കേരളത്തില്‍ ഏറെ വിവാദങ്ങള്‍ക്കും ബഹളങ്ങള്‍ക്കും വഴിതെളിച്ച ശബരിമലയിലെ സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടയില്‍ മറ്റൊരു സുപ്രധാന വിഷയംകൂടി ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുകയാണ്. ചരിത്രത്തില്‍ നടന്ന ക്രൂരമായ ഒരു നീതി നിഷേധം. കേരളത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയില്‍ നിന്നും, തദ്ദേശീയരായിരുന്ന മലയരയ ആദിവാസികള്‍ ആട്ടിയോടിക്കപ്പെട്ടതിന്റെ വസ്തുകതളാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.
സംഘപരിവാറും തന്ത്രി കുടുംബവും പന്തളം കൊട്ടാരവുമെല്ലാം ആചാരസംരക്ഷക വേഷം ചമഞ്ഞുകൊണ്ട് മറച്ചുവെച്ച ഈ വസ്തുതകളെ മലയരയ ആദിവാസികള്‍ ചോദ്യം ചെയ്ത് പുറത്തുകൊണ്ടുവന്നിരിക്കുന്നു. ദളിത് ആദിവാസി ജനവിഭാഗങ്ങളടങ്ങുന്ന തദ്ദേശീയ ജനതയുടെ വൈവിധ്യമാര്‍ന്ന ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും മീതെ നടന്ന ബ്രാഹ്മണ്യാധികാര പ്രയോഗങ്ങള്‍, ഐതിഹ്യങ്ങളുടെയും വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കീഴാളപരിപ്രേക്ഷ്യങ്ങളെ അട്ടിമറിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ കേരളത്തില്‍ തന്നെയുണ്ട്. അവയില്‍ ചിലതിന്റെ വിശദാംശങ്ങളിലൂടെ….
ശബരിമലയുടെ കീഴാള ചരിത്രം
ശബരിമലയുടെ പൂര്‍വ്വകാല ചരിത്രം പരിശോധിച്ചാല്‍ പ്രചീനകാലഘട്ടം മുതല്‍ അവിടുത്തെ 18 മലകളില്‍ അധിവസിച്ചിരുന്ന മലയരയ സമുദായത്തിനും ഊരാളി, മലപണ്ടാരം തുടങ്ങിയ ഇതര ഗോത്രവര്‍ഗക്കാര്‍ക്കും അവകാശപ്പെട്ട/ വനവാകശമുള്ള മേഖലയാണിതെന്ന് മനസിലാക്കാന്‍ കഴിയും. കൃത്യമായ കാലഘട്ടം വ്യക്തമല്ലെങ്കിലും ഇവിടെയാണ് അയ്യപ്പനെന്ന് പറയുന്ന ഒരു പ്രതീകവത്കരിക്കപ്പെട്ട ദൈവസങ്കല്‍പ്പത്തിന്റെ സ്ഥാനം ഉരുത്തുരിഞ്ഞത്.
18 മലകള്‍ എന്നതിനെ പ്രതിനിധാനം ചെയ്യുന്നതാണ് ശബരിമലയിലെ പതിനെട്ട് പടികള്‍ എന്നുള്ളതാണ് ആദിവാസികളുടെ പാരമ്പര്യ വിശ്വാസം. അയ്യപ്പന്‍ തങ്ങളില്‍പ്പെട്ട ഒരാളായിരുന്നുവെന്നും അദ്ദേഹത്തിന്റെ അനുചരന്മാരാണ് വാവര്‍ സ്വാമിയും കടുത്താന്‍ എന്ന് പറയുന്ന ആദിവാസി മൂപ്പനും എന്നാണ് ഇവരുടെ സങ്കല്‍പം.
