ്റ് റൈഡേഴ്‌സ് കോച്ച് ഫില്‍ സിമ്മണ്‍സിമന്റെ പ്രതികണം.
‘കഴിഞ്ഞ വര്‍ഷത്തെ സ്‌ക്വാഡില്‍ നിന്നും ഞങ്ങളുടെ മികച്ച കരീബിയന്‍ താരങ്ങളെ നിലനിര്‍ത്താന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് ഒരുപാടൊരുപാട് സന്തോഷമുണ്ട്. പൊള്ളാര്‍ഡിന്റെയും നിക്കോളാസ് പൂരന്റെയും ആന്ദ്രേ റസലിന്റെയും അനുഭവ സമ്പത്തും ബ്രാവോയുടെ തിരിച്ചുവരും ടീമിന് ശക്തമായ ഒരു കോര്‍ സമ്മാനിക്കും,’ സിമ്മണ്‍സ് പറഞ്ഞു.
‘ട്രിനിഡാഡില്‍ നിന്നുള്ള യുവതാരങ്ങളായ അകീല്‍ ഹൊസൈനും ജെയ്ഡന്‍ സീല്‍സും മാര്‍ക് ഡെയ്‌ലുമടക്കം യുവതാരങ്ങളും ടീമിനൊപ്പമുണ്ട്. ഇനി ഇന്റര്‍നാഷണല്‍ സൈനിങ്ങിലേക്കാണ് ഞങ്ങള്‍ ശ്രദ്ധ ചെലുത്തുന്നത്. വരാനിരിക്കുന്ന ഡ്രാഫ്റ്റില്‍ ഞാന്‍ ഏറെ ആവേശഭരിതനാണ്. മികച്ച താരങ്ങളെ ടീമിലെത്തിച്ച് സ്‌ക്വാഡ് പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗസ്റ്റ് 17നാണ് സി.പി.എല്‍ 2023ന് തുടക്കമാകുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ ജമൈക്ക താലവാസും സെന്റ് ലൂസിയ കിങ്സുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക. ആഗസ്റ്റ് 19നാണ് നൈറ്റ് റൈഡേഴ്‌സിന്റെ ആദ്യ മത്സരം. സെന്റ് കീറ്റ്‌സ് നെവിസ് ആന്‍ഡ് പേട്രിയറ്റ്‌സാണ് എതിരാളികള്‍.
സി.പി.എല്‍ 2023 ടീമുകള്‍
ജമൈക്ക താലവാസ്, സെന്റ് ലൂസിയ കിങ്സ്, ബാര്‍ബഡോസ് റോയല്‍സ്, സെന്റ് കീത്സ് ആന്‍ഡ് നെവിസ് പേട്രിയറ്റ്സ്, ട്രിബാംഗോ നൈറ്റ് റൈഡേഴ്സ്, ആമസോണ്‍ ഗയാന വാറിയേഴ്സ്.
Content highlight: Tribango Knight Riders announce their retention list ahead of CPL 2023