ഉന്തിയ പല്ല് അയോഗ്യതയായി; ആദിവാസി യുവാവിന് നഷ്ടമായത് സര്‍ക്കാര്‍ ജോലി
national news
ഉന്തിയ പല്ല് അയോഗ്യതയായി; ആദിവാസി യുവാവിന് നഷ്ടമായത് സര്‍ക്കാര്‍ ജോലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th December 2022, 10:42 am

പാലക്കാട്: ഉന്തിയ പല്ലിന്റെ പേരില്‍ അട്ടപ്പാടിയിലെ കുുമ്പര്‍ ഗോത്രവര്‍ഗ വിഭാഗത്തിലെ യുവാവിന് സര്‍ക്കാര്‍ ജോലി നഷ്ടമായെന്ന് പരാതി.

പുതൂര്‍ പഞ്ചായത്തിലെ ആനവായ് ഊരിലെ മുത്തു എന്ന യുവാവിനാണ് ഇക്കാരണത്താല്‍ ജോലി നിഷേധിച്ചത്.

വനം വകുപ്പിന്റെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിയമനത്തിനായുളള അഭിമുഖം വരെ എത്തിയതിന് ശേഷമാണ് താന്‍ അയോഗ്യനാണെന്ന് പി.എസ്.സി അറിയിച്ചതെന്നാണ് മുത്തു പറയുന്നത്.

ബീറ്റ് ഫോറസ്റ്റ് ഓഫിസറെ നിയമിക്കാനുള്ള പി.എസ്.സിയുടെ സ്‌പെഷ്യല്‍ റിക്രൂട്‌മെന്റില്‍ എഴുത്തു പരീക്ഷയും കായികക്ഷമതാ പരീക്ഷയും മറികടന്നാണ് മുത്തു അഭിമുഖത്തിന് എത്തിയത്.

ഇതിന് മുന്നോടിയായി ശാരീരികക്ഷമത പരിശോധിച്ച ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു.

ചെറുപ്രായത്തില്‍ വീണതിനെ തുടര്‍ന്നാണ് മുത്തുവിന്റെ പല്ലിന് തകരാര്‍ സംഭവിച്ചത്. ഊരിലെ അസൗകര്യങ്ങളും ദാരിദ്ര്യവും മൂലം ചികിത്സിക്കാനായില്ലെന്ന് മുത്തുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു.

ഊരിലെ അസൗകര്യങ്ങളും ദാരിദ്ര്യവും മൂലമാണ് പല്ല് ചികിത്സിച്ച് നേരെയാക്കാന്‍ കഴിയാതിരുന്നതെന്നും ബന്ധുക്കള്‍ പറയുന്നു.

അതേസമയം, ചില പ്രത്യേക തസ്തികകളിലേക്കുള്ള യോഗ്യതകളും അയോഗ്യതകളും സ്‌പെഷ്യല്‍ റൂളില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ടെന്ന് പി.എസ്.സി അറിയിച്ചു.

ഇത് കണ്ടെത്തിയാല്‍ ഉദ്യോഗാര്‍ഥിയെ അയോഗ്യനാക്കും. ഉന്തിയ പല്ല്, കോമ്പല്ല് (മുന്‍പല്ല്) ഉള്‍പ്പെടെയുള്ളവ അയോഗ്യതയ്ക്കുള്ള ഘടകങ്ങളാണെന്നും അധികൃതര്‍ പറയുന്നത്.

അട്ടപ്പാടിയിലെ മുക്കാലിയില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരെ ഉള്‍വനത്തിലാണ് മുത്തു താമസിക്കുന്ന ആനവായ് ഊര്. പൂര്‍ണമായും വനത്തെ ആശ്രയിച്ച് ജീവിക്കുന്ന വിഭാഗമാണ് ഊരിലെ കുറുമ്പര്‍ വിഭാഗം.

Content Highlight: Tribal Youth lost his Govt Job due to teeth cause