ആദിവാസികളുടെ കാര്‍ഷിക ജീവിതത്തിന്റെ ഭാഗമായി വിളവെടുപ്പിന് ശേഷം ഡിസംബര്‍ മാസം ദൈവത്തെ സന്ദര്‍ശിക്കുകയും നിവേദ്യങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യുന്ന സ്ഥലമായിരുന്നു അയ്യപ്പന്റെ ആസ്ഥാനം എന്നാണ് ഐതിഹ്യം. ആദിവാസികള്‍ക്കിടയില്‍ കൃഷി ചെയ്യുന്നവരും വേട്ടയാടുന്നവരും നായാടികളും ഉണ്ടായിരുന്നു. ഏപ്രില്‍, മെയ് മാസത്തില്‍ മണ്‍സൂണ്‍ കാലം തുടങ്ങുന്നതിന് മുമ്പുള്ള കാടുവെട്ടി കൃഷിയുടെ വിളവെടുപ്പിന് ശേഷം, സെപ്റ്റംബര്‍ ഒക്ടോബര്‍ മാസം കഴിഞ്ഞുള്ള വൃശ്ചികത്തിലാണ് അയ്യപ്പന് നിവേദ്യം അര്‍പ്പിക്കുന്നത്. ഈ നിവേദ്യം നല്‍കിയതിന് ശേഷമേ അടുത്ത കൃഷിയിലേക്ക് നീങ്ങുകയുള്ളൂ എന്നാണ് വിശ്വാസം. ഇതിന്റെ പിന്തുടര്‍ച്ച തന്നെയാണ് ശബരിമലയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ആചാരങ്ങളും.
പി.കെ സജീവ്
പെരിയാര്‍ വന്യജീവിസങ്കേതത്തിനകത്തെ, ശബരിമലയുള്‍പ്പെടെയുള്ള കാനന ക്ഷേത്രങ്ങള്‍ അതിന്റെ യഥാര്‍ത്ഥ അവകാശികള്‍ക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ആദിവാസികള്‍ നിയമപോരാട്ടത്തിനും പ്രക്ഷോഭത്തിനുമൊരുങ്ങുകയാണ്. “ശബരിമല മലയരയ വിഭാഗത്തിന് തിരികെ നല്‍കണം. സര്‍ക്കാര്‍ ഇതിനായി അടിയന്തരമായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണം. തുടര്‍ന്ന് നിയമനിര്‍മ്മാണം നടത്തണം” എന്നീ ആവശ്യങ്ങളാണ് ഇവര്‍ ഈ ഘട്ടത്തില്‍ ഉന്നയിക്കുന്നത്. ആദിവാസി ഗോത്രമഹാസഭയടക്കം പതിനഞ്ചോളം സംഘടനകള്‍ ചേര്‍ന്നാണ് പ്രക്ഷോഭങ്ങള്‍ക്കുള്ള ആഹ്വാനവുമായി മുന്നോട്ടുവന്നിരിക്കുന്നത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മണ്ഡലകാലത്ത് പ്രക്ഷോഭ യാത്ര സംഘടിപ്പിക്കാനാണ് ആലോചന.
ശബരിമലയിലെ മലയരയ ആദിവാസികള്‍ക്കുള്ള അവകാശം സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്ക് ചരിത്രാന്വേഷകനും ഐക്യമലയര മഹാസഭ നേതാവുമായ പികെ സജീവാണ് തുടക്കം കുറിച്ചത്. അവകാശം തിരിച്ചുലഭിക്കുന്നതിനായി സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യവും സജീവ് വ്യക്തമാക്കിയിരുന്നു. “ശബരിമലയുടെ ആദ്യ പൂജാരി കരിമലയരയനായിരുന്നു. മലയരയ ആദിവാസികളായിരുന്നു ക്ഷേത്രം പരിപാലിച്ചിരുന്നത്. എന്നാല്‍ 1902 മുതല്‍ താഴമണ്‍ കുടുംബം ശബരിമലയുടെ പൂജാരിമാരായി വന്നതിന് ശേഷം ഇവര്‍ അധികാരം തട്ടിപ്പറിക്കുകയും ജാതി പറഞ്ഞ് തങ്ങളെ അടിച്ചോടിക്കുകയുമായിരുന്നു”. പി.കെ സജീവ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. 1883ല്‍ സാമുവല്‍ മറ്റീര്‍ എഴുതിയ “നേറ്റീവ് ലൈഫ് ഇന്‍ ട്രാവന്‍കൂര്‍” എന്ന പുസ്തകത്തില്‍ ഇക്കാര്യങ്ങളെല്ലാം പറയുന്നുണ്ടെന്നും സജീവ് കൂട്ടിച്ചേര്‍ത്തു.
