| Friday, 31st August 2018, 3:13 pm

ആദിവാസി വിദ്യാര്‍ത്ഥികളുടെ ജാതി സര്‍ട്ടിഫിക്കറ്റ് വൈകിക്കുന്നെന്നു പരാതി; അഡ്മിഷന്‍ നഷ്ടപ്പെട്ടവര്‍ കിര്‍ത്താഡ്‌സിനെതിരെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രതിസന്ധികള്‍ കാലങ്ങളായി ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്ന വിഷയമാണ്. നിരന്തരമായി മുറവിളികളുയരുന്നുണ്ടെങ്കിലും, ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ പോലും ലഭ്യമാകാത്ത അവസ്ഥയാണുള്ളത്. ഹോസ്റ്റലുകളിലും മറ്റും താമസിച്ച് പ്രൊഫഷണല്‍ കോഴ്‌സുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഇന്‍സെന്റീവുകള്‍ പോലും സമയബന്ധിതമായി ലഭിക്കാത്തതും, സംവരണത്തില്‍ നടക്കുന്ന അട്ടിമറികളും ഇത്രകാലമായിട്ടും പരിഹരിക്കപ്പെട്ടിട്ടില്ല.

ഇതിനോടൊപ്പം 2006-07 കാലങ്ങളില്‍ ഉയര്‍ന്നുവന്നിരുന്ന പ്രശ്‌നമാണ് ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിക്കപ്പെടുന്നു എന്നത്. എം.ബി.ബി.എസും എല്‍.എല്‍.ബിയും പോലുള്ള കോഴ്‌സുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിക്കുന്ന ജാതി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനയ്ക്കു ശേഷം തടഞ്ഞുവയ്ക്കുകയോ നിഷേധിക്കുകയോ ചെയ്യപ്പെടുന്നു എന്ന ആരോപണം ഇക്കാലഘട്ടയങ്ങളില്‍ പരക്കെ ഉയര്‍ന്നു വന്നിരുന്നു. ജാതി സര്‍ട്ടിഫിക്കറ്റുകളുടെ സാധുത പഠിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള കിര്‍ത്താര്‍ഡ്‌സ് തന്നെയാണ് ഈ വിഷയത്തില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നത്.

എന്നാല്‍, ഈ പ്രശ്‌നം ഇന്നേവരെ വേണ്ടരീതിയില്‍ പരിഹരിക്കപ്പെടുകയോ ഇല്ലാതാവുകയോ ചെയ്തിട്ടില്ലെന്ന് ആദിവാസി മേഖലയിലെ സാമൂഹിക പ്രവര്‍ത്തകനായ ഗീതാനന്ദന്‍ പറയുന്നു. മിശ്രവിവാഹിതരായ മാതാപിതാക്കളുടെ കുട്ടികള്‍ക്കാണ് ഇക്കാര്യത്തില്‍ വലിയ പ്രതിസന്ധികള്‍ നേരിടാറെന്നും, ജാതിപദവിയെ സംബന്ധിച്ച് തര്‍ക്കങ്ങളുന്നയിക്കുക എന്നതാണ് പൊതുവെ നടക്കുന്ന രീതിയെന്നും അദ്ദേഹം വിശദീകരിക്കുന്നു.

“മിശ്രവിവാഹത്തിലുണ്ടാകുന്ന കുട്ടികള്‍ക്ക് ജാതിപദവി സംരക്ഷിക്കാനുള്ള നിയമങ്ങള്‍ നിലവിലുള്ളതാണ്. ചില വിഭാഗങ്ങളെ ആനുകൂല്യങ്ങളില്‍ നിന്നും മാറ്റാനുള്ള നീക്കമാണ് പത്തു പന്ത്രണ്ട് വര്‍ഷങ്ങളായി കേരളത്തില്‍ നടക്കുന്നത്. 2006ലെ പുനീത് റോയ് കേസിലെ സുപ്രീം കോടതി വിധിയിലാണ് മിശ്രവിവാഹിതരുടെ മക്കളുടെ ജാതി അച്ഛന്റെ ജാതിയായി കണക്കാക്കുമെന്ന തെറ്റായ ഒരു നിര്‍ദ്ദേശം വരുന്നത്. ഒരുപാട് കുട്ടികളുടെ ജാതിപദവിയാണ് ഈ കുപ്രസിദ്ധമായ വിധിയോടുകൂടി റദ്ദാക്കപ്പെട്ടത്.”

അതിനടുത്ത വര്‍ഷങ്ങളില്‍ ഈ വിധി കാരണം നിരവധി വിദ്യാര്‍ത്ഥികളുടെ പഠിപ്പു മുടങ്ങുകയും ഭേദഗതി വരികയും ചെയ്തു. വലിയ ഒച്ചപ്പാടുകള്‍ക്കു ശേഷവും ഇപ്പോഴും തങ്ങളുടെ ഭാവിയെ ആശങ്കയിലാഴ്ത്തുന്ന രീതിയില്‍ ഉദ്യോഗസ്ഥ ഇടപെടലുകള്‍ ജാതി സര്‍ട്ടിഫിക്കറ്റുകളുടെ കാര്യത്തിലുണ്ടാകുന്നുണ്ടെന്ന് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പറയുന്നു. റിപ്പോര്‍ട്ടുകള്‍ മനഃപൂര്‍വം വൈകിപ്പിച്ച് എസ്.സി/എസ്.ടി വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ സീറ്റുകള്‍ കാലിയാക്കിയിടുകയും ശേഷം വകമാറ്റി വില്‍ക്കുകയും ചെയ്യുന്ന കമ്പോളങ്ങള്‍ തന്നെ നിലവിലുള്ളതായാണ് ഇവരുടെ ആരോപണങ്ങള്‍. എന്‍ട്രന്‍സ് കമ്മീഷണറേറ്റും കിര്‍ത്താഡ്‌സും ഒരു പോലെ ഈ കച്ചവടത്തില്‍ പങ്കാളികളാണെന്നും വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ആരോപിക്കുന്നു.

“ഡിപ്പാര്‍ട്ട്‌മെന്റിന്റെ അന്വേഷണ റിപ്പോര്‍ട്ടനുസരിച്ചാണ് അഡ്മിഷന്‍ അനുവദിക്കുക. ഈ റിപ്പോര്‍ട്ട് വൈകിക്കുക എന്നതാണ് ഇവരുടെ തന്ത്രം. ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ, അവര്‍ കഴിവുതെളിയിക്കാന്‍ പ്രാപ്തിയുള്ളവരാണെങ്കില്‍പ്പോലും പുറത്തു നിര്‍ത്തുക എന്നതാണ് ചില ഉദ്യോഗസ്ഥരുടെ ലക്ഷ്യം.” ആദി ദ്രാവിഡ സാംസ്‌കാരിക സഭ മധ്യമേഖല സെക്രട്ടറി സോമന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. “എന്റെ മകള്‍ കഴിഞ്ഞ വര്‍ഷം എല്‍.എല്‍.ബി പ്രവേശനത്തിനു ശ്രമിച്ചപ്പോള്‍ സമാനമായ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. കോടതിയെ സമീപിച്ചാണ് ഒടുവില്‍ സമയബന്ധിതമായി നീതി നടപ്പാക്കിയത്. ഈ വര്‍ഷം കോതമംഗലത്ത് ഒരു വിദ്യാര്‍ത്ഥിക്ക് മെഡിക്കല്‍ കോളജിലെ അഡ്മിഷനാണ് നഷ്ടപ്പെട്ടത്.” ഇപ്പോള്‍ രണ്ടാം വര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ത്ഥിനിയായ സോമന്റെ മകള്‍ ശരണ്യ കഴിഞ്ഞ വര്‍ഷം അഡ്മിഷന്‍ തടഞ്ഞുവയ്ക്കപ്പെട്ട 12 വിദ്യാര്‍ത്ഥികളിലൊരാളാണ്.

പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷവും, ആദിവാസികളുടെ അവകാശങ്ങളെ ഹനിക്കുന്ന നടപടികള്‍ക്ക് മാറ്റമൊന്നുമുണ്ടായിട്ടില്ലെന്ന് ഇവര്‍ തറപ്പിച്ചു പറയുന്നു. വലിയ തോതിലുള്ള പ്രതിഷേധങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇടപെടലുകളും ഉണ്ടായിട്ടു പോലും ഇത്തരം പ്രവൃത്തികള്‍ക്കു തടയിടാനായിട്ടില്ല. ആദിവാസി സമൂഹത്തിനു പുറത്തുനിന്നുള്ള ധാരാളം പേര്‍ അനധികൃതമായി ജാതി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലികളിലും പ്രവേശിച്ചിട്ടുണ്ടെങ്കിലും, അവര്‍ക്കെതിരെ നിലപാടെടുക്കാന്‍ കാണിക്കാത്ത ആര്‍ജവമാണ് കിര്‍ത്താഡ്‌സ് അധികൃതരുടെ ഭാഗത്തുനിന്നും യഥാര്‍ത്ഥ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കു സര്‍ട്ടിഫിക്കറ്റ് നിഷേധിക്കാന്‍ ഉണ്ടാകുന്നതെന്ന് ഗീതാനന്ദന്‍ പറയുന്നു.

അതേ സമയം, ബോധപൂര്‍വമായ വൈകിപ്പിക്കല്‍ തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടെന്ന ആരോപണം പാടേ തള്ളിക്കളയുകയാണ് കിര്‍ത്താഡ്‌സിലെ ഉദ്യോഗസ്ഥര്‍. മിശ്രവിവാഹിതരുടെ കാര്യത്തില്‍ ജാതിപദവി സ്ഥിരീകരിക്കാനായി അന്വേഷണം നടത്താറുണ്ടെന്നതൊഴിച്ചാല്‍ റിപ്പോര്‍ട്ട് സമര്‍പ്പണത്തില്‍ യാതൊരു കാലതാമസവും വരാറില്ലെന്നും ഇവര്‍ പറയുന്നുണ്ട്. അനര്‍ഹര്‍ സംവരണ സീറ്റുകളിലെത്താതിരിക്കാന്‍ പരിശോധന കര്‍ശനമാക്കാറുണ്ടെന്നും എന്നാല്‍ ആരോപണങ്ങളെല്ലാം കഴമ്പില്ലാത്തതാണെന്നും ഉദ്യോഗസ്ഥര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

നേരത്തേ എന്‍ട്രന്‍സ് കമ്മീഷണറായി പത്തുവര്‍ഷത്തോളം ഇരുന്നിട്ടുള്ള മാവോജി എന്നയാളാണ് ഇപ്പോഴും ആ സ്ഥാനത്തുള്ളത്. ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു ഏറ്റവും കൂടുതല്‍ അഴമതി ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഗോത്രമഹാസഭയുടെ പരാതിയുടെ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിട്ടിട്ടുള്ളയാളാണ് ഇദ്ദേഹം. അദ്ദേഹം തന്നെ തലപ്പത്തിരിക്കുന്ന ഒരു വകുപ്പില്‍ നിന്നും ഒരിക്കലും വിദ്യാര്‍ത്ഥികള്‍ക്ക് നീതികിട്ടില്ലെന്നുറപ്പാണ് – ഗീതാനന്ദന്‍ പറയുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷവും മാറ്റമില്ലാതെ തുടരുന്ന സര്‍ട്ടിഫിക്കറ്റു തട്ടിപ്പും ജാതിപദവീ പ്രശ്‌നങ്ങളും വളരെ ഗൗരവമായിത്തന്നെ കാണേണ്ടതുണ്ടെന്നും എല്ലായ്‌പ്പോഴും കോടതികള്‍ കയറിയിറങ്ങി അഡ്മിഷന്‍ നേടേണ്ടി വരുന്ന ആദിവാസി വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ കാണാതെ പോകരുതെന്നുമാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യം.

We use cookies to give you the best possible experience. Learn more