| Monday, 16th July 2012, 11:14 am

ആദിവാസി സ്ത്രീ മരിച്ച സംഭവം: റിപ്പോര്‍ട്ട് കിട്ടിയാല്‍ നടപടിയെടുക്കുമെന്ന് മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്തു നിന്ന് കെ.വി.വിജയദാസാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് തേടിയത്.

ആദിവാസി സ്ത്രീയുടെ മരണം സംബന്ധിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നോട്ടീസിന് മറുപടി നല്‍കികൊണ്ട് ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചശേഷം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു.

അട്ടപ്പാടിയിലെയും കോട്ടത്തറയിലെയും ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്തത് കൃത്യവിലോപമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ മന്ത്രിയുടെ മറുപടിയില്‍ തൃപ്തതാരാകാത്ത പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു.

[]

ഇന്നലെയാണ് അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീ ചികിത്സ കിട്ടാതെ മരിച്ചത്. പുതൂര്‍ പഞ്ചായത്തിലെ താഴെ ഉമ്മത്താംപടി ഊരിലെ മരുതന്റെ ഭാര്യ രങ്കി(50) യാണ് മരിച്ചത്. കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്ന് രങ്കിയെ പുതൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പ്രഥമ ശുശ്രൂഷ നല്‍കാന്‍ പോലും ആശുപത്രിയില്‍ ഡോക്ടര്‍മാരുണ്ടായിരുന്നില്ല.

തുടര്‍ന്ന് രങ്കിയെ പത്തുകിലോമീറ്റര്‍ അകലെയുള്ള കോട്ടത്തറ ട്രൈബല്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ഇവിടേയും ഡോക്ടര്‍മാരുണ്ടായിരുന്നില്ല. ഇവിടെനിന്നും അഗളിയിലെ സ്വകാര്യ ആശുപത്രിയിലേക്കു രങ്കിയെ കൊണ്ടുപോയെങ്കിലും വഴിമധ്യേ രങ്കി മരിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more