സഹപ്രവര്‍ത്തകരുടെ ജാതീയ അധിക്ഷേപത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ പൊലീസുകാരന് സ്റ്റേഷനില്‍നിന്നും മെമ്മോ; ഭാര്യയെയും പൊലീസ് അസഭ്യം വിളിച്ചു
Tribal Issues
സഹപ്രവര്‍ത്തകരുടെ ജാതീയ അധിക്ഷേപത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ പൊലീസുകാരന് സ്റ്റേഷനില്‍നിന്നും മെമ്മോ; ഭാര്യയെയും പൊലീസ് അസഭ്യം വിളിച്ചു
രോഷ്‌നി രാജന്‍.എ
Thursday, 10th October 2019, 6:19 pm

അഗളി: സഹപ്രവര്‍ത്തകരില്‍ നിന്ന് കടുത്ത ജാതി വിവേചനം നേരിടുന്നുവെന്ന് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയ സിവില്‍ പൊലീസ് ഓഫീസര്‍ ഹരിദാസിന് സ്റ്റേഷനില്‍ നിന്ന് മെമ്മോ. മുഖ്യമന്ത്രിക്ക് പരാതിപ്പെട്ടതിനും മാധ്യമങ്ങളില്‍ വാര്‍ത്തവന്നതിനും വിശദീകരണം എഴുതിനല്‍കണമെന്നാവശ്യപ്പെട്ടാണ് മെമ്മോ വന്നതെന്ന് ഹരികുമാറിന്റെ ഭാര്യ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

അട്ടപ്പാടി കടുകുമണ്ണ ഊര് നിവാസിയായ ഹരികുമാര്‍ അഗളി സ്റ്റേഷനില്‍ സിവില്‍ പൊലീസ് ഓഫീസറാണ്. മാവോയിസ്റ്റ് സാന്നിധ്യവും കാടിനുള്ളിലെ കഞ്ചാവുകൃഷിയും കണ്ടെത്തുന്നതിനായി രൂപീകരിച്ച പ്രത്യേക സംഘങ്ങളില്‍ അംഗമായിരുന്ന ഹരിദാസിന് സംസ്ഥാന പോലീസ് ചീഫ് ബാഡ്ജ് ഓഫ് ഓണറും നല്‍കി ആദരിച്ചിട്ടുണ്ട്.

സ്റ്റേഷനില്‍ സഹപ്രവര്‍ത്തകരില്‍ നിന്നും ഹരികുമാര്‍ നിരന്തരമായി ജാതീയ അധിക്ഷേപം നേരിട്ടിരുന്നെന്നും, തന്നെയും സ്റ്റേഷനിലെ പൊലീസിലൊരാള്‍ അസഭ്യം പറഞ്ഞുവെന്നും ഹരികുമാറിന്റെ ഭാര്യ പറഞ്ഞു. മാനസികമായ പീഡനം സഹിക്കവയ്യാതെയാണ് ഹരികുമാര്‍ ലീവ് എടുത്തതെന്നും ഭാര്യ വ്യക്തമാക്കി. മുഖ്യമന്ത്രിക്കു പരാതി നല്‍കിയതിനും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനും ശേഷം മൂന്നു തവണയാണ് സ്റ്റേഷനില്‍ നിന്നും മെമ്മോ വന്നത്. വെള്ളിയാഴ്ച ജോലിയില്‍ പ്രവേശിക്കണമെന്നു പറഞ്ഞും പരാതിപ്പെട്ടതില്‍ വിശദീകരണം നല്‍കണമെന്നു പറഞ്ഞും ആണ് മെമ്മോ വന്നിരിക്കുന്നത്.

ഹരിദാസിന്റെ പരാതിയില്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നോ ഡി.ജി.പിയുടെ ഓഫീസില്‍നിന്നോ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും ഹരികുമാറിന്റെ ഭാര്യ പറഞ്ഞു. ‘ഹരികുമാറിനെ സഹപ്രവര്‍ത്തകര്‍ പേരു വിളിക്കാറില്ല, എപ്പോഴും ആദിവാസിയെന്നാണ് വിളിക്കാറുള്ളത്. ഇതില്‍ വീട്ടില്‍ വന്ന് വിഷമം പറയുമായിരുന്നു. ആദിവാസിയായി ജനിച്ചത് ഇത്ര വലിയ തെറ്റാണോ എന്നും ചോദിക്കുമായിരുന്നു.’ ഭാര്യ കൂട്ടിച്ചേര്‍ത്തു.

2015 സെപ്തംബര്‍ 15നാണ് ഹരികുമാറിന് പോലീസ് സേനയില്‍ ജോലി ലഭിച്ചത്. ഒരു വര്‍ഷം മുമ്പായിരുന്നു അഗളി പോലീസ് സ്റ്റേഷനിലേക്കുള്ള സ്ഥലം മാറ്റം. ഇവിടെ നിന്നാണ് സഹപ്രവര്‍ത്തകരില്‍ നിന്നുള്ള ജാതി അധിക്ഷേപത്തിന്റെ തുടക്കം.

