| Wednesday, 1st December 2021, 10:01 pm

അട്ടപ്പാടിയില്‍ ആദിവാസി യുവതി മരിച്ചു; കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതില്‍ പ്രതിഷേധം ശക്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവതി മരിച്ചു. താവളം ഊരിലെ മീനാക്ഷി ആണ് മരിച്ചത്. അപസ്മാരത്തെത്തുടര്‍ന്നായിരുന്നു മരണം.

മലപ്പുറം പെരിന്തല്‍മണ്ണയിലെ ഇ.എം.എസ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ നിന്നും പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുവരികയായിരുന്നു.

അപസ്മാരമുണ്ടായതിനെത്തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരത്തോടു കൂടി അട്ടപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

കോട്ടത്തറയിലെ ആശുപത്രിയില്‍ എത്തിയ സമയത്ത് ഹൃദയസ്തംഭനം സംഭവിച്ച അവസ്ഥയിലായിരുന്നു. അവിടെ നിന്ന് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷമാണ് ഇ.എം.എസ് ആശുപത്രിയില്‍ എത്തിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. അപസ്മാര ബാധയ്ക്ക് പിന്നാലെ തന്നെ മീനാക്ഷിയ്ക്ക് ബോധക്ഷയം സംഭവിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.

അതേസമയം കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലടക്കം വേണ്ടത്ര സൗകര്യങ്ങളില്ലെന്ന് ആരോപണമുയരുന്നുണ്ട്. ആദിവാസികളില്‍ പലരും ഇതിനെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്.

നേരത്തേയും ശിശുമരണങ്ങളടക്കം സംഭവിച്ച സമയത്ത് ആശുപത്രിയിലെ സൗകര്യക്കുറവ് ചൂണ്ടിക്കാണിച്ച് ആദിവാസി സംഘടനകളും മറ്റും രംഗത്ത് വന്നിരുന്നു.

അട്ടപ്പാടിയിലെ ശിശുമരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ച കോട്ടത്തറ ട്രൈബല്‍ വെല്‍ഫെയര്‍ ഉദ്യോഗസ്ഥനായ ചന്ദ്രനെതിരെ കോട്ടത്തറ ആശുപത്രി മാനേജ്മെന്റ് പ്രതികാര നടപടി സ്വീകരിച്ചിരുന്നു. ഇദ്ദേഹത്തെ പുറത്താക്കുകയായിരുന്നു ചെയ്തത്.

രോഗികളെ റഫര്‍ ചെയ്യാനുള്ള പദ്ധതിയുടെ പേരില്‍, ആദിവാസി ക്ഷേമ ഫണ്ടില്‍ നിന്ന് പെരിന്തല്‍ണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയ്ക്ക് 12 കോടി രൂപ കൈമാറിയതായി ചന്ദ്രന്‍ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ നാലിലൊന്ന് പണം ഉണ്ടായിരുന്നെങ്കില്‍, കോട്ടത്തറ ആശുപത്രിയില്‍ സി.ടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വാങ്ങാമായിരുന്നു എന്നായിരുന്നു ചന്ദ്രന്‍ പറഞ്ഞത്.

ഗര്‍ഭകാലത്ത് സ്‌കാനിംഗ് ചെയ്യണമെങ്കിലോ വിദഗ്ധ ചികിത്സയ്‌ക്കോ ആദിവാസികള്‍ പെരിന്തല്‍മണ്ണയിലേക്കോ തൃശൂരിലേക്കോ, കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കോ പോകേണ്ട അവസ്ഥയാണ്.

കോട്ടത്തറയിലെ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ സി.ടി സ്‌കാന്‍, എം.ആര്‍.ഐ സ്‌കാന്‍, കുഞ്ഞുങ്ങള്‍ക്കായി ഐ.സി.യു സംവിധാനം തുടങ്ങിയ യാതൊരു വിധത്തിലുള്ള സൗകര്യങ്ങളുമില്ല. ജൂനിയര്‍ ഡോക്ടമാര്‍ മാത്രമാണ് ഇവിടെ ചികിത്സയ്ക്കായുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Tribal woman in Attappadi died

We use cookies to give you the best possible experience. Learn more