| Wednesday, 14th March 2018, 7:56 am

പുഴയിലിറങ്ങി കുളിച്ചതിന് വനപാലകര്‍ വെടിവച്ചു; ആദിവാസി യുവാവ് ജീവനൊടുക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുല്‍പ്പള്ളി: ജോലി കഴിഞ്ഞ് വയനാട് പുല്‍പ്പള്ളി കന്നാരം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ വനപാലകര്‍ വെടിവെച്ച ആദിവാസി യുവാവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചു. വണ്ടിക്കടവ് പണിയകോളനിയിലെ വിനോദ് ആണ് ആത്മഹത്യ ചെയ്തത്.

ഞായറാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് കര്‍ണ്ണാടക കേരള അതിര്‍ത്തി പുഴയായ കന്നാരംപുഴയില്‍ കുളിക്കാനിറങ്ങിയ വിനോദിന് നേരെ കര്‍ണ്ണാടക വനപാലകര്‍ വെടി വെക്കുകയായിരുന്നു. വനാതിര്‍ത്തിയില്‍ കാവല്‍ നിന്ന രണ്ട് വനപാലകരാണ് വെടിവെച്ചതെന്ന് വിനോദ് പറഞ്ഞിരുന്നു.

വെടിയൊച്ച ശബ്ദം കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും വനപാലകര്‍ സ്ഥലം വിട്ടിരുന്നു. ഭയന്ന് ഓടി രക്ഷപ്പെടുന്നതിനിടെ പാറയില്‍ തട്ടി വീണ് വിനോദിനും പരിക്കേറ്റിരുന്നു. സംഭവത്തിനുശേഷം വിനോദ് ഭയന്നുവിറച്ച് വീട്ടിനുള്ളില്‍ത്തന്നെ കഴിഞ്ഞുകൂടുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രത്തിനുകീഴിലെ വെള്ള റെയ്ഞ്ചിന്റെ കീഴില്‍ ജോലി നോക്കിയിരുന്ന മഞ്ജുനാഥിനെ കര്‍ണ്ണാടക വനംവകുപ്പ് ബേഗൂര്‍ റെയിഞ്ചിലേക്ക് സ്ഥലം മാറ്റി.

We use cookies to give you the best possible experience. Learn more