സജീവിന്റെ വാക്കുകള്‍
“ശബരിമലയുടെ ആദ്യത്തെ പൂജാരി കരിമലയരയനാണ്. രണ്ടാമത്തെ പൂജാരി താളനാനി അരയനാണ്. മൂന്നാമത്തെ പൂജാരി കോര്‍മന്‍ അരയനും. പിന്നീട് 1902 മുതലാണ് താഴമണ്‍ കുടുംബം ശബരിമല അയ്യപ്പന്റെ പൂജാരിമാരായി വരുന്നത്. ശബരിമലയിലെ ഒന്നാമത്തെ പടി കമഴ്ത്തിവെച്ചിരിക്കുകയാണ് അതില്‍ കരിമലയരയന്‍ വക എന്ന് കൊത്തിവെച്ചിട്ടുണ്ട്. ഞങ്ങളുടെ കാരണവന്‍മാരെയും മുത്തശ്ശന്‍മാരെയുമെല്ലാം ജാതി പറഞ്ഞ് അവിടെ നിന്ന് ഓടിക്കുകയായിരുന്നു. സ്വന്തം ആവാസമേഖലകളില്‍ നിന്നും ജാതിമേധാവിത്വം പുറത്താക്കിയ ഒരു ജനതയുടെ പ്രതിനിധികളാണ് ഞങ്ങള്‍”
“നിലയ്ക്കല്‍ മഹാദേവ ക്ഷേത്രത്തിന്റെ സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ രണ്ട് ചിത്രങ്ങള്‍ കിടക്കുന്നുണ്ട്. അത് 13ാം നൂറ്റാണ്ടിലെ ചിത്രങ്ങളാണ്. ഇതെല്ലാം നാഗരികതയുടെ ഭാഗമാണ്. ഈ മലകളിലെല്ലാം ഒരു ജനത വസിക്കുന്നുണ്ടായിരുന്നു. അവരുടെ കല്ലറകളും ഇവിടെയുണ്ട്. ഞങ്ങളുടെ പൂര്‍വികരെ ആരാണീ മലകളില്‍ നിന്നുമിറക്കി വിട്ടത്? ജനാധിപത്യത്തിനകത്തും നിലനില്‍ക്കുന്ന രാജാധികാരവും ബ്രാഹ്മണ്യവുമാണ് അത് ചെയ്തത്.”
ബ്രാഹ്മണ അധിനിവേശം ശബരിമലയില്‍
പ്രാചീനകാലം മുതലുണ്ടായിരുന്ന ആദിവാസികളുടെ ഈ വിശ്വാസ ധാരയ്ക്ക് തടസ്സം വരുന്നത് പില്‍ക്കാലത്ത് വന്ന അധിനിവേശ സമൂഹമായ ബ്രാഹ്മണരുടെ വരവോട് കൂടിയാണെന്ന് ആദിവാസി, ദളിത് അവകാശ പ്രവര്‍ത്തകനായ എം. ഗീതാനന്ദന്‍ അഭിപ്രായപ്പെടുന്നു. “നിലവിലുള്ള തന്ത്രികുടുംബത്തിന്റെ താഴ് വഴികള്‍ ആന്ധ്രയില്‍ നിന്ന് വന്നവരാണ്. തന്ത്രി കുടുംബത്തിന് ശബരിമലയില്‍ അവരുടേതായ ചരിത്രവുമില്ല. പന്തളം കൊട്ടാരവുമായി ബന്ധപ്പെട്ട് ഒരു ചരിത്രം പിന്നീടവര്‍ ബോധപൂര്‍വം നിര്‍മ്മിക്കുകയാണ് ചെയ്തത്. അയ്യപ്പനെ വൈഷ്ണവ ശൈവ സംസ്‌ക്കാര സങ്കരത്തിന്റെ ഭാഗമാക്കി മാറ്റുന്നതും. ഈ കാലഘട്ടത്തിലാണ്” ഗീതാനന്ദന്‍ പറയുന്നു.
