national news
ഗോത്രവകുപ്പ് കൈകാര്യം ചെയ്യേണ്ടത് ഉന്നതകുലജാതന്‍: പ്രസ്താവന പിന്‍വലിച്ച് സുരേഷ് ഗോപി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 02, 11:45 am
Sunday, 2nd February 2025, 5:15 pm

തിരുവനന്തപുരം: വംശീയ പരാമര്‍ശം നടത്തിയ സംഭവത്തില്‍ പ്രസ്താവന പിന്‍വലിക്കുന്നുവെന്ന് സുരേഷ് ഗോപി. താന്‍ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ പ്രസ്താവന പിന്‍വലിക്കുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു.

തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും പറഞ്ഞത് മുഴുവന്‍ കൊടുത്തില്ലെന്നും സുരേഷ് ഗോപി ആരോപിച്ചു. പ്രസ്താവന ഹൃദയത്തില്‍ നിന്ന് വന്നതാണെന്നും നല്ല ഉദ്ദേശം മാത്രമാണുണ്ടായിരുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

മുന്നോക്ക ജാതിക്കാരുടെ കാര്യം നോക്കാന്‍ പിന്നാക്കക്കാരെയും കൊണ്ടുവരണമെന്ന് പറഞ്ഞതാണെന്നും തനിക്ക് ആ ജോലി ചെയ്യാന്‍ ഇപ്പോഴും ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നല്ല രീതിയില്‍ പറഞ്ഞ കാര്യത്തെ വളച്ചൊടിച്ച് എടുത്തിട്ട് പെരുമാറുകയാണെന്നും ബജറ്റിന്റെ നന്മ കെടുത്തി കളയലാണ് അവരുടെയൊക്കെ ഉദ്ദേശമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഗോത്രകാര്യ വകുപ്പ് ഉന്നത കുലജാതരാണ് കൈകാര്യം ചെയ്യേണ്ടതെന്നും എങ്കിലേ ആ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് പുരോഗതിയുണ്ടാകൂ എന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന.

തനിക്ക് ആ വകുപ്പ് കൈകാര്യം ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും താന്‍ ഇക്കാര്യം പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ദല്‍ഹിയിലെ മയൂര്‍ വിഹാറില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കവേയായിരുന്നു പരാമര്‍ശം.

2016ല്‍ താന്‍ എം.പിയായിരുന്നപ്പോള്‍ മുതല്‍ പ്രധാനമന്ത്രിയോട് ഇക്കാര്യം പറയാറുണ്ടായിരുന്നെന്നും സുരേഷ് ഗോപി പറയുന്നുണ്ട്. സിവില്‍ ഏവിയേഷന്‍ വകുപ്പ് തനിക്ക് വേണ്ടെന്നും തന്നെ ട്രൈബല്‍ വകുപ്പിന്റെ ചുമതല ഏല്‍പ്പിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

ട്രൈബല്‍ വകുപ്പ് മന്ത്രി ഒരിക്കലും ട്രൈബല്‍ വിഭാഗത്തിന് പുറത്തുള്ളവരാകില്ല എന്നത് നമ്മുടെ നാടിന്റെ ശാപമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ട്രൈബല്‍ വകുപ്പിന്റെ മന്ത്രിയാകേണ്ടത് ബ്രാഹ്‌മിണ്‍, നായിഡു വിഭാഗത്തില്‍പ്പെട്ട ഉന്നതകുലജാതരാകണമെന്നും എങ്കില്‍ ആ സമൂഹത്തില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രൈബല്‍ വിഭാഗത്തില്‍ നിന്നുള്ളവരെ മുന്നോക്ക വിഭാഗത്തിന്റെ കാര്യങ്ങള്‍ നോക്കാനുള്ള മന്ത്രിയാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: Tribal Department should do its own thing: Upper Clan Jathan: Suresh Gopi retracted his statement