വയനാട്: പടിഞ്ഞാറത്തറയില്‍ മാവോയിസ്റ്റുകള്‍ക്കെതിരായ ഏറ്റുമുട്ടലില്‍ പൊലീസ് വാദം തള്ളി ആദിവാസികള്‍. ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന വാദം തെറ്റാണെന്നാണ് ആദിവാസികള്‍ പറയുന്നത്.
രാവിലെ ഏഴുമണിയോടെ തന്നെ തുടരെയുള്ള വെടിയൊച്ചകള്‍ കാട്ടില്‍ കേട്ടിരുന്നതായി കോളനിവാസികള്‍ പറയുന്നതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏറ്റുമുട്ടലില്‍ തമിഴ്‌നാട് സ്വദേശിയായ വേല്‍മുരുകനാണ് കൊല്ലപ്പെട്ടത്. ഇത് ചൂണ്ടിക്കാട്ടി മാവോയിസ്റ്റുകള്‍ ഇവിടെ ക്യാംപ് ചെയ്തിരുന്നില്ലെന്നും മറ്റൊരു സ്ഥലത്തേക്ക് നീങ്ങുമ്പോള്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ മുന്നില്‍പെടുകയായിരുന്നുവെന്നും ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലി വിശദീകരിച്ചു.
നവംബര്‍ മൂന്നിനായിരുന്നു മാവോയിസ്റ്റുകള്‍ക്കെതിരെ പൊലീസിന്റെ ഏറ്റുമുട്ടല്‍. ഒന്‍പത് മണിയോടെ ആദ്യം മാവോയിസ്റ്റ് സംഘമാണ് വെടിവെച്ചതെന്നും തിരിച്ചുള്ള വെടിവെയ്പ്പിലാണ് വേല്‍മുരുകന്‍ കൊല്ലപ്പെട്ടതെന്നുമാണ് എസ്. പി പറഞ്ഞത്. മാനന്തവാടി എസ്.ഐ ബിജു ആന്റണിയ്ക്കും തണ്ടര്‍ബോള്‍ട്ട് അംഗങ്ങള്‍ക്കും നേരെയാണ് മാവോയിസ്റ്റ് സംഘം വെടിയുതിര്‍ത്തതെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു.
മഞ്ചക്കണ്ടി ഏറ്റുമുട്ടല്‍ കൊല നടന്ന വാര്‍ഷികത്തില്‍ മാവോയിസ്റ്റുകള്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും പൊലീസ് നേരത്തെ പറഞ്ഞിരുന്നു. വനം വകുപ്പ് ഓഫീസ്, പൊലീസ് സ്റ്റേഷന്‍ എന്നിവ ആക്രമിക്കാന്‍ പദ്ധതിയിട്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായതെന്നും പൊലീസ് പറഞ്ഞിരുന്നു.
അതേസമയം ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് കാണിച്ച് പ്രതിപക്ഷ കക്ഷികളടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് വെടിയൊച്ച കേട്ടത് സംബന്ധിച്ച കാര്യത്തിലും തര്‍ക്കമുണ്ടാവുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക