| Tuesday, 16th October 2018, 3:50 pm

ആദിവാസി വികസനപദ്ധതികള്‍ ആര്‍ക്കുവേണ്ടി?; അധികൃതരുടെ കനിവ് കാത്ത് രഞ്ജുരാമനും മുത്തശ്ശിയും

ജിതിന്‍ ടി പി

കോട്ടയം: പാലാ രാമപുരം പഞ്ചായത്ത് പരിധിയിലെ ഏഴാച്ചേരി കരയിലെ രഞ്ജുരാമനും അമ്മൂമ്മയും താമസിക്കുന്നത് ചോര്‍ന്നൊലിക്കുന്ന വീട്ടില്‍. സംസ്ഥാനം നേരിട്ട സമാനകളില്ലാത്ത പ്രളയത്തില്‍ നേരത്തെ തന്നെ വഴിമുട്ടിയ ഇവരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കിയിരിക്കുകയാണ്.

അച്ഛനും അമ്മയും നേരത്തെ മരിച്ച രഞ്ജുരാമന്‍ അമ്മൂമ്മയുടെ കൂടെയാണ് താമസിക്കുന്നത്. ആളുകളോട് അധികം സംസാരിക്കാത്ത പ്രകൃതക്കാരനായ രഞ്ജുരാമന്‍ അമ്മയുടെ മരണത്തോടെ മാനസികമായി തകര്‍ന്ന അവസ്ഥയിലാണ്. അമ്മൂമ്മ മറ്റുവീടുകളിലും കല്യാണവീടുകളിലും മരണവീടുകളിലും ചെന്ന് കൊണ്ടുവരുന്ന ഭക്ഷണം കഴിച്ചാണ് ഇവരുടെ ജീവിതം മുന്നോട്ടുപോകുന്നത്.

ആദിവാസികള്‍ക്കായി കൊട്ടിഘോഷിച്ച് കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന നാട്ടിലാണ് രഞ്ജുരാമന്റെയും അമ്മൂമ്മയുടെയും നരകജീവിതം. ഈ കഴിഞ്ഞ പ്രളയത്തില്‍ കനത്തമഴയെത്തുടര്‍ന്ന് ആകെയുള്ള വീട് താമസിക്കാന്‍ യോഗ്യമല്ലാത്ത അവസ്ഥയിലായി. മഴ വെള്ളം വീട്ടിനുള്ളിലേക്ക് കയറുന്ന സ്ഥിതിയാണ്. അടുപ്പില്‍ തീ കത്തിക്കാന്‍ പോലും സാധിക്കുന്നില്ല.

ALSO READ: നവോത്ഥാന മൂല്യങ്ങളെ അട്ടിമറിക്കാനും ഭരണഘടന ധാര്‍മ്മികതയെ ഇല്ലാതാക്കാനുമാണ് ഇപ്പോള്‍ നവ ബ്രാഹ്മണ ശക്തികള്‍ ശ്രമിക്കുന്നത്: സണ്ണി എം. കപിക്കാട്

ആദിവാസി വിഭാഗത്തില്‍പ്പെട്ട മലയ സമുദായത്തില്‍പ്പെട്ട ആളാണ് രഞ്ജുരാമന്‍. മറ്റുള്ളവരോട് ഇടപഴകി അധികം പരിചയമില്ലാത്ത രഞ്ജുരാമന് തന്റെ അവസ്ഥ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കഴിയാറില്ല.

ഇത്തരത്തില്‍ പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്ത ആദിവാസി കുടുംബങ്ങളുടെ ആവശ്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനും ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനുമാണ് പ്രൊമോട്ടര്‍മാരെ നിയോഗിക്കുന്നത്. എന്നാല്‍ രാമപുരം പഞ്ചായത്തിലെ പ്രൊമോട്ടര്‍ ഈ വിഷയത്തില്‍ കടുത്ത അലംഭാവമാണ് കാണിക്കുന്നതെന്ന് ആദി ദ്രാവിഡ സാംസ്‌കാരിക സഭ മധ്യമേഖല സെക്രട്ടറി സോമന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“സര്‍ക്കാര്‍ നിയോഗിച്ച ട്രൈബല്‍ പ്രൊമോട്ടര്‍ പ്രദേശത്ത് നിര്‍ജീവമായാണ് പ്രവര്‍ത്തിക്കുന്നത്. ഇവരാരും ഈ കുടുംബത്തിന്റെ കാര്യങ്ങളെക്കുറിച്ച് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍വേണ്ട ഒന്നും ചെയ്തിട്ടില്ല. ഓണക്കിറ്റ് പോലും വിതരണം ചെയ്യുന്നതിന് പ്രൊമേട്ടര്‍ നടപടി സ്വീകരിച്ചിട്ടില്ല. പട്ടികവര്‍ഗക്കാരുടെ ഉന്നമനത്തിനും അവരെ സഹായിക്കുന്നതിനുമാണ് സര്‍ക്കാര്‍ പ്രൊമോട്ടര്‍മാരെ നിയോഗിച്ചിട്ടുള്ളത്.”