എം. ഗീതാനന്ദന്‍
നിലവിലുള്ള മതപരവും വിശ്വാസപരമായ ആചാരനുഷ്ഠാനങ്ങളെ കുറിച്ച് പറയുന്ന നാരയണീയം പോലുള്ള ഹിന്ദുഗ്രന്ഥങ്ങളിലൊന്നും തന്നെ അയ്യപ്പനെ കുറിച്ച് പരാമര്‍ശമേയില്ലെന്നാണ് ചരിത്രകാരന്മാരുള്‍പ്പടെ ചൂണ്ടിക്കാണിക്കുന്നത്. ഇതിനര്‍ത്ഥം അയ്യപ്പന്റെ ആസ്ഥാനമായ ശബരിമല സവര്‍ണ്ണഹിന്ദുക്കളുടെ പ്രാചീന പാരമ്പര്യമുള്ള ആരാധനാ കേന്ദ്രമായി ഒരിക്കല്‍ പോലും വിശ്വസിച്ചിരുന്നില്ല എന്നതാണ് എന്നും ഗീതാനന്ദന്‍ പറയുന്നു.
പാര്‍ശ്വവത്കരിക്കപ്പെട്ട ജനസമൂഹത്തിന്റെ വിശ്വാസാചാരങ്ങളുടെ മേലുള്ള അധിനിവേശമാണ് വൈഷ്ണവ സംസ്‌ക്കാരത്തിന്റെ ആളുകള്‍ നടത്തിയത്. കേരളത്തില്‍ ഒരുപാട് ക്ഷേത്രങ്ങള്‍ ഇത്തരത്തില്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടവയാണ്. ഇതിന്റെ ഏറ്റവും ഉന്നതമായ ഉദാഹരണമാണ് ശബരിമലയെന്നും ഗീതാനന്ദന്‍ പറയുന്നു.
സവര്‍ണ്ണവത്കരിക്കപ്പെടുന്ന ആദിവാസി, ദളിത് ആരാധനാലയങ്ങള്‍
കേരളത്തിന്റെ പലഭാഗങ്ങളിലും ദളിതരുടെയും ആദിവാസികളുടേതുമായുള്ള കാവുകള്‍, ശ്മശാന ഭൂമി, പൊതു ഇടങ്ങള്‍ എന്നിവയെല്ലാം ഈ നിലയില്‍ പിടിച്ചെടുക്കപ്പെട്ടിട്ടുണ്ട്. ഉത്തരമലബാറിലും ഇത്തരത്തില്‍ നിരവധി ദളിത് കാവുകള്‍ പ്രത്യേക ഉദാഹരണങ്ങളായുണ്ട്.
ഇപ്പോള്‍ തന്നെ, തന്റെ അറിവിലായി മാത്രം കേരളത്തില്‍ പതിനാലോളം ആരാധനാ കേന്ദ്രങ്ങള്‍ ഇത്തരത്തില്‍ സവര്‍ണ്ണവത്കരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് എം. ഗീതാനന്ദന്‍ പറയുന്നു. സംസ്‌ക്കാരികവും വിശ്വാസപരവുമായി കാരണങ്ങള്‍ പറഞ്ഞാണ് സവര്‍ണ്ണര്‍ ഈ കേന്ദ്രങ്ങളെ കീഴ്പ്പെടുത്തുന്നതെന്ന് ഈ സംഭവങ്ങളെ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും.
പ്രശസ്തമായ ചക്കുളത്ത് കാവ് ക്ഷേത്രം വേടര്‍ എന്ന് പറയുന്ന സമുദായത്തിന്റേതാണ്. ഇന്ന് ദക്ഷിണകേരളത്തിന്റെ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രം നൂറ്റമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ത്ങ്ങളുടെ വിശ്വാസകേന്ദ്രമായിരുന്നുവെന്നാണ് ആദിവാസികള്‍ അവകാശപ്പെടുന്നത്.
