തിരുവനന്തപുരം: കേരളീയം പരിപാടിയിൽ ആദിവാസികളെ പ്രദർശന വസ്തുവാക്കി എന്ന പ്രചാരണം തെറ്റാണെന്നും ഗോത്ര വിഭാഗങ്ങൾ അവരുടെ അനുഷ്ഠാനകലകൾ അവതരിപ്പിക്കുന്നതിൽ എന്താണ് തെറ്റ് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
പളിയനൃത്തം ചെയ്ത കലാകാരന്മാർ വിശ്രമിക്കുന്ന വേളയിൽ എടുത്ത ചിത്രമാണ് പ്രദർശന വസ്തു എന്ന രീതിയിൽ പ്രചരിപ്പിച്ചതെന്ന് വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
‘നാടോടി, ഗോത്ര കലാകാരന്മാർക്ക് അവരുടെ കലാരൂപം അവതരിപ്പിക്കാനുള്ള വേദിയാണ് കേരളീയം പരിപാടിയുടെ ഭാഗമായി ഒരുക്കിയ ആദിമം എന്ന പരിപാടി.
പന്തക്കാളി, കളവും പുള്ളുവൻ പാട്ടും, പടയണി, തെയ്യം, മുടിയേറ്റ്, പൂതനും തറയും എന്നിങ്ങനെയുള്ള കലാരൂപങ്ങൾക്കൊപ്പമാണ് പളിയനൃത്തവും അവതരിപ്പിച്ചത്.
ഇടുക്കിയിലെ പളിയർ എന്ന ആദിവാസി വിഭാഗത്തിന്റെ പാരമ്പര്യ നൃത്തരൂപമാണ് ഇത്. ഊരുമൂപ്പന്മാരെ സന്ദർശിച്ച് നിർമാണരീതി നേരിട്ട് മനസിലാക്കി അവരുടെ മേൽനോട്ടത്തിലാണ് ഈ പരമ്പരാഗത കുടിലുകൾ സ്ഥാപിച്ചത്.
ഈ കുടിലുകളുടെ മുൻപിൽ ഗോത്ര വിഭാഗങ്ങൾ അവരുടെ പൂർവികർ അവതരിപ്പിച്ച മാതൃകയിൽ അനുഷ്ഠാനകല അവതരിപ്പിക്കുകയാണ് ചെയ്തത്. അതിലെന്താണ് തെറ്റ്?
അന്നത്തെ കല എങ്ങനെയാണ്, വേഷവിധാനങ്ങൾ എങ്ങനെയാണ് എന്നതിനെ അടിസ്ഥാനമാക്കിയാണല്ലോ ഒരു കല അവതരിപ്പിക്കുക. അതാണ് ഇവിടെ സംഭവിച്ചത്. അതിൽ ഒരു തെറ്റുമില്ല.
കഥകളി, ഓട്ടൻ തുള്ളൽ, തിരുവാതിരക്കളി എല്ലാം പോലെയുള്ള കലാരൂപമാണ് പളിയനൃത്തവും. ആ കലാരൂപത്തിന്റെ ഭാഗമായി പരമ്പരാഗത വേഷവിധാനങ്ങളോടെ കുടിലുകൾക്ക് മുന്നിലിരുന്ന ആ കലാകാരന്മാരെ പ്രദർശന വസ്തുക്കളാക്കി എന്ന പ്രചരണം ശരിയായ ഉദ്ദേശത്തോടെ നടത്തിയ ഒന്നല്ല.
തങ്ങളുടെ കലാപ്രകടനം ഒരുപാട് പേർ വന്ന് കണ്ടതിൽ അവർ സന്തോഷവും പ്രകടിപ്പിച്ചു. കലാപ്രകടനത്തിനുശേഷം അതിനായി തയ്യാറാക്കിയ പരമ്പരാഗത കുടിലിന് മുൻപിൽ അവർ വിശ്രമിക്കുമ്പോഴുള്ള ചിത്രമാണ് പ്രദർശന വസ്തു എന്ന പേരിൽ പ്രചരിപ്പിച്ചത്.
ആദിവാസികളെ ഷോകേസ് ചെയ്തു എന്ന പ്രചരണം തീർത്തും തെറ്റായ കാര്യമാണ്. ആദിമ മനുഷ്യരുടെ ജീവിതം എങ്ങനെയായിരുന്നു എന്ന് ലോകത്തിന് മുൻപിൽ അവതരിപ്പിക്കപ്പെടുന്നത് പുതിയ കാര്യമല്ല. എല്ലായിടങ്ങളിലും അത് സംഭവിച്ചിട്ടുണ്ട് നമ്മുടെ നാട്ടിലും അത് സംഭവിക്കാറുണ്ട്.
ലോകത്ത് എല്ലായിടത്തും ആദിമ മനുഷ്യരുടെ ജീവിതരീതിയും അവരുടെ ആചാര അനുഷ്ഠാനങ്ങളും പരിചയപ്പെടുത്തുന്നത് നാം കാണാറില്ലേ?
റിപബ്ലിക് പരേഡിൽ ഉൾപ്പെടെ ആദിവാസികൾ അടക്കമുള്ള ജനസമൂഹത്തിന്റെ ജീവിത ശൈലി അവതരിപ്പിക്കാറുണ്ട്, ജനശ്രദ്ധ നേടാറുമുണ്ട്.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടത്തിയ ഗദ്ദിക പരിപാടിയിൽ ആദിവാസികളുടെ ജീവിതം അവതരിപ്പിച്ചപ്പോൾ വലിയ ജനപിന്തുണ ലഭിച്ചിരുന്നു. അതിൽ അവതരിപ്പിച്ചതിൽ കൂടുതലൊന്നും കേരളീയത്തിൽ ഉണ്ടായിട്ടില്ല’ മുഖ്യമന്ത്രി പറഞ്ഞു.
കേരളീയം വലിയ ജനശ്രദ്ധ നേടിയതിനാൽ ശോഭ കെടുത്താനുള്ള ശ്രമങ്ങൾ മാത്രമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Content Highlight: Tribals not Showcased; Pinarayi Vijayan against Keraleeyam controversy on show casing adivasis