| Saturday, 2nd November 2024, 7:35 pm

സി.പി.ഐ.എമ്മില്‍ ജാതി വിവേചനമെന്ന് പരാതി; പാര്‍ട്ടിവിട്ട് ആദിവാസി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: വയനാട്ടില്‍ സി.പി.ഐ.എം വിട്ട് ആദിവാസി നേതാവ് ബിജു കാക്കത്തോട്. സി.പി.ഐ.എമ്മിനുള്ളില്‍ ജാതി വിവേചനമുണ്ടെന്ന് ആരോപിച്ചാണ് ബിജു പാര്‍ട്ടി വിട്ടത്.

എ.കെ.എസ് ജില്ലാ കമ്മിറ്റി അംഗവും ഏരിയ കമ്മിറ്റി പ്രസിഡന്റുമായിരുന്നു ബിജു. പാര്‍ട്ടി നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജി. സി.പി.ഐ.എമ്മിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുമായി ബന്ധമുണ്ടെന്നും ബിജു പറഞ്ഞു. പാര്‍ട്ടി തന്നോട് പറഞ്ഞ കാര്യങ്ങള്‍ ഒന്നും തന്നെ ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നും ബിജു പ്രതികരിച്ചു.

തന്നോടുള്ള പാര്‍ട്ടിയുടെ സമീപനം ശരിയല്ലെന്നും നിലപാടുകള്‍ ഉള്ളവര്‍ക്ക് പ്രസ്ഥാനത്തില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്നും ബിജു ആരോപിച്ചു. ലോക്കല്‍ കമ്മിറ്റിയില്‍ നിന്നുപോലും തന്നെ മാറ്റിനിര്‍ത്തുന്ന സാഹചര്യമുണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു.

സി.കെ. ജാനുവിന്റെ വീട്ടില്‍ കയറി റെയ്ഡ് ചെയ്യുകയും ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്യുന്ന പൊലീസ് എന്തുകൊണ്ട് കെ. സുരേന്ദ്രന്റെ വീട് റെയ്ഡ് ചെയ്യുന്നില്ലെന്നും ബിജു ചോദിച്ചു.

ചില ബന്ധങ്ങള്‍ പുറത്തുവരും എന്നുള്ളതിനാലാണ് ഇത്തരം നടപടികള്‍ ഉണ്ടാകാത്തതെന്നും ബിജു പ്രതികരിച്ചു.

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജുവിന്റെ രാജി. നേരത്തെ ബിജു എന്‍.ഡി.എ ജില്ലാ കണ്‍വീനറായിരുന്നു. തുടര്‍ന്ന് 2021ലാണ് ബിജു സി.പി.ഐ.എമ്മില്‍ ചേരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച നേതാവ് കൂടിയാണ് ബിജു കാക്കത്തോട്.

സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം ശ്രീമതിയുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് ബിജു എന്‍.ഡി.എ വിടുന്നത്.

Content Highlight: Tribal leader left CPIM in Wayanad

We use cookies to give you the best possible experience. Learn more