ഇതെല്ലാം ഗോത്രജനതയുടെ അവകാശങ്ങള്‍ക്ക് മേല്‍ നടക്കുന്ന അധിനിവേശമാണെന്ന് ഗീതാനന്ദന്‍ പറയുന്നു. ശബരിമലയില്‍ പതിനെട്ട് മലകളിലും ആദിവാസികള്‍ക്ക് വനാവകാശമുണ്ടെന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. ശബരിമലയിലെ തന്ത്രിമാരും ഇതിനെ നിഷേധിക്കുന്നില്ല. പന്തളം കൊട്ടാരവും ഇതിനെ നിഷേധിക്കുന്നില്ല. 2006ലെ വനാവകാശ നിയമം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ മലകളുടെ മുഴുവന്‍ അധീനത ആദിവാസികളുടെ കൈകളില്‍ വരുമെന്ന് മാത്രമല്ല മേഖലയിലെ മുഴുവന്‍ സമ്പത്തിലും ആദിവാസികള്‍ക്ക് നിയന്ത്രണമുണ്ടാവേണ്ടതാണ്. ഗീതാനന്ദന്‍ പറയുന്നു.
ശബരിമല മാത്രമല്ല കേരളത്തില്‍ നിരവധി ആദിവാസി-ദളിത് ക്ഷേത്രങ്ങളും കാവുകളും പൊതു ഇടങ്ങളും ഇത്തരത്തില്‍ സവര്‍ണ്ണ ശക്തികള്‍ കൈയടക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. ഇവയില്‍ ചിലതെല്ലാം പ്രതിഷേധങ്ങളുടെ പേരില്‍ വാര്‍ത്തയായിരുന്നു. ഈ കയ്യേറ്റശ്രമങ്ങള്‍ കൂടി പരിശോധിക്കപ്പെടേണ്ടതാണ്.
വടയമ്പാടി സമരം
എറണാകുളം ജില്ലയില്‍പ്പെട്ട വടയമ്പാടിയില്‍ ദളിതര്‍ക്കവകാശപ്പെട്ട പൊതുമൈതാനം എന്‍.എസ്.എസ് ഉടമസ്ഥതയിലുള്ള ക്ഷേത്രം മതില്‍കെട്ടി കൈയടക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്‍.എസ്.എസിന്റെ ഈ നീക്കത്തിന് പൊലീസും അധികൃതരും കൂട്ടുനില്‍ക്കുകയും സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയടക്കം അറസ്റ്റ് ചെയ്യുകയുമാണുണ്ടായത്.
എറണാകുളം ജില്ലയില്‍ ഐക്കരനാട് നോര്‍ത്ത് വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 223 / 24 ല്‍ പെട്ട ഒരേക്കറിലധികം വരുന്ന പൊതു മൈതാനമാണ് വടയമ്പാടിയിലെ തര്‍ക്കസ്ഥലം. ഇ.എം.എസ് സര്‍ക്കാരിന്റെ കാലത്ത് ആദ്യമായി അനുവദിക്കപ്പെട്ട പട്ടിക ജാതി കോളനികളിലൊന്നായ ഭജനമഠം കോളനിയും അതോടൊപ്പം ലക്ഷം വീട് കോളനിയും സെറ്റില്‍മെന്റ് കോളനിയും ഈ മൈതാനത്തിന്റെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. ദളിതരുടെ പൊതുആവശ്യങ്ങള്‍ക്കും ഭൂരഹിതരായ ദളിതര്‍ക്ക് വിതരണം ചെയ്യുന്നതിനും മാറ്റിവെച്ചതായിരുന്നു ഈ ഭൂമി. പറയ സമുദായത്തില്‍ പെട്ട മാക്കോത പാപ്പു പ്രതിഷ്ഠ വച്ച് പൂജ നടത്തുകയും പുലയ സമുദായ അംഗമായ നടത്താക്കുടി ചോതി എന്ന വെളിച്ചപ്പാട് കൊടുവാളും ചിലങ്കയും സൂക്ഷിച്ചിരുന്നതുമായ തറ (പതി ) ഈ മൈതാനത്തിനുള്ളിലാണ്.
