| Monday, 26th January 2015, 5:11 pm

മഴ മൂലം അഞ്ചാം ഏകദിനം ഉപേക്ഷിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്


സിഡ്‌നി: മഴ കളിച്ചതിനാല്‍ ത്രിരാഷ്ട്രപരമ്പരയിലെ ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിനം ഉപേക്ഷിച്ചു. ഇതോടെ ഇരു ടീമുകളും രണ്ട് വീതം പോയന്റ് പങ്കിട്ടു. പതിനാറ് ഓവര്‍ പിന്നിട്ട ശേഷമാണ് മഴ വില്ലനായെത്തിയത്. ഈ സമയം ഇന്ത്യ 69 ന് രണ്ട് എന്ന സ്ഥിതിയിലായിരുന്നു.  മൂന്ന് മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് മത്സരം ഉപേക്ഷിക്കാന്‍ അംപയര്‍മാര്‍ തീരുമാനിച്ചത്. നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റ് ചെയ്യാന്‍ അയക്കുകയായിരുന്നു.

അമ്പാട്ടി റായിഡു, ശിഖര്‍ ധവാന്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായിരുന്നത്. മത്സരം അവസാനിക്കുമ്പോള്‍ അജിങ്ക്യ രഹാനെ, വിരാട് കോഹ്‌ലി എന്നിവരാണ് ഗ്രീസിലുണ്ടായിരുന്നത്. ഓസീസിന് വേണ്ടി മിച്ചല്‍ മാര്‍ഷ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്.

നേരത്തെ മഴ കാരണം വൈകിയായിരുന്നു മത്സരം ആരംഭിച്ചിരുന്നത്. ഈ മത്സരം ഉപേക്ഷിച്ചതോടെ ആതിഥേയരായ ഓസ്‌ട്രേലിയ പരമ്പരയുടെ ഫൈനലില്‍ എത്തി. അതേ സമയം ഫൈനലില്‍ ഓസീസിനെ നേരിടുക ആരെന്നത് പെര്‍ത്തില്‍ ജനുവരി 30ന് നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തെ ആശ്രയിച്ചായിരിക്കും.

നിലവില്‍ ഇന്ത്യക്ക് രണ്ട് പോയന്റും ഇംഗ്ലണ്ടിന് അഞ്ച് പോയന്റുമാണുള്ളത്. അടുത്ത മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് നാല് പോയന്റ് നേടി ഓസീസിനെ നേരിടാനാവും. പരമ്പരയില്‍ ഇത് വരെ ഇന്ത്യക്ക് വിജയം കണ്ടെത്താനായിരുന്നില്ല.

We use cookies to give you the best possible experience. Learn more