വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇരു രാജ്യങ്ങളേയും വംശീയമായി അധിക്ഷേപിച്ച പ്രശസ്ത അമേരിക്കന്‍ ഹാസ്യ ടെലിവിഷന്‍ അവതാരകന്‍ ട്രെവര്‍ നോവയ്‌ക്കെതിരെ വ്യാപക വിമര്‍ശനം. ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധം ഉണ്ടാവരുതെന്ന് താന്‍ ആഗ്രഹിക്കുന്നതായും, എന്നാല്‍ യുദ്ധം ഉണ്ടായിക്കഴിഞ്ഞാല്‍ എക്കാലത്തേയും രസകരമായ യുദ്ധമായിരിക്കും അതെന്നുമായിരുന്നു ട്രെവറിന്റെ പരാമര്‍ശം.
ബോളിവുഡ് സിനിമകളിലൂടെ പാശ്ചാത്യര്‍ക്ക് പരിചിതമായ ഇന്ത്യന്‍ സംസ്‌കാരത്തെ കളിയാക്കിക്കൊണ്ടായിരുന്നു ട്രെവറിന്റെ അവതരണം. “ഇരു രാജ്യങ്ങളും യുദ്ധം ചെയ്യരുത്. എന്നാല്‍ അഥവാ അവര്‍ യുദ്ധം ചെയ്തു കഴിഞ്ഞാല്‍ എക്കാലത്തേയും രസകരമായ യുദ്ധമായിരിക്കുമത്, ശരിയല്ലേ? കാരണം, ഇന്ത്യന്‍ പട്ടാളക്കാര്‍ തോക്കുമെടുത്ത് യുദ്ധക്കളത്തിലിറങ്ങി “നിങ്ങള്‍ മരിക്കാന്‍ പോവുകയാണ്”(ബോളിവുഡ് ഗാനം ആലപിക്കുന്ന ശൈലിയില്‍) എന്നു പറയും”- ട്രെവര്‍ പറഞ്ഞു.
ഇതായിരിക്കും ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധമെന്നും ബോളിവുഡ് സിനിമകളില്‍ നൃത്തരംഗങ്ങളിലെ ദൈര്‍ഘ്യം സൂചിപ്പിച്ചു കൊണ്ട് ട്രെവര്‍ പറഞ്ഞു.
അതേസമയം, ഇരു രാജ്യങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുദ്ധത്തെ ആസ്വാദ്യകരമെന്ന് വിശേഷിപ്പിച്ച ട്രെവറിനെ വിമര്‍ശിച്ചു കൊണ്ട് നിരവധി പേര്‍ രംഘത്തെത്തി.
https://twitter.com/thelastrm/status/1101151929659342848
“ഇതെങ്ങനെയാണ് ആളുകള്‍ക്ക് രസകരമായി തോന്നുകയെന്ന് എനിക്ക് മനസ്സിലാവുന്നില്ല. അയാള്‍ പറയുന്നത് യുദ്ധം വിനോദകരമായിരിക്കുമെന്ന്. ഒരു അമേരിക്കക്കാരന്റെ ജീവന്‍ നഷ്ടപ്പെട്ടാല്‍ ലോകം മുഴുവന്‍ ദുഖിക്കണം, എന്നാല്‍ വെള്ളക്കാരല്ലാത്തവരുടെ മരണം വിനോദമാണോ?”- ട്രെവറിന്‍റെ വിഡിയോ പങ്കു വെച്ചു കൊണ്ട് ഒരു ട്വിറ്റര്‍ ഉപഭോക്താവ് ചോദിക്കുന്നു.
“എനിക്ക് ട്രെവര്‍ നോവയുടെ അവതരണം ഇഷ്ടമാണ്. എന്നാല്‍ ഈ പരാമര്‍ശം എന്നെ അസ്വസ്ഥയാക്കി. ബ്രിട്ടിഷ് ഭരണകാലം മുതല്‍ തുടര്‍ന്ന് പോരുന്ന രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നം രണ്ട് പാട്ടുകാര്‍ തമ്മിലുള്ള കളി തമാശയാക്കി അവതരിപ്പിക്കരുത്. ഞാന്‍ ഇന്ത്യക്കാരിയാണ്, എന്റെ മാതാപിതാക്കള്‍ വ്യോമസേനയിലാണ് ജോലി ചെയ്യുന്നത്. ഞാന്‍ അസ്വസ്ഥയാണ്”- മറ്റൊരു ട്വിറ്റര്‍ ഉപഭോഗക്താവ് കുറിച്ചു.