ഈ സ്ഥലമാണ് എന്‍.എസ്.എസ് ഉടമസ്ഥതയിലുള്ള ഭജനമഠം ക്ഷേത്രം മതില്‍കെട്ടിയെടുക്കുന്നത്. മുവാറ്റുപുഴ ആര്‍ ഡി ഓ ആയിരുന്ന രാമചന്ദ്രന്‍ നായര്‍ എന്നയാള്‍ ഭജനമഠം ക്ഷേത്രം ഇരിക്കുന്ന ഒരേക്കര്‍ ഇരുപത് സെന്റ് സ്ഥലത്തിന് ചുറ്റുമതില്‍ കെട്ടാന്‍ എന്ന വ്യാജേന ഇറക്കിയ ഉത്തരവ് ഉപയോഗപ്പെടുത്തി കൊണ്ടാണ് ഈ മതില്‍ നിര്‍മ്മാണം നടന്നത്. ഇതിനെതിരെ സമീപവാസികളായ ദളിത് ജനത പ്രതിഷേധിച്ചപ്പോഴാണ് 1981 ല്‍ ഏ.ഛ.ങ.ട. ചീ 230 / 81 / ഞഉ ആയി ഉള്ള ഉത്തരവനുസരിച്ച് 95 സെന്റ് വരുന്ന ഈ റവന്യൂ പുറമ്പോക്ക് പൊതുമൈതാനം വടയമ്പാടി എന്‍ എസ് എസ് കരയോഗത്തിന് അമ്പലത്തിന്റെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി പതിച്ചു നല്‍കിയതായി അറിയുന്നത്. ഇവിടെ പൊതു ഉടമസ്ഥതയിലുള്ള ഭൂമി എന്‍.എസ്.എസിന് എന്തടിസ്ഥാനത്തിലാണ് പതിച്ചു നല്‍കിയതെന്ന് വിശദീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല.
മല്ലീശ്വരന്‍ മുടി
സവര്‍ണ്ണവത്കരിക്കപ്പെടുന്നുവെന്ന് ആരോപണം ഉയര്‍ന്ന ആദിവാസി ആരാധനാ സ്ഥലമാണ് പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലുള്ള മല്ലീശ്വരന്‍ മുടി. അട്ടപ്പാടിയിലെ ആദിവാസികളുടെ ഏറ്റവും വലിയ ക്ഷേത്രമാണ് ചെമ്മണൂരിലെ മല്ലീശ്വരന്‍ ക്ഷേത്രം. മല്ലീശ്വരന്‍ എന്നാല്‍ ശിവനാണെന്നും ശിവന്‍ ലോകത്തിലെ മുഴുവന്‍ ഹിന്ദുക്കളുടേയും ദൈവമാണെന്നും ആദിവാസികള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും പറഞ്ഞാണ് സംഘപരിവാറടക്കമുള്ളവര്‍ ഇവിടെ ആദിവാസി വിശ്വാസം അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.
വിഗ്രഹാരാധനയില്ലാത്ത ഈ ആദിവാസി ആരാധനാലയത്തില്‍ ആരാധനയ്ക്കായി മല്ലി ഈശ്വരനും പ്രകൃതി ദേവിയുമാണ്. എന്നാല്‍ കേരളത്തിലെ പ്രമുഖ ശിവക്ഷേത്രമെന്നാണ് മല്ലീശ്വര ക്ഷേത്രം എന്ന തരത്തിലുള്ള പ്രചരണമാണ് സംഘപരിവാര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഉത്സവത്തിന്റെ ഭാഗമായി കൊടിയേറ്റം, പ്രഭാതപൂജ, ഭക്തിപ്രഭാഷണങ്ങള്‍, വിശേഷാല്‍ പൂജകള്‍, എന്നിവ സംഘടിപ്പിച്ച് പരമ്പരാഗത ആചാരരീതികളെ ഹൈന്ദവത്കരിക്കുകയാണിവര്‍ ഓരോ വര്‍ഷവും ചെയ്യുന്നത്.
