'ഞങ്ങളുടെ ആദിവാസി അമ്മമാരാണ് ചെയ്തത്'; ശബരിമല ആക്രമണങ്ങളെ ആദിവാസികളുടെ തലയിലിട്ട് രാഹുല്‍ ഈശ്വറും
Sabarimala women entry
'ഞങ്ങളുടെ ആദിവാസി അമ്മമാരാണ് ചെയ്തത്'; ശബരിമല ആക്രമണങ്ങളെ ആദിവാസികളുടെ തലയിലിട്ട് രാഹുല്‍ ഈശ്വറും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th October 2018, 11:01 pm

കോഴിക്കോട്: ശബരിമലയിലെ ആക്രമണ സംഭവങ്ങളുടെ ഉത്തരവാദിത്വം ആദിവാസികളുടെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കവുമായി സമരക്കാര്‍. പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നവരുടെ പ്രതികരണങ്ങളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ആക്രമണമുണ്ടാക്കുന്നത് പഠിപ്പില്ലാത്ത മലയര ആദിവാസികളാണെന്നുള്ള അയ്യപ്പ ധര്‍മ്മ സേന നേതാവിന്റെ ചാനല്‍ ചര്‍ച്ച നേരത്തെ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ രാഹുല്‍ ഈശ്വറും ഇത്തരത്തില്‍ നടത്തിയ പ്രസ്താവന ചര്‍ച്ചയാവുകയാണ്.

കൈരളി പീപ്പിളില്‍ ഇന്ന് രാഹുല്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിന്റെ മുമ്പ് നടന്ന ചര്‍ച്ചയിലാണ് സംഘര്‍ഷത്തിന് പിന്നില്‍ ആദിവാസികളാണെന്ന തരത്തില്‍ രാഹുല്‍ സംസാരിച്ചത്.

മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.. സ്ത്രീകളെ കയ്യേറ്റം ചെയ്യുക, ബസില്‍ നിന്ന് വലിച്ചിറക്കുക, അവരെ ശാരീരികമായി ഉപദ്രവിക്കുക, അവരെ കേട്ടാലറയ്ക്കുന്ന തെറിവിളിക്കുക, ശരണംവിളിക്ക് പകരം തെറിവിളിക്കുന്ന ഏത് വിശ്വാസിയാണ് ഇരുമുടിക്കെട്ടുമായി വരുന്ന വിശ്വാസിയെ തടയാന്‍ അര്‍ഹനായിട്ടുള്ളത് ?

രാഹുല്‍.. കറക്ടാണ്. ഇതിന് ഒരിഞ്ച് പോലും വ്യത്യാസമില്ല. ഇന്നലെ ഞങ്ങളുടെ ആദിവാസി അമ്മമാരാണ് ചെയ്തത്. അവരൊന്നും ഒരു സംഘടനയോ പാര്‍ട്ടിയോ അല്ല. മനസിലെ അയ്യപ്പ വിശ്വാസംകാരണം ചെയ്യുന്നതാണ്…

ദേശീയ ചാനലായ മിറര്‍ നൗവില്‍ നടന്ന ചര്‍ച്ചയില്‍ സംഘര്‍ഷത്തിന് പിന്നില്‍ പഠിപ്പില്ലാത്ത മലയര ആദിവാസികളാണെന്നാണ് അയ്യപ്പ ധര്‍മ്മ സേനാ നേതാവായ പ്രശാന്ത് ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചിരുന്നത്.

“പ്രക്ഷോഭം നടത്തുന്നവരില്‍ എന്നെപ്പോലെയും നിങ്ങളെപ്പോലെയും വിദ്യാസമ്പന്നരല്ലാത്ത മലയരയ ആദിവാസികളുണ്ട്. രക്ത തിളപ്പാണ് ഇവര്‍ക്ക്” എന്നാണ്പ്രശാന്ത് ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നത്.

ശബരിമല സമരത്തിനായി വി.എച്ച്.പി-ബി.ജെ.പി നേതാക്കള്‍ തങ്ങളുടെ സ്ത്രീകളെ തട്ടിക്കൊണ്ട് പോയെന്ന് മലംപണ്ടാരം വിഭാഗം സംഘടനയുടെ സെക്രട്ടറി സതീഷ് അഴിമുഖം വെബ്പോര്‍ട്ടലിനോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വി.എച്ച്.പിയും ബിജെപി പ്രവര്‍ത്തകരും ഞങ്ങടെ കോളനിയില്‍ എത്തി കൂട്ടിക്കൊണ്ടുപോയതാണ് ഈ സ്ത്രീകളെ… ഇപ്പം കേസ് വന്നപ്പോള്‍ ആരും ഇല്ല. ഇതനുവദിക്കില്ല. ആദിവാസികളെ വച്ച് മുതലെടുക്കാന്‍ സമ്മതിക്കില്ല””, എന്നും സതീഷ് പ്രതികരിച്ചിരുന്നു.

ആത്മഹത്യ ഭീഷണി മുഴക്കിയ ആദിവാസി വിഭാഗത്തില്‍പ്പെട്ട നിലയ്ക്കല്‍ സ്വദേശി രത്നമ്മയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇപ്പോള്‍ ശബരിമല സമരത്തില്‍ ആദിവാസികളെ സംഘപരിവാര്‍ കവചമാക്കുന്നുവെന്നതിന്റെ സൂചനകളാണ് സമരാനുകൂലികളായ ഈ നേതാക്കള്‍ ചാനലില്‍ സംസാരിച്ചതില്‍ നിന്നും വ്യക്തമാവുന്നത്.

ശബരിമലയില്‍ ആക്രമണം നടത്തുന്നവര്‍ പഠിപ്പില്ലാത്ത മലയരയ ആദിവാസികള്‍; സംഘര്‍ഷത്തിന്റെ ഉത്തരവാദിത്വം ആദിവാസികളുടെ തലയില്‍കെട്ടിവെച്ച് സമരനേതാവ്