| Saturday, 4th September 2021, 6:53 pm

മണ്ണടിയാന്‍ മനസ്സില്ലെന്ന് മണ്ണ് മനുഷ്യര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിരന്തരം പ്രകൃതി ക്ഷോഭങ്ങളും വനമൃഗ ശല്യവും നേരിടുന്ന ഒരു ജനതയുടെ ചെറുത്തുനില്‍പ്പിന്റെ ചരിത്രമാണ് തൃശ്ശൂര്‍ ജില്ലയിലെ മലക്കാപ്പാറയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെ തമിഴ്‌നാടിന്റെ അതിര്‍ത്തി പങ്കിട്ട് ജീവിച്ചിരുന്ന ഇവര്‍ക്ക് പറയാനുള്ളത്. 12 ഓളം കുടുംബങ്ങളാണ് 11 മണിക്കൂര്‍ പുഴയിലൂടെ കനത്ത മഴയിലും ഭക്ഷണമില്ലാതെ എറണാകുളം ജില്ലയിലെ വൈശാലി ഗുഹയെ ലക്ഷ്യമാക്കി ജൂലൈ 5 ന് പുലര്‍ച്ചെ പലായനം തുടങ്ങിയത്. 12 സ്ത്രീകളും, 12 കുട്ടികളും (സംഘത്തിലെ ഒരു കുട്ടിക്ക് വയസ്സ് രണ്ട് മാത്രം) പുരുഷന്മാരുമാണ് യാത്ര തുടങ്ങുന്നത്. സംഘത്തിലെ പതിനൊന്നു കുട്ടികള്‍ വിദ്യാര്‍ത്ഥികളാണ്. 39 പേരാണ് മുള കൊണ്ടുള്ള പതിനഞ്ച് ചെറു ചങ്ങാടങ്ങളില്‍ വളരെ അപകടകരമായ സാഹചര്യത്തില്‍ ഇടമലയാര്‍ പുഴയിലൂടെ 28 കിലോമീറ്റര്‍ നീളുന്ന പലായനത്തിന് മുതിര്‍ന്നത്. 11 മന്നാന്‍ കുടുംബങ്ങളും ഒരു മുതുവാന്‍ കുടുംബവും സംഘത്തിലുണ്ടായിരുന്നു.

സ്ത്രീകളും കുട്ടികളുമെല്ലാം മാറി മാറി തുഴഞ്ഞാണ് അവര്‍ വൈശാലി ഗുഹയില്‍ എത്തിയത്. തുഴഞ്ഞ് അവശരായപ്പോള്‍ ഉറങ്ങിയത് പുഴയോരത്തായിരുന്നു. ഇപ്പോഴും തുഴഞ്ഞതിന്റെ വേദന അവരെ വിട്ടുമാറിയിട്ടില്ല. മഴയിലും കാറ്റിലും പേടിച്ചരണ്ട കുഞ്ഞുങ്ങളെ
പറഞ്ഞ് സമാധാനിപ്പിച്ചത് നമുക്ക് വൈശാലി ഗുഹയില്‍ എത്താമല്ലോ എന്ന് പറഞ്ഞായിരുന്നു. കട്ടന്‍ ചായയായിരുന്നു ഭക്ഷണം. 11 മണിക്കൂര്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ സംഘം വൈശാലി ഗുഹയ്ക്ക് സമീപം എത്തി കുടില്‍ കെട്ടാന്‍ തുടങ്ങി. വൈശാലി ഗുഹ അവര്‍ക്ക് പൂര്‍വ്വികരുടെ മണ്ണാണ്. ഗുഹ നിലനില്‍ക്കുന്ന ഇടമടക്കമുള്ള പരിസര പ്രദേശങ്ങളിലുമാണ് ഇവരുടെ പൂര്‍വ്വികര്‍ താമസിച്ചിരുന്നത്.
ഇവിടെ നിന്നാണ് അവരെ അറാകാപ്പിലേക്ക് മാറ്റി പാര്‍പ്പിച്ചത്. ഇവരുടെ പ്രാചീന ആരാധനാകേന്ദ്രവും ഇവിടെയാണുള്ളത്.

