നീതിന്യായ വ്യവസ്ഥയ്ക്കുള്ള ആപത് സൂചനയാണിത്; റിയാ ചക്രബര്‍ത്തിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണയെന്ന് അധിര്‍ രഞ്ജന്‍ ചൗധരി
India
നീതിന്യായ വ്യവസ്ഥയ്ക്കുള്ള ആപത് സൂചനയാണിത്; റിയാ ചക്രബര്‍ത്തിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണയെന്ന് അധിര്‍ രഞ്ജന്‍ ചൗധരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th September 2020, 9:50 pm

ന്യൂദല്‍ഹി: റിയ ചക്രബര്‍ത്തിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി.

എന്‍.ഡി.പി.എസ് നിയമപ്രകാരം റിയയെ അറസ്റ്റ് ചെയ്യുന്നത് പരിഹാസ്യമാണെന്നും ഭരണഘടപ്രകാരം നീതി തേടാന്‍ റിയയുടെ അച്ഛന് അവകാശമുണ്ടെന്നും ചൗധരി പറഞ്ഞു.

മാധ്യമ വിചാരണ നമ്മുടെ നീതിയായ വ്യവസ്തയ്ക്കുള്ള ആപത് സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.  എല്ലാവര്‍ക്കും നീതിയുറപ്പാക്കുക എന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വമാണെന്നും അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

സുശാന്ത് സിംഗ് ഒരു ഇന്ത്യന്‍ നടനാണെന്നും എന്നാല്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കുവേണ്ടി അദ്ദേഹത്തെ ബീഹാറി നടനാക്കുകയാണെന്നും ചൗധരി പറഞ്ഞു.

അതേസമയം മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും ഈ വിഷയത്തില്‍ ബി.ജെ.പിക്കെതിരെ രംഗത്തുവന്നിരുന്നു. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ അവസരം മുതലാക്കാമെന്ന ലക്ഷ്യത്തോടെ ബി.ജെ.പി അവരുടെ മാധ്യമങ്ങളെ ഉപയോഗിച്ച് റിയ ചക്രബര്‍ത്തിയെ അധിക്ഷേപിക്കുകയാണെന്നാണ് ഭൂഷണ്‍ പറഞ്ഞത്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ നീതിക്ക് വേണ്ടി ബി.ജെ.പി നടത്തുന്നത് പൊള്ളയായ ക്യാംപെയ്ന്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആദ്യം റിയ ചക്രബര്‍ത്തിക്ക് മേല്‍ കൊലപാതക കുറ്റം ചുമത്തിയായിരുന്നു ക്യാംപെയ്നെന്നും ഇപ്പോഴത് സുശാന്തിന് കഞ്ചാവ് നല്‍കിയെന്നാരോപിച്ച് അറസ്റ്റ് ചെയ്യുന്നതില്‍ എത്തിയിരിക്കുകയാണെന്നും വെറുപ്പുളവാക്കുന്ന കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

റിയക്കെതിരെ റിപ്പബ്ലിക്ക് ടി.വി നിരന്തരം അധിക്ഷേപം നടത്തുകയാണെന്ന് ആരോപിച്ച് ചാനലിലെ ഒരു മാധ്യമപ്രവര്‍ത്തക രാജിവെച്ചിരുന്നു.

അതേസമയം, നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റു ചെയ്ത നടി റിയചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. റിയയെ പതിനാല് ദിവസത്തെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനാണ് കോടതി ഉത്തരവിട്ടത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

content highlights: Trial By Media’: Congress’s Adhir Chowdhury On Rhea Chakraborty’s Arrest