മല്ലീശ്വരക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലേക്ക് മാറ്റുന്നതും ഏറെ എതിര്‍പ്പുകള്‍ക്കിടയാക്കിയിരുന്നു. നേരത്തെ ഇത്തരത്തില്‍ പല ആരാധന കേന്ദ്രങ്ങളും ക്ഷേത്രങ്ങളാക്കി കൈയ്യേറിയിട്ടുള്ളതായി ഇവിടുത്തെ ആദിവാസികള്‍ ചൂണ്ടിക്കാണിക്കുന്നു. അഗളി അയ്യപ്പക്ഷേത്രവും പൂതുര്‍ മാരിയമ്മന്‍ ക്ഷേത്രവുമെല്ലാം തമിഴ് കുടിയേറ്റത്തോടെ ആദിവാസികള്‍ക്ക് നഷ്ടപ്പെട്ട ഗോത്ര ആരാധാനാ കേന്ദ്രങ്ങളാണ്.
പെരിങ്ങീല്‍ കോട്ടം
കണ്ണൂര്‍ ജില്ലയിലെ ഏഴോം പഞ്ചായത്തിലെ പെരിങ്ങീല്‍ കോട്ടം ക്ഷേത്രമാക്കാനുള്ള ശ്രമം കഴിഞ്ഞ വര്‍ഷമാണ് നടന്നത്. കോട്ടം പുനരുദ്ധീകരിക്കുകയാണെന്ന വ്യാജേനയായിരുന്നു ഇത് നടന്നിരുന്നത്. കോട്ടത്തെ ആര്യങ്കാവ് ഭഗവതി ക്ഷേത്രം എന്നാക്കി മാറ്റാനാണ് ശ്രമം നടന്നിരുന്നത്. മലബാറിലും കേരളത്തിലാകെയും നടക്കുന്ന ബ്രാഹ്മണികമായ പുരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു ഇതും. കോട്ടവുമായി ബന്ധപ്പെട്ട് നടന്ന ദളിതരുടെ ജൈവിക അതിജീവനത്തെ കടന്നാക്രമിക്കുന്ന ഈ ബ്രാഹ്മണിക ഇടപെടലിനെതിരെ കണ്ണൂരില്‍ കാര്യമായ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു.
നിലമ്പൂരിലെ വനദുര്‍ഗ്ഗാ ദേവീ ക്ഷേത്രം
നിലമ്പൂരില്‍ നാല് തലമുറ പഴക്കമുള്ള ആദിവാസി ആരാധനാലയം സവര്‍ണ്ണവത്കരിക്കാന്‍ നടക്കുന്ന നീക്കങ്ങള്‍ക്കെതിരെ ആദിവാസികള്‍ക്ക് സമരം ചെയ്യേണ്ടി വന്നിരുന്നു. കവളമുട്ടയ്ക്ക് സമീപം പാട്ടക്കരിമ്പ് കോളനിയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന “വനദുര്‍ഗ്ഗാദേവി ക്ഷേത്രമാണ് ഭീഷണി നേരിടുന്നത്. കാട്ടുനായ്ക്കര്‍ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലുള്ള ഈ ക്ഷേത്രം മേഖലയിലെ കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍, പണിയര്‍ എന്നീ വിഭാഗക്കാരുടെ ആരാധനാകേന്ദ്രമാണ്.
ആനയുടെ രൂപം, മനുഷ്യരുടെ രൂപം, പട്ടികളുടെ രൂപം, സ്ത്രീകള്‍ കുഞ്ഞുങ്ങളെ എടുത്തിരിക്കുന്നത്. കുടമണി തുടങ്ങിയവയെല്ലാമാണ് വട്ടിയിലായി ആദിവാസികള്‍ ഇവിടെ ആരാധിച്ച് വരുന്നത്.