നീതിക്ക് വേണ്ടിയുള്ള സമരം പൂര്‍വ്വികരുടെ മണ്ണിലെത്തി തന്നെ അവര്‍ തുടങ്ങി. വൈകുന്നേരത്തോടെ വനം വകുപ്പ് ഇവരെ അനുനയിപ്പിച്ച് ഇടമലയാര്‍ ട്രൈബല്‍ ഹോസ്റ്റലില്‍ എത്തിച്ചു. അന്ന് രാത്രിയും ഭക്ഷണമില്ലാതെയാണ് അവര്‍ ഉറങ്ങിയത്. പിന്നീടിങ്ങോട്ട് അധികൃതരുടെ ഭാഗത്തു നിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടായതേ ഇല്ല എന്നവര്‍ പറയുന്നു.

ഭൂമിശാസ്ത്രപരമായ പരിമിതികള്‍ വഴി നേരിട്ട ഒറ്റപ്പെടലാണ് ഇത്തമൊരു പലായനത്തിലേക്ക് ഈ ജനതയെ എത്തിച്ചത്. ഏറ്റവും പ്രാഥമിക സൗകര്യങ്ങള്‍ പോലും ഇല്ലാതെയാണ് അവര്‍ ജീവിതത്തെ നേരിട്ടുകൊണ്ടിരുന്നത്. ഭക്ഷണസാധനങ്ങള്‍ ലഭ്യമാകുന്നതിനും വിദ്യാഭ്യാസത്തിനും മരുന്നിനും മറ്റു കാര്യങ്ങള്‍ക്കും 4 കിലോമീറ്റര്‍ എങ്കിലും അവര്‍ക്ക് സഞ്ചരിക്കേണ്ടി വരുന്നു. അടുത്തുള്ള ടൗണ്‍, മികച്ച
ആശുപത്രി സൗകര്യങ്ങളും ലഭ്യക്കണമെങ്കില്‍ 88 കിലോമീറ്റര്‍ സഞ്ചരിക്കണമായിരുന്നു. വികസനത്തില്‍ ഏറെ പിറകിലായിരുന്ന അറാകാപ്പില്‍ 5 കൊല്ലം മുമ്പ് മാത്രമാണ് വൈദ്യുതി എത്തിയത്. മിക്ക കുട്ടികളും ട്രൈബല്‍ ഹോസ്റ്റലുകളില്‍ നിന്നായിരുന്നു പഠിച്ചിരുന്നത്. എന്നാല്‍ കോവിഡ് വന്നതോടെ പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണ്‍ ഹോസ്റ്റലുകളില്‍ നിന്ന് കുട്ടികളെ തിരികെ കോളനിയില്‍ എത്തിച്ചു. പഠനം ഓണ്‍ലൈനിലേക്ക് മാറി.

ഇടമലയാര്‍ ട്രൈബല്‍ ഹോസ്റ്റലില്‍ കഴിയുന്ന ആദിവാസി കുടുംബങ്ങള്‍ക്കൊപ്പം ദിശ പ്രവര്‍ത്തകര്‍

എന്നാല്‍ കോളനിയില്‍ തിരികെയെത്തിയ കുഞ്ഞുങ്ങള്‍ക്ക് ഫോണ്‍, ടി.വി, നെറ്റ്‌വര്‍ക്ക് സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഇതുവരെ പുതിയ വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമാകുവാന്‍ സാധിച്ചിട്ടില്ല. ഫോണോ ടി.വിയോ ലഭ്യമായാല്‍ പോലും നെറ്റ്‌വര്‍ക്ക് ഇല്ലാത്തതിനാല്‍ പഠനം തുടരാന്‍ സാധിക്കുകയുമില്ല.

