റാഞ്ചി: പശുവിനെ അറുത്തെന്ന് ആരോപിച്ച് ജാര്‍ഖണ്ഡില്‍ ക്രിസ്തുമത വിശ്വാസികളായ ആദിവാസികളെ ഒരു സംഘം ക്രൂരമായി മര്‍ദ്ദിക്കുകയും തലമൊട്ടയടിച്ച് ജയ് ശ്രീരാം വിളിപ്പിക്കുകയും ചെയ്തതായി പരാതി.
ഏഴ് പേരാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. സെപ്റ്റംബര്‍ 16 ന് നടന്ന സംഭവം പുറത്തറിയുന്നത് ഇന്നലെയാണ്. ജില്ലാ പഞ്ചായത്തംഗവും സാമൂഹ്യപ്രവര്‍ത്തകനുമായ നീല്‍ ജസ്റ്റിന്‍ ബെക്ക് എന്നയാളാണ് സംഭവത്തെ കുറിച്ച് മാധ്യമങ്ങളെ അറിയിച്ചതെന്ന് ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എഫ്.ഐ.ആറില്‍ പേരുള്ള ഒമ്പത് പ്രതികളില്‍ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബാക്കിയുള്ളവരെ ഉടന്‍ പിടികൂടുമെന്നും സിംദേഗ ജില്ലയിലെ പോലീസ് സൂപ്രണ്ട് ഷംസ് തബ്രെസ് പറഞ്ഞു.
2014-19 കാലത്ത് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ സംസ്ഥാനത്ത് ഗോത്രവര്‍ഗക്കാര്‍ക്കും മുസ്‌ലീങ്ങള്‍ക്കുമെതിരെ ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ചും ഗോവധം ആരോപിച്ചും വലിയ രീതിയിലുള്ള ആക്രമണങ്ങള്‍ നടന്നിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ ജെ.എം.എം-കോണ്‍ഗ്രസ്-ആര്‍.ജെ.ഡി-ഇടതു സഖ്യം അധികാരത്തില്‍ വന്നതിനുശേഷം ഗോഹത്യയുടെ പേരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ ആക്രമണമാണിത്.
സെപ്റ്റംബര്‍ 16 ന് പുലര്‍ച്ചെ 25 ലധികം ആളുകള്‍ വടികളും മറ്റ് ആയുധങ്ങളുമായി ഗ്രാമത്തില്‍ എത്തുകയായിരുന്നെന്നും സമീപ ഗ്രാമത്തിലെ താമസക്കാരായിരുന്നവരാണ് ആക്രമണം നടത്തിയതെന്നും സിംഡെഗയിലെ ഗോത്ര ക്രിസ്ത്യാനിയായ ദീപക് കുളു (26) പറഞ്ഞു,
” എന്റെ അയല്‍വാസിയായ രാജ് സിംഗ് കുള്ളുവെന്ന ആളെ സംഘം മര്‍ദ്ദിക്കുന്നതാണ് ആദ്യം കണ്ടത്. കാര്യമെന്താണെന്ന് അന്വേഷിച്ചപ്പോള്‍ ഞങ്ങളെ ജാതീയമായി അധിക്ഷേപിക്കുകയും ഞങ്ങള്‍ പശുവിനെ അറുക്കുന്നതായി അവര്‍ ആരോപിക്കുകയും ചെയ്തു. ഞങ്ങള്‍ ആരും പശുക്കളെ കൊന്നിട്ടില്ലെന്ന് ആവര്‍ത്തിച്ചെങ്കിലും അവര്‍ അത് ചെവിക്കൊണ്ടില്ല.