| Tuesday, 25th June 2019, 3:19 pm

പ്ലസ്‌വണ്‍ അലോട്ട്‌മെന്റ്; പട്ടികവര്‍ഗ്ഗ സീറ്റുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റിയ നടപടി ചട്ടവിരുദ്ധമെന്ന് ആദിവാസി സംഘടനകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്ലസ്‌വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിന് മുന്‍പ് പട്ടികവര്‍ഗ്ഗസീറ്റുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റിയ നടപടി ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് വിവിധ ആദിവാസി സംഘടനകള്‍. ഈ നടപടി വഴി ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉള്ള അവസരം കൂടി ഇല്ലാതാകുമെന്നും ഇവര്‍ പറഞ്ഞു. ആദിവാസി ഗോത്രമഹാസഭ, കേരള ആദിവാസി ഫോറം എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കി.

ഒന്നാം സപ്ലിമെന്ററ്ി അലോട്ട്‌മെന്റിന് മുമ്പ് പട്ടികവര്‍ഗ്ഗ സീറ്റുകള്‍ ഉള്ള സ്‌കൂളുകളുടെയും ലഭ്യമായ സീറ്റുകളുടെയും എണ്ണം പ്രസിദ്ധപ്പെടുത്തിയിരുന്നു. പ്ലസ് വണ്‍ അലോട്ട്‌മെന്റിനുള്ള പ്രോസ്‌പെക്ടസിലും സപ്ലിമെന്റി അലോട്ട്‌മെന്റിന് മുന്‍പ് ഒഴിവുള്ള സീറ്റുകളുടെ എണ്ണം പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

എസ്.സി-എസ്.ടി സീറ്റുകള്‍ നിയമാനുസൃതം പ്രത്യേകമായി കാണിക്കേണ്ടതുണ്ട്. എന്നാല്‍ 19,20,21 തിയ്യതികളിലായി രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പ്രസ്തുത അവസരം നിഷേധിച്ചിരിക്കുകയാണെന്നും സംഘടനകള്‍ ആരോപിച്ചു.

ജനറല്‍ സീറ്റുകളിലേക്ക് എല്ലാ സീറ്റുകളും മാറ്റിയ മാറ്റിയ നിലയിലാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. അപേക്ഷ നല്‍കുമ്പോള്‍ മുന്‍ഗണന നല്‍കുന്ന സ്ഥാപനത്തിന്റെ കോഡും, കോഴ്‌സ് കോഡും വിദ്യാര്‍ത്ഥികല്‍ കാണിച്ചിരിക്കണം.

ഇന്നത്തെ നിലയില്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രസ്തുത കാറ്റഗറി ഒഴിവുകള്‍ കണ്ടെത്തി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയില്ല. ജനറല്‍ വിഭാഗത്തിലെ ഒഴിവുകളില്‍ അപേക്ഷിക്കണം. സ്വാഭാവികമായും അപേക്ഷിക്കുന്ന സ്ഥാപനത്തില്‍ എസ്.ടി സീറ്റില്ലെന്ന വാദമുയര്‍ത്തി അപേക്ഷ നിരസിക്കപ്പെടും. ഇന്നലെ സുല്‍ത്താന്‍ ബത്തേരി ടൗണില്‍ മാത്രം അമ്പതോളം എസ്.ടി വിദ്യാര്‍ത്ഥികള്‍ അപേക്ഷ പുതുക്കാന്‍ കഴിയാതെ തിരിച്ചു പോയി. ആയിരത്തോളം എസ്.ടി വിദ്യാര്‍ത്ഥികള്‍ വയനാട്ടില്‍ സീറ്റ് ലഭിക്കാതെ അവശേഷിക്കുന്നുണ്ടെന്നും സംഘടനകള്‍ പറയുന്നു.

വയനാട് ജില്ലയിലെ സീറ്റ് കുറവിന്റെ പശ്ചാത്തലത്തില്‍ മറ്റ് ജില്ലകളിലെ അധികമായി വരുന്ന എസ്.ടി സീറ്റുകള്‍ വയനാട്, കാസര്‍ഗോഡ് തുടങ്ങിയ ആദിവാസി മേഖലകള്‍ക്ക് കൈമാറണമെന്ന് ആദിവാസി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

ഇപ്പോല്‍ 6000ലധികം എസ്.ടി സീറ്റുകള്‍ ജനറല്‍ കാറ്റഗറിയിലേക്ക് കൈമാറ്രം ചെയ്യപ്പെട്ടിരിക്കുകയാണ്. തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം തുടങ്ങിയ അഞ്ച് ജില്ലകളിലെക്ക് സാമ്പത്തിക ബാധ്യതയില്ലാത്ത വിധം 10% സീറ്റുകള്‍ വര്‍ധിപ്പിച്ചു നല്‍കുമെന്ന നയം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം സപ്ലിമെന്റി അലോട്ട്‌മെന്റില്‍ തന്നെ എസ്.സി സീറ്റുകള്‍ ജനറല്‍ കാറ്റഗറിയിലേക്ക് കൈമാറിയാണ് ഈ നയം നടപ്പാക്കിയെന്നാണ് ന്യായമായും സംശയിക്കുന്നതെന്നും സംഘടനകള്‍ ആരോപിക്കുന്നു.

ആദിവാസി വിരുദ്ധമായ നടപടി ഹയര്‍ സെക്കന്‍ഡറി സെക്രട്ടറിയേറ്റ് തിരുത്തണം. എസ്-എസ്.ടി വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സ്‌പെഷ്യല്‍ അലോട്ടമെന്റിനുള്ള അവസരം നല്‍കുകയും പട്ടികവര്‍ഗ്ഗ സീറ്റുകള്‍ കൂടുതല്‍ മറ്റ് ജില്ലകളില്‍ നിന്നും കുറവുള്ള വയനാട് പോലുള്ള മേഖലകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള നടപടിയും ഇതോടൊപ്പം കൈക്കൊള്ളേണ്ടതാണ്.

ഡിഗ്രി തലത്തിലുള്ള അലോട്ടമെന്റിന് എസ്-എസ്.ടി വിഭാഗങ്ങള്‍ക്കായി സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് നടത്താറുണ്ട്. സ്‌പോട്ട് അലോട്ടമെന്റിന് ശേഷം മാത്രമേ എസ്.ടി വിഭാഗക്കാരുടെ അഭാവത്തില്‍ ഇതര വിഭാഗങ്ങള്‍ക്ക് സീറ്റ് കൈമാറ്റം ചെയ്യാന്‍ പാടുള്ളു എന്നും ഇവര്‍ ആവശ്യപ്പെട്ടു.

ഇക്കാര്യം ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി, പട്ടികജാതി-പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി, പട്ടികജാതി-പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, വയനാട് ജില്ലാ കളക്ടര്‍, പ്രൊജക്ട് ഓഫീസര്‍, സി.കെ ശശീന്ദ്രന്‍ എം.എല്‍.എ എന്നിവര്‍ക്ക് പരാതി നല്‍കി. ഇനിയും ഈ നിലപാട് സര്‍ക്കാര്‍ മാറ്റിയില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കുമെന്നും സംഘടനകള്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more