പ്രൊമോട്ടറുടെ ഭാഗത്തുനിന്നോ പട്ടികവര്‍ഗ വികസനവകുപ്പിന്റെ ഭാഗത്ത് നിന്നോ ഇവരെ സഹായിക്കുന്നതരത്തില്‍ യാതൊരു ഇടപെടലുമുണ്ടായിട്ടില്ലെന്നും സോമന്‍ കൂട്ടിച്ചേര്‍ത്തു.

രഞ്ജുരാമന്റെ വീടിന്റെ ഭിത്തിയോട് ചേര്‍ന്നാണ് അമ്മയെ അടക്കം ചെയ്തിരിക്കുന്നത്. അമ്മ മരിച്ചത് രഞ്ജുരാമനെ മാനസികമായി തളര്‍ത്തിയിട്ടുണ്ട്.” സോമന്‍ പറയുന്നു.

കക്കൂസ് പോലും ഇല്ലാത്ത വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. മഴ പെയ്താല്‍ അടുത്ത വീട്ടില്‍ ഉറക്കമൊഴിഞ്ഞു പോയിരിക്കുകയാണ്. ആ രീതിയിലാണ് അവര്‍ ജീവിക്കുന്നത്. മൂന്ന് സെന്റ് സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്.

അതേസമയം രാമപുരം പഞ്ചായത്ത് രഞ്ജുരാമന്റെ കാര്യത്തില്‍ അനാസ്ഥ തുടരുകയാണെങ്കില്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് ആദിദ്രാവിഡ സാംസ്‌കാരിക സഭ മധ്യമേഖല സെക്രട്ടറി സോമന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“അവര്‍ക്ക് വീട് അനുവദിക്കണം. വിഷയത്തില്‍ സി.ഡി.ഒ നടപടിയെടുക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.”

ALSO READ: ഡീസല്‍ വിലവര്‍ധനയില്‍ വലഞ്ഞ് മത്സ്യബന്ധനമേഖല

അതേസമയം ആദിവാസി വികസനം എന്നത് ഉദ്യോഗസ്ഥര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും കാശുണ്ടാക്കാനുള്ള ഉപാധി മാത്രമാണെന്നും സോമന്‍ കൂട്ടിച്ചേര്‍ത്തു. രാമപുരം പഞ്ചായത്തില്‍ ആദിവാസി വിഭാഗങ്ങളോട് കടുത്ത അവഗണനയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ഇതേ പഞ്ചായത്തില്‍ തന്നെ ഒരു വിധവയുടെ കുടുംബം അതീവ ശോചനീയാവസ്ഥയിലാണ് കഴിയുന്നത്. താമസയോഗ്യമല്ലാത്ത ഒരു ചെറ്റക്കുടിലാണ് ഇവരുടെ താമസം. എന്നാല്‍ ഇവരുടെ റേഷന്‍ കാര്‍ഡ് എ.പി.എല്ലാണ്. വീട് കണ്ടാല്‍ പോലും എ.പി.എല്‍ കാര്‍ഡ് കൊടുക്കില്ല. രാമപുരം പഞ്ചായത്തിലെ ആദിവാസികള്‍ വളരെ കഷ്ടത്തിലാണ് കഴിയുന്നത്. അവഗണിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം ലഭിക്കുന്നില്ലെന്നും സോമന്‍ പറയുന്നു.

പാവപ്പെട്ട ആദിവാസികള്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ രാമപുരം പഞ്ചായത്തില്‍ വിതരണം ചെയ്യുന്നില്ല. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട പഞ്ചായത്തില്‍ അന്വേഷിച്ചപ്പോള്‍ കഴിഞ്ഞ ഊരുകൂട്ടത്തില്‍ ഇക്കാര്യങ്ങളൊന്നും പറഞ്ഞില്ല എന്നായിരുന്നു മറുപടി. എന്നാല്‍ ഇത് കൃത്യമായി ചെയ്യേണ്ടത് പ്രൊമോട്ടര്‍മാരാണ്. അവര്‍ ഈ പണി ചെയ്യുന്നില്ല. -സോമന്‍ കൂട്ടിച്ചേര്‍ത്തു.

WATCH THIS VIDEO:

ജിതിന്‍ ടി പി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more