2019 ല്‍ പുലി ആക്രമിച്ചു ഒരുവൃദ്ധ കൊല്ലപ്പെട്ടിരുന്നു. രാത്രിയില്‍ പ്രസവവേദനയാല്‍ വലഞ്ഞ യുവതിക്ക് ആശുപത്രിയില്‍ എത്തുവാനുള്ള സൗകര്യം ലഭ്യമല്ലാതിരുന്നതിനാല്‍ കുഞ്ഞിനെ നഷ്ടമായി. കുടിവെള്ളത്തിനായി 4 കിലോമീറ്റര്‍ ദിവസവും നടക്കേണ്ടിവരുന്നു. കുഞ്ഞുങ്ങള്‍ക്ക് അംഗനവാടികള്‍
ഇല്ല. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കോ കോളനിയിലേക്കോ റോഡ് സൗകര്യം ഒട്ടും ഇല്ല. മഴക്കാലത്ത് ഈര്‍പ്പമേറിയ അന്തരീക്ഷത്തില്‍ വേണ്ടത്ര സൂര്യപ്രകാശമില്ലാത്തതു മൂലമുള്ള പ്രശ്‌നങ്ങള്‍ സ്ത്രീകളുടെയും പെണ്‍കുട്ടികള്‍ക്കും ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

ഈറ്റപ്പുരകളിലാണ് ഇവര്‍ ആ ദിവസങ്ങളില്‍ താമസിക്കുന്നത്. തണുപ്പിനെ പ്രതിരോധിക്കുവാനുള്ള കഴിവ് ഈ
വീടുകള്‍ക്കില്ല. ശുചിമുറികള്‍ ഇല്ലാത്തതിനാല്‍ തുറസ്സായ സ്ഥലങ്ങളാണ് മല മൂത്ര വിസര്‍ജനത്തി
ന് ഉപയോഗിക്കുന്നത്. കോളനികളില്‍ ഒരാള്‍ മരിച്ചാല്‍ മൃതദേഹം കാടുകള്‍ക്കകത്താണ് അടക്കം
ചെയ്യുന്നത്.

ഇതിനിടയിലാണ് 2018 ലെ പ്രളയം കടന്നുവരുന്നത്. അതുണ്ടാക്കിയ കനത്ത നാശനഷ്ടങ്ങളില്‍ നിന്ന് ഇവര്‍ ഇനിയും കര കയറിയിട്ടില്ല.
2019 ലെ പ്രളയത്തിലും ഇത് ആവര്‍ത്തിച്ചു. കനത്ത ഉരുള്‍ പൊട്ടലിനെ അതിജീവിക്കുവാന്‍ കഴിയില്ല എന്ന് ഉറപ്പായതു കൊണ്ടാണ് മേല്‍പറഞ്ഞ പ്രശ്‌നങ്ങളെ സഹിച്ച് വന്നിരുന്ന ഇവര്‍ മറ്റൊന്നും നോക്കാതെ ഒടുവില്‍ നീതിക്കായി വൈശാലി ഗുഹയിലേക്ക് ചങ്ങാടം തുഴഞ്ഞ് അവശ്യ സാധനങ്ങളും ജീവനും മാത്രം കൈയിലെടുത്ത് പുറപ്പെട്ടത്.

കൈമാറ്റം ചെയ്യാന്‍ അവകാശമില്ലാത്ത ഭൂമി ഇവരില്‍ മിക്കവര്‍ക്കുമുണ്ട് 2 ഏക്കര്‍
മുതല്‍ 7 ഏക്കര്‍ വരെ. സര്‍ക്കാരിന് അവര്‍ ഭൂവുടമകളാണ്. സ്വന്തമായി കൈമാറ്റം ചെയ്യാന്‍ അധികാരമില്ലാത്ത ഭൂമിയിലെ അവകാശത്തിലും വലുത് സ്വന്തം ജീവനെന്ന് തിരിച്ചറിഞ്ഞ ജനതയുടെ അവശ്യ ബോധമാണ് അറാകാപ്പില്‍
നിന്നും ഇടമലയാര്‍ ട്രൈബല്‍ ഹോസ്റ്റലില്‍ ഇപ്പോള്‍ എത്തി ചേര്‍ന്നിരിക്കുന്ന ആളുകളില്‍ നിറഞ്ഞ്
നില്‍ക്കുന്നത്. 11 മന്നാന്‍ കുടുംബവും ഒരു മുതുവാന്‍ കുടുംബവുമാണ് ഇവിടെ എത്തിയിരിക്കുന്നത്.