മുക്കാലിയില്‍ നിന്ന് 24 കിലോമീറ്റര്‍ കാടിനുള്ളിലാണ് ഹരികുമാറിന്റെ വീട്. അവിടേക്ക് ഇപ്പോഴും വാഹന സൗകര്യംപോലുമെത്തിയിട്ടില്ല. വൈദ്യുതിയുമില്ല. ജീപ്പ് വിളിച്ചാല്‍ പകുതി ദൂരം പോവുന്നതിന് 500 രൂപ കൊടുക്കണം. അത് കഴിഞ്ഞാലും എട്ട് കിലോമീറ്ററിലധികം നടന്ന് വേണം വീട്ടിലെത്താന്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘വലിയ താല്‍പര്യംകൊണ്ടാണ് ഹരികുമാര്‍ പൊലീസാവാന്‍ തീരുമാനിച്ചത്. പരീക്ഷയെഴുതി ജയിച്ചാലും ഫിസിക്കല്‍, മെഡിക്കല്‍ ടെസ്റ്റുകളും എല്ലാം പാസാവുക ആദിവാസി ഗോത്ര വിഭാഗക്കാരന് വെല്ലുവിളിയായിരുന്നു. എന്നാല്‍ അതെല്ലാം തരണം ചെയ്ത് ഹരിദാസ് ജോലിയില്‍ കയറി. ഊരുമൂപ്പന്‍കൂടിയായ ഹരിക്ക് കാട് നന്നായി അറിയാമായിരുന്നു. അതാണ് അവര്‍ മവോയിസ്റ്റ് സാന്നിധ്യം കണ്ടെത്താന്‍ ഹരികുമാറിനെ ഉപയോഗിച്ചത്. ആ ജോലി അദ്ദേഹം കൃത്യമായി ചെയ്യുകയും ചെയ്തു’, ഭാര്യ ഡൂള്‍ന്യൂസിനോട് വിശദീകരിച്ചു.

‘മാവോയിസ്റ്റുകളോ മാവോയിസ്റ്റ് അനുഭാവികളോ എത്തിയാല്‍ പല ഊരുകളില്‍നിന്നും ആളുകള്‍ ഹരികുമാറിനെ അറിയിക്കുമായിരുന്നു. അതുപോലെയാണ് കഞ്ചാവ് തോട്ടങ്ങളും. കാടറിയുന്നവര്‍ക്ക് മാത്രമേ അവിടെ എത്തി അത് കണ്ടെത്താനാവൂ. ഈ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഹരികുമാറിന് ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചത്. വീണ്ടും ബാഡ്ജ് ഓഫ് ഓണര്‍ കിട്ടാന്‍ നിരവധി കാര്യങ്ങളുണ്ടായിരുന്നു. എന്നാല്‍ അഗളി സ്റ്റേഷനിലെത്തിയതോടെ അതില്ലാതായി’.

ബാഡ്ജ് ഓഫ് ഓണര്‍ കിട്ടിയതാണ് കൂടെ ജോലിചെയ്യുന്ന ആറുപേര്‍ക്ക് ഹരികുമാറിനോട് ശത്രുതയുണ്ടാക്കിയത്. ‘അവനെപ്പോലെ തന്നെ പണിയെടുക്കുന്നവരാണ് ഞങ്ങള്‍. അവനെപ്പോലെ ശമ്പളവും വാങ്ങുന്നു. എന്നിട്ട് അവന് മാത്രം ബാഡ്ജ് ഓഫ് ഓണര്‍ എന്ന് പരസ്യമായി പറയാറുണ്ടായിരുന്നു’, ഹരികുമാറിന്റെ ഭാര്യ പറഞ്ഞു.

ജാതി അധിക്ഷേപം നടത്തിയ സഹപ്രവര്‍ത്തകരായ ആറ് പേര്‍ക്കെതിരെയാണ് ഹരിദാസ് പരാതി നല്‍കിയിരിക്കുന്നത്. തന്നെ മാനസികമായി പീഡിപ്പിക്കുന്നു, തന്നെക്കുറിച്ച് ഊരുകളിലുള്‍പ്പെടെ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നു. ഊരുമൂപ്പന്‍ കൂടിയായ തനിക്ക് ഇതിനാല്‍ ഊരുകളില്‍ പോലും പോവാനാവാത്ത സ്ഥിതിയുണ്ട്. ഒഴിവാക്കുകയും പരിഹസിക്കുകയും ചെയ്യുന്നതിനൊപ്പം ഭാര്യയെയും ചില പോലീസുകാര്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും മോശമായി പെരുമാറിയെന്നുമാണ് ഹരികുമാര്‍ പരാതിപ്പെട്ടിട്ടുള്ളത്.

ഹരികുമാറിന്റെ സഹപ്രവര്‍ത്തകരില്‍ ഒരാളാണ് തന്നെ അസഭ്യം വിളിച്ചതെന്നും ഹരിദാസിന്റെ ഭാര്യ വ്യക്തമാക്കി. ‘നിങ്ങള്‍ ഒരു സ്ത്രീയാണോ. നിങ്ങള്‍ക്ക് ഭര്‍ത്താവിനെ ഉപദേശിച്ചുകൂടെ എന്നെല്ലാം ചോദിച്ചു. ഭര്‍ത്താവ് നേരാംവണ്ണം പണിയെടുക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. അതിനുശേഷം അസഭ്യം പറയുകയുകയായിരുന്നു’, ഹരികുമാറിന്റെ ഭാര്യ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

‘ശമ്പളമില്ലാതെ അവന്‍ കുത്തിയിരിക്കാന്‍ പോവുകയാണെന്നും നിങ്ങള്‍ പട്ടിണികിടന്ന് ചാവുമെന്നും അവര്‍ പറഞ്ഞു.’ഭാര്യ കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.