| Friday, 24th June 2022, 10:01 pm

റൊണാള്‍ഡൊ കാരണം മാഞ്ചസ്റ്റര്‍ പ്രഷറിലാകുന്നതില്‍ ഒരു കുഴപ്പവുമില്ല: തുറന്നു പറഞ്ഞുകൊണ്ട് ഫുട്‌ബോള്‍ പണ്ഡിതന്‍

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ കൊല്ലത്തെ മോശം സീസണിന് ശേഷം തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് പ്രിമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. എന്നാല്‍ ഇതുവരെ പുതിയ സൈനിങ്ങൊന്നും യുണൈറ്റഡിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

ഈ കാരണം കൊണ്ട് സൂപ്പര്‍ താരം റൊണാള്‍ഡൊ ടീം വിട്ടാലും അത്ഭുതപ്പെടാനൊന്നുമില്ലെന്നാണ് മുന്‍ കളിക്കാരനും ഫുട്‌ബോള്‍ നിരീക്ഷകനുമായ ട്രെവര്‍ സിന്‍ക്ലയറിന്റെ അഭിപ്രായം.

പോള്‍ പോഗ്ബ, കവാനി, ലിങാര്‍ഡ്, ജുവാന്‍ മാറ്റ എന്നിവര്‍ ക്ലബ്ബ് വിടാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇവര്‍ക്ക് പകരം നല്ല കളിക്കാരേയൊന്നും ഇതുവരെ യുണൈറ്റഡ് സൈന്‍ ചെയ്തിട്ടില്ല. ഈ കൊല്ലം ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ യുണൈറ്റഡിന് സാധിക്കില്ല. ഈ ടീമില്‍ റൊണാള്‍ഡൊ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് സിന്‍ക്ലയറിന്റെ അഭിപ്രായം.

‘മാഞ്ചസ്റ്റര്‍ യുണൈറ്റഡ് റൊണാള്‍ഡോയെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു, ടെന്‍ ഹാഗ് അവനോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ ഇപ്പോള്‍ റൊണാള്‍ഡോ ടീമിനെ നോക്കി, ‘ഞാന്‍ എന്തിന് തുടരണം’ എന്ന് ചിന്തിക്കുകയാണ്,’ സിന്‍ക്ലയര്‍ പറഞ്ഞു.

അതോടൊപ്പം യുണൈറ്റഡ് അടുത്ത കൊല്ലവും എവിടേയും എത്തില്ലയെന്ന് അദ്ദേഹം വ്യക്തമാക്കി.

‘ഈ സ്‌ക്വാഡ് ആദ്യ നാലിന് അടുത്തെങ്ങും എത്താന്‍ പോകുന്നില്ല. റൊണാള്‍ഡോയ്ക്ക് അങ്ങനെയൊരു വര്‍ഷം കൂടി വേണമെന്ന് ഞാന്‍ കരുതുന്നില്ല. റൊണാള്‍ഡൊ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്മേല്‍ അല്‍പ്പം സമ്മര്‍ദ്ദം ചെലുത്തുകയും അദ്ദേഹം പ്രകോപിതനാകുകയും ചെയ്യുന്നത് ശരിയാണെന്ന് ഞാന്‍ കരുതുന്നു,’ സിന്‍ക്ലയര്‍ കൂട്ടിച്ചെര്‍ത്തു.

കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമാണ് റോണൊ യുണൈറ്റഡിനായി കാഴ്ചവെച്ചത്. 38 മത്സരത്തില്‍ നിന്നും 24 ഗോളുകള്‍ അദ്ദേഹം ടീമിനായി നേടി.

റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്ക് പകരമായി റോണൊയെ ടീമിലെത്തിക്കാന്‍ ബയേണ്‍ മ്യൂണിക്ക് ശ്രമിക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോട്ടുകള്‍.

Content Highlights: Trevon Sinclair says Ronaldo can leave manchester united if he wants

We use cookies to give you the best possible experience. Learn more