ക്ഷേത്രത്തില്‍ നമ്പൂതിരിമാരെ കൊണ്ടുവന്ന് താംബൂല പ്രശ്നമടക്കം നടത്തിയതായി ആദിവാസികള്‍ പറയുന്നു. ഇത് തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് എതിരാണെന്ന് ആദിവാസികള്‍ കരുതുന്നു. സ്വന്തം ഇഷ്ടപ്രകാരം ക്ഷേത്രം സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റിന്റെ ഉടമസ്ഥര്‍ ചേര്‍ന്ന് താംബൂല പ്രശ്‌നം നടത്തി പുതുക്കി പണിതതിന് ശേഷം ക്ഷേത്രത്തിനകത്തെ പല രൂപങ്ങളും കാണാതായെന്ന് ആദിവാസികള്‍ പറയുന്നു. വിശാലമായ ഭൂമികയില്‍ തങ്ങളുടെ പരമ്പരാഗത അസ്ഥിത്വവും പേറി നൂറ്റാണ്ടുകളുടെ ആചാര – വിശ്വാസങ്ങളില്‍ ജീവിക്കുന്ന കീഴാള സമൂഹങ്ങളിലേക്ക് കുടില താത്പര്യങ്ങളുമായെത്തുന്ന ബ്രാഹ്മണ്യപരിവാറിന്റെ തന്ത്രങ്ങള്‍ക്കിരയായ പ്രദേശങ്ങള്‍ വേറെയും നിരവധിയുണ്ട്.
ബ്രാഹ്മണ്യപരിവാറും ദളിത് ആദിവാസികളും
ദളിത് ആദിവാസി ജനവിഭാഗങ്ങളെ മനുഷ്യരായിപ്പോലും പരിഗണിക്കാന്‍ ബ്രാഹ്മണ ഹിന്ദുത്വം തയ്യാറായിരുന്നില്ല എന്നതാണ് വസ്തുത. ഹിന്ദുമതത്തിന്റെ വര്‍ണസങ്കല്പങ്ങളില്‍ നിന്നും എക്കാലത്തും പുറത്തുതന്നെയായിരുന്നു ദളിത് ആദിവാസി വിഭാഗങ്ങള്‍.
എന്നാല്‍ ഭൂരിപക്ഷമതത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി മതരാഷ്ട്രം പടുത്തുയര്‍ത്താന്‍ ശ്രമിച്ച സംഘടിത ഹിന്ദുത്വവും സാമൂഹികവും രാഷ്ട്രീയവുമായ മേല്‍ക്കോയ്മകള്‍ക്ക് വേണ്ടി നിരന്തരം ശ്രമിച്ചുകൊണ്ടിരുന്ന ബ്രാഹ്മണ്യവും, സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ദളിത് ആദിവാസി മേഖലകളിലേക്ക് വ്യാപകമായി കടന്നുകയറുകയുണ്ടായിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നൂറ്റാണ്ടുകള്‍ പഴക്കമുണ്ടായിരുന്ന ബുദ്ധ-ജൈന-സിഖ് ക്ഷേത്രങ്ങളില്‍ പലതും പില്‍ക്കാലത്ത് ഹൈന്ദവക്ഷേത്രങ്ങളായി മാറിയതും, പുഴകളെയും പര്‍വതങ്ങളെയും കാടിനെയും മറ്റ് പ്രകൃതി ശക്തികളെയും ആരാധിച്ചിരുന്ന ആദിവാസി ഗോത്രങ്ങളുടെ പരമ്പരാഗത ദൈവങ്ങള്‍ ഹൈന്ദവവത്കരിക്കപ്പെട്ടതും, ദളിത് സമൂഹങ്ങളുടെ തദ്ദേശീയവും കീഴാളവുമായിരുന്ന ആരാധനാ മൂര്‍ത്തികള്‍ ബ്രാഹ്മണവത്കരിക്കപ്പെട്ടതുമെല്ലാം ഇതുമായി ചേര്‍ത്തുവായിക്കേണ്ടതാണ്..