| Thursday, 23rd June 2022, 6:19 pm

മെഡിക്കല്‍ സയന്‍സിനെ കുറിച്ച് തനിക്കെന്തറിയാം; അത്യാസന്ന നിലയിലുള്ള പിതാവിന്റെ രോഗവിവരം അന്വേഷിച്ച ആദിവാസി യുവാവിനെ അധിക്ഷേപിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയോധികനും കുടുംബത്തിനും ആശുപത്രി ജീവനക്കാരില്‍ നിന്നും അവഗണനയെന്ന് പരാതി. അട്ടപ്പാടി പോത്തുപ്പാടി ഊരിലെ മുരുകനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്നത്.

അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരായ തങ്ങളോട് ഡോക്ടര്‍മാരടക്കമുള്ള ആശുപത്രി ജീവനക്കാര്‍ വളരെ മോശമായാണ് പെരുമാറുന്നത് എന്ന് മുരുകന്റെ മകന്‍ സുരേഷ് കുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. പിതാവിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ചോദിച്ചപ്പോള്‍ അധിക്ഷേപിച്ച് സംസാരിക്കുകയായിരുന്നു എന്ന് സുരേഷ്‌കുമാര്‍  പറഞ്ഞു.

ഒരാഴ്ച മുന്‍പാണ് മുരുകന് അട്ടപ്പാടി ചിറ്റൂരില്‍ വെച്ച് വാഹനാപകടത്തില്‍ പരിക്കേറ്റത്. ഉടന്‍ തന്നെ അഗളി കുടുംബാരോഗ്യ കേന്ദ്രത്തിലും കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും എത്തിച്ചെങ്കിലും വെന്റിലേറ്റര്‍ സൗകര്യമുള്ള കോഴിക്കോട്ടേയെ തൃശൂരിലെയോ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

എന്നാല്‍ ഈ രണ്ട് ആശുപത്രികളിലും വെന്റിലേറ്റര്‍ സൗകര്യം അന്ന് ലഭ്യമാകാതിരുന്നതിനാല്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശേഷം ഈ മാസം 17ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് വരികയുമാണ് ചെയ്തത്. നിലവില്‍ മുരുകന്റെ ആരോഗ്യ സ്ഥിതി വളരെ പരിതാപകരകമാണെന്നാണ് ആശുപത്രി അധികൃതരില്‍ നിന്ന് ലഭിച്ച വിവരമെന്ന് സുരേഷ് കുമാര്‍ പറയുന്നു.

പിതാവിന്റെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുമ്പോള്‍ അധിക്ഷേപിക്കുകയും ദേഷ്യപ്പെടുകയുമാണ് ഡോക്ടര്‍മാരടക്കമുള്ള ആശുപത്രി ജീവനക്കാര്‍ ചെയ്യുന്നതെന്നും സുരേഷ് കുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. സാധാരണ രീതിയില്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള രോഗികളുടെ ചികിത്സാ ചെലവുകള്‍ അതാത് ആശുപത്രികളിലെ എസ്.ടി പ്രമോട്ടര്‍മാര്‍ വഴി സര്‍ക്കാറാണ് വഹിക്കാറുള്ളത്. എന്നാല്‍ കോട്ടത്തറ ആശുപത്രിയില്‍ നിന്നും പോന്നതിന് ശേഷമുള്ള മുഴുവന്‍ ചെലവുകളും തങ്ങള്‍ സ്വയം കണ്ടെത്തുകയാണ് ചെയ്തിട്ടുള്ളത് എന്നും സുരേഷ് കുമാര്‍ പറയുന്നു.

ചികിത്സാ ചെലവ് നല്‍കിയില്ലെങ്കിലും വിവരങ്ങള്‍ അന്വേഷിക്കുമ്പോള്‍ നല്ല രീതിയില്‍ മറുപടിയെങ്കിലും പറഞ്ഞാല്‍ മതിയെന്നാണ് സുരേഷ് പറയുന്നത്. ‘ഏറ്റവും മികച്ച ആശുപത്രിയും ചികിത്സ സംവിധാനങ്ങളുമൊക്കെയാണെങ്കിലും ജീവനക്കാരുടെ സമീപനം വല്ലാതെ സങ്കടപ്പെടുത്തി. അത്യാസന്ന നിലയില്‍ കിടക്കുന്ന അച്ഛന്റെ ആരോഗ്യ സ്ഥിതി അന്വേഷിച്ചപ്പോള്‍ ‘മെഡിക്കല്‍ സയന്‍സിനെ കുറിച്ച് തനിക്കെന്തറിയാം, രണ്ട് മണിക്കൂറിനുള്ളില്‍ തന്റെ അച്ഛന്‍ മരിക്കും’ എന്നാണ് ജീവനക്കാര്‍ പറഞ്ഞത്,’ സുരേഷ് കുമാര്‍ പറഞ്ഞു.

പിതാവിനെ ചികിത്സിക്കുന്ന മുതിര്‍ന്ന ഡോക്ടറുടെ പേര് ചോദിച്ചപ്പോള്‍ പി.ജി ഡോക്ടര്‍മാര്‍ ദേഷ്യപ്പെട്ടതായും സുരേഷ് കുമാര്‍ പറഞ്ഞു. തനിക്കും രോഗിയായ പിതാവിനും കുടുംബത്തിനും നേരിട്ട അധിക്ഷേപത്തെ കുറിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എസ്.ടി പ്രമോട്ടറോട് പറഞ്ഞെങ്കിലും പൊലീസില്‍ പരാതി നല്‍കാനാണ് പറഞ്ഞത്. ഡോക്ടര്‍മാര്‍ക്കെതിരെ പരാതി പറഞ്ഞാല്‍ തന്റെ ജോലിയെ ബാധിക്കുമെന്നും എസ്.ടി പ്രമോട്ടര്‍ പറഞ്ഞതായി സുരേഷ് കുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

CONTENT HIGHLIGHTS : Tribal family Insulted at Kozhikode Medical College

Latest Stories

We use cookies to give you the best possible experience. Learn more