സംഭവമറിഞ്ഞ് വിവിധ സംഘടനകള്‍ എത്തിച്ച സഹായങ്ങളിലാണ് നിലവില്‍ ഭക്ഷണമടക്കുള്ള കാര്യങ്ങള്‍ കഴിഞ്ഞുപോകുന്നത്. നെറ്റ് വര്‍ക്ക് ലഭ്യമല്ലാത്തതിനാല്‍ ടി.വിയോ ഫോണോ വഴിയും ഇവര്‍ക്കോ പുറം ലോകത്തിനോ പരസ്പരം ബന്ധപ്പെടാനാവുന്നില്ല. ജീവിക്കാനും കൃഷി ചെയ്യാനുമാവശ്യമായ ഭൂമിയും പ്രാഥമിക സൗകര്യങ്ങളുമാണ് അവര്‍ക്ക് വേണ്ടത്. അതില്‍ കുറഞ്ഞൊന്നും, കൂടുതലും അവര്‍ ആവശ്യപ്പെടുന്നില്ല. ഇടമലയാര്‍ ഡാം പണിയുമ്പോള്‍ തങ്ങളുടെ അധ്വാനം അതിന് ഉപയോഗിച്ചു.

അതു വഴി നാട് വികസനത്തിലേക്ക് പോയിട്ടും തങ്ങള്‍ പഴയ കിടപ്പ് തുടരുന്നു. അറാകാപ്പിലെ ഭൂമിയില്‍ മെച്ചപ്പെട്ട
സൗകര്യങ്ങള്‍ ഉണ്ടാക്കി തരാം എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആ ഭൂമിയില്‍ മന്ത്രിമാര്‍ പോയി താമസിക്കട്ടെ
എന്നവര്‍ തിരിച്ചുപറയുന്നു. തങ്ങള്‍ക്കോ ഞങ്ങളുടെ തലമുറകള്‍ക്കോ വേണ്ടത് മാന്യമായ ജീവിതമാണ്.

കടുത്ത മാനസിക ആഘാതമേറ്റതിനാല്‍ ഞങ്ങളോട് സംസാരിക്കുമ്പോഴും കുഞ്ഞുങ്ങളുടെ കണ്ണില്‍ അര
ക്ഷിതാവസ്ഥ നിഴലിക്കുന്നുണ്ടായിരുന്നു. 2 വര്‍ഷമായി പഠിക്കാന്‍ സാധിക്കാത്തതിന്റെ വിഷമം വേദനയോടെയാണ് അവര്‍ പങ്കു വെച്ചത്. സ്വന്തം മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുവാന്‍ ഉതകാത്ത ഭൂമി തങ്ങള്‍ക്ക് വേണ്ട എന്ന് പറയുന്ന മന്നാന്‍ സമൂഹത്തെ
കൂടുതല്‍ അറിയുവാന്‍ മന്നാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം കൂടി മനസ്സിലാക്കേണ്ടത് ഉണ്ട്. മന്നാന്‍ എന്നാല്‍ മണ്ണ് മനുഷ്യന്‍ എന്നാണര്‍ത്ഥം.

മണ്ണില്ലാതെ അവരിപ്പോള്‍ അലയുന്നു. ഈ അലച്ചില്‍ ബന്ധപ്പെട്ട അധികാരികളുടെയും സമൂഹത്തിന്റെയും ചെവികളില്‍ എത്തേണ്ടതുണ്ട്.
അവര്‍ മണ്ണ് മനുഷ്യരാണ്. മണ്ണില്ലാതെ മണ്ണടിയേണ്ടവരല്ല.

മൃദുലാദേവി എസ്., ദിനു വെയില്‍, അനന്തുരാജ്, ശ്രീവാസ്

We use cookies to give you the best possible experience. Learn more