| Saturday, 29th June 2024, 10:40 pm

ഡി.എന്‍.എ ടെസ്റ്റ് നടത്തി പിതൃത്വം തെളിയിക്കണമെന്ന പരാമര്‍ശം; രാജസ്ഥാനില്‍ ബി.ജെ.പി മന്ത്രിക്കെതിരെ രക്ത സാമ്പിളുകളുമായി പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: പിതൃത്വം തെളിയിക്കാന്‍ ആദിവാസികള്‍ ഡി.എന്‍.എ പരിശോധന നടത്തണമെന്ന രാജസ്ഥാനിലെ വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവറിന്റെ പരാമര്‍ശത്തിനെതിരെ രക്ത സാമ്പിളുകളുമായി പ്രതിഷേധം. ഭാരത് ആദിവാസി പാര്‍ട്ടി എം.പി രാജ്കുമാര്‍ റോവത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടന്നത്.

രക്ത സാമ്പിളുകളുമായി ദിലിവാറിന്റെ വസതിയിലേക്ക് ശനിയാഴ്ച ഭാരത് ആദിവാസി പാര്‍ട്ടി പ്രതിഷേധ മാര്‍ച്ച് നടത്തി. എന്നാല്‍ മന്ത്രിയുടെ വസതിയിലെത്തുന്നതിന് മുമ്പ് മാര്‍ച്ച് പൊലീസ് തടഞ്ഞു.

രക്തസാമ്പിളുകള്‍ മന്ത്രിക്ക് നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കുമെന്ന് രാജ്കുമാര്‍ റോവത്ത് പറഞ്ഞു.

‘വിഷയം ഇവിടെ അടിച്ചമര്‍ത്താനാകുമെന്ന് കരുതണ്ട. ഇക്കാര്യം നിയമസഭയില്‍ ഉന്നയിക്കും. പാര്‍ലമെന്റില്‍ നരേന്ദ്ര മോദിക്ക് മുന്നിലും വിഷയം ഉന്നയിക്കും,’ രാജ്കുമാര്‍ റോവത്ത് പറഞ്ഞു. രക്തസാമ്പിളുകള്‍ ശേഖരിച്ചതിന് ശേഷം പ്രതിഷേധക്കാരെ പൊലീസ് മടക്കി അയച്ചു.

താന്‍ ഗോത്രവര്‍ഗത്തില്‍ പെട്ടയാളാണെന്നും ഹിന്ദുമതം ഉള്‍പ്പെടെയുള്ള സംഘടിത മതങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു വിശ്വാസ സമ്പ്രദായം മുറുകെപ്പിടിക്കുന്നയാളാണെന്നും രാജ്കുമാര്‍ റോവത്ത് പറഞ്ഞതിന് പിന്നാലെ ആയിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.

ബി.എ.പി നേതാവ് സ്വയം ഹിന്ദുവാണെന്ന് കരുതുന്നില്ലെങ്കില്‍ അദ്ദേഹം ഹിന്ദുവിന്റെ മകനാണോയെന്ന് പരിശോധിക്കാന്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്നാണ് ദില്‍വാര്‍ പറഞ്ഞത്.

Content Highlight: Tribal MP, supporters protest minister’s ‘DNA test’ remark, march with blood samples

We use cookies to give you the best possible experience. Learn more