| Wednesday, 31st October 2018, 10:01 am

പട്ടേല്‍ പ്രതിമ അനാച്ഛാദനം; പ്രതിഷേധം ഭയന്ന് ട്രൈബല്‍ ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: സര്‍ദാര്‍ പട്ടേലിന്റെ നര്‍മ്മദാതീരത്തെ ഏകതാപ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യാനിരിക്കെ ഗുജറാത്തില്‍ ട്രൈബല്‍ ആക്ടിവിസ്റ്റുകളെ പൊലീസ് അറസ്റ്റു ചെയ്തു.

പ്രതിമാ നിര്‍മ്മാണത്തില്‍ പ്രതിഷേധിച്ച് ആദിവാസികളും കര്‍ഷകരും രംഗത്തെത്തിയത് അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായിരുന്നു. പ്രതിമ അനാച്ഛാദനം ചെയ്യുന്ന ദിവസം പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രദേശവാസികള്‍ പറഞ്ഞിരുന്നു. ഇതാണ് ആക്ടിവിസ്റ്റുകളുടെ അറസ്റ്റില്‍ കലാശിച്ചതെന്നാണ് വിലയിരുത്തല്‍. ആയിരക്കണക്കിന് പൊലീസുകാരെയാണ് പ്രതിമ സംരക്ഷിക്കാനായി വിന്യസിച്ചിരിക്കുന്നതെന്ന് എ.എഫ്.പി റിപ്പോര്‍ട്ടു ചെയ്തു.

“കേവാദിയയിലെ എന്റെ വീട്ടിലേക്ക് പൊലീസ് വരികയും എന്നെ അറസ്റ്റു ചെയ്യുകയുമായിരുന്നു, ഇപ്പോള്‍ അവരെന്നെ എങ്ങോട്ടോ കൊണ്ടു പോവുകയാണ. 24 മണിക്കൂറുകള്‍ കഴിഞ്ഞ് പ്രതിമ അനാച്ഛാദനത്തിനു ശേഷമേ ഞങ്ങളെ വിട്ടയക്കുയുള്ളു”- അറസ്റ്റിലായ ലഗാന്‍ മുസാഫിര്‍ ഐ.എ.എന്‍.എസിനോടു പറഞ്ഞു.

ALSO READ: സുജിത്തിന് ഔദ്യോഗിക പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല: ഗണ്‍മാന്റെ മരണത്തെ കുറിച്ച് മാത്യു.ടി.തോമസ്

എന്നാല്‍ ആദിവാസി സമൂഹം നിരാഹാരത്തിലൂടെയും ബഹിഷ്‌കരണത്തിലൂടെയും സമാധാനപരമായി പ്രതിഷേധിക്കുമെന്നാണ് നേരത്തെ അറിയിച്ചത്. 75,000 ത്തോളം ഗോത്രവര്‍ഗ്ഗക്കാരെയാണ് ഈ പദ്ധതി പ്രതികൂലമായി ബാധിച്ചതെന്ന് തദ്ദേശ ഗോത്രവര്‍ഗ്ഗ സംഘടനകള്‍ പറഞ്ഞു.

“ഭരണാധികാരികളും പൊലീസും ചേര്‍ന്ന് സര്‍ദാര്‍ വല്ലാഭായ് പ്ട്ടേലിന്റെ പേരില്‍ കെവാദിയയില്‍ “തമാശ” കാണിക്കുകയാണ്. റോഡ് വലുതാക്കാന്‍ മാത്രം ആയിരക്കണക്കിന് മരങ്ങള്‍ മുറിച്ചു, വീടുകള്‍ നശിപ്പിച്ചു, ആളുകളെ പുറത്താക്കി . കര്‍ഷകര്‍ക്ക് വെള്ളം നിഷേധിച്ചു. പുനരധിവാസ വാഗ്ദാനം ഇനിയും നിറവേറ്റിയിട്ടില്ല. ആദിവാസികള്‍ ദു:ഖാചരണത്തിലാണ്. അവര്‍ക്ക് ആവാസവ്യവസ്ഥയും, ജീവിതരീതികളും മാത്രമല്ല അവരുടെ സംസ്‌കാരം കൂടിയാണ് നഷ്ടപെടുന്നത്”- മസഗോന്‍കറിന്റെയും മറ്റ് ആക്ടിവിസ്റ്റുകളുടെയും കൂട്ടായ പ്രസ്താവനയില്‍ പറയുന്നു. അധികാരം കൈയ്യിലിരിക്കുന്ന ഭരണാധികാരികള്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ സത്യം ചൂണ്ടിക്കാട്ടുന്നവരെ അടിച്ചമര്‍ത്തി തങ്ങള്‍ക്ക് മുന്നേറാന്‍ കഴിയുമെന്ന് അവര്‍ തെറ്റിദ്ധരിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

പ്രതിമാ നിര്‍മ്മാണത്തിനും സമീപപ്രദേശത്തെ ടൂറിസം വികസനത്തിനുമായി സര്‍ക്കാര്‍ കൈയ്യേറിയ തങ്ങളുടെ ഭൂമിക്ക് ഉചിതമായ നഷ്ടപരിഹാരമോ പുനരധിവാസ പദ്ധതി പ്രകാരം തങ്ങള്‍ക്ക് ലഭിക്കേണ്ട പകരം സ്ഥലവും ജോലിയും ലഭിച്ചില്ല എന്നാണ് പ്രദേശവാസികളുടെ പരാതി.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more