| Friday, 3rd May 2019, 6:03 pm

കുത്തിയിരിപ്പ് സമരം വിജയം കണ്ടു: വീടുകൾ നേടി ആദിവാസി കുടുംബങ്ങൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാനന്തവാടി: വീട് നിർമ്മാണം വനം വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞതില്‍ പ്രതിഷേധിച്ച് ആദിവാസി കുടുംബങ്ങൾ നോർത്ത് വയനാട് ഡി.എഫ്.ഒ. ഓഫീസിന് മുന്നിൽ നടത്തിയ കുത്തിയിരിപ്പ് സമരം വിജയം കണ്ടു. തിരുനെല്ലി പഞ്ചായത്തിലെ അരണപ്പാറ മധ്യപ്പാടി കാട്ടുനായിക്ക കോളനിയിലെ സുനിത രമേശന്‍, ജാനുബാലന്‍ എന്നിവരുടെ വീട് നിര്‍മ്മാണമാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. പഞ്ചായത്ത് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇരുവര്‍ക്കും വീട് അനുവദിക്കാൻ തീരുമാനമായിട്ടുണ്ട്.

വീടുകളുടെ തറ കെട്ടികഴിഞ്ഞപ്പോഴാണ് കാരണം വ്യക്തമാക്കാതെ നോര്‍ത്ത് വയനാട് ഡി.എഫ്.ഒ നിർമ്മാണം തടഞ്ഞുകൊണ്ട് നടപടിയെടുത്തത്. വീട് നിര്‍മ്മിക്കാന്‍ തൊണ്ണുറായിരം രൂപ വീതം ഇരുവര്‍ക്കും പഞ്ചായത്ത് ഗഡു അനുവദിച്ചിരുന്നു. ഏഴ് കൊല്ലം മുമ്പ് വനം വകുപ്പ് ഇവരെ മാറ്റിപ്പാര്‍പ്പിച്ച സ്ഥലത്തുള്ള വീട് നിർമാണമാണ് തടയപ്പെട്ടത്.

മൂന്ന് കിലോമീറ്റര്‍ അകലെയുള്ള മല്ലികപ്പാറ കുന്നിലാണ് നേരത്തെ ഇവര്‍ മുൻപ് താമസിച്ചിരുന്നത്. കാടിനാൽ ചുറ്റപ്പെട്ട മല്ലികപ്പാറയില്‍ വന്യമൃഗങ്ങളുടെ ശല്യം രുക്ഷമായതിനെ തുടന്നാണ് വനം വകുപ്പ് ഇവരെ മധ്യപ്പാടിയിലേക്ക് മാറ്റി പാര്‍പ്പിച്ചത്.

ജാനുവിന്റെ ഭര്‍തൃപിതാവ് വെള്ളു ഏഴ് വര്‍ഷം മുമ്പ് മല്ലികപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനിടെയാണ് വീടുകളും കാട്ടാനകൾ തകർത്തത്. തുടര്‍ന്നാണ് വനം വകുപ്പ് ഇവരെ മധ്യപ്പാടിയില്‍ തമാസിപ്പിച്ചത്. ജാനുവിനും സുനിതക്കും മറ്റെവിടെയും ഭൂമിയില്ല.

ഇവിടെ കുടില്‍ കെട്ടികഴിയുകയായിരുന്ന ഇവര്‍ പഞ്ചായത്ത് ലൈഫ് പദ്ധതി പ്രകാരം ധനസഹായം അനുവദിച്ചതോടെയാണ് വീട്പണി തുടങ്ങിയത്. നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. ആര്‍.കീര്‍ത്തി നടത്തിയ ചര്‍ച്ചയില്‍ ഒരാഴ്ച്ചക്കുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വീട് നിര്‍മ്മാണത്തിന് അനുമതി നല്‍കുമെന്ന് ഉറപ്പ് നൽകി.

We use cookies to give you the best possible experience. Learn more