| Saturday, 10th December 2022, 11:06 am

ഗ്രൗണ്ടിൽ അതിക്രമിച്ചു കടന്നാൽ അഞ്ച് ലക്ഷം രൂപ പിഴയും തടവും; ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ ലീഗ് ഘട്ടം പകുതി പൂർത്തിയാക്കുകയാണ്. നിലവിലെ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്.സിയാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

കേരളത്തിന്റെ സ്വന്തം ഫുട്ബോൾ ക്ലബ്ബായ കേരളാ ബ്ലാസ്റ്റേഴ്‌സ് പതിനഞ്ച് പോയിന്റുകളുമായി അഞ്ചാം സ്ഥാനത്തുണ്ട്.

2022-23 സീസണിലെ മുംബൈ സിറ്റിക്കെതിരായ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരത്തിൽ മത്സരം പൂർത്തിയായപ്പോൾ ഒരു ആരാധകൻ സുരക്ഷാ ജീവനക്കാരെ മറികടന്ന് ഗ്രൗണ്ടിൽ പ്രവേശിച്ചിരുന്നു. കൂടാതെ ബ്ലാസ്റ്റേഴ്‌സ് താരം കെ.എൽ. രാഹുലിന്റെ ജേഴ്സിയും ആരാധകൻ സ്വന്തമാക്കി. രാഹുലിന്റെ ജേഴ്സി സ്വന്തമാക്കിയ ആരാധകന്റെ കളിഭ്രമം പല മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾ കളി നടക്കുമ്പോൾ മൈതാനത്തേക്ക് അതിക്രമിച്ചു കടക്കുന്ന ആരാധകർക്ക് കടിഞ്ഞാണിടാൻ ശ്രമിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ്.

സുരക്ഷാജീവനക്കാരെ മറികടന്ന് ഗ്രൗണ്ടിൽ ഇറങ്ങുന്ന ആരാധകർക്ക് അഞ്ച് ലക്ഷം രൂപ പിഴയും,സ്റ്റേഡിയത്തിൽ ആജീവനാന്ത വിലക്കുമാണ് നേരിടേണ്ടി വരിക.

ലോകമാകെയുള്ള ഫുട്ബോൾ ലീഗുകളിൽ മൈതാനത്തേക്ക് അനധികൃതമായി കടന്ന് കയറുന്ന ആരാധകർക്ക് ആജീവനാന്തം വിലക്കേർപ്പെടുത്തുന്ന പതിവുണ്ട്.

അവസാന മത്സരത്തിൽ ജംഷഡ്പൂർ എഫ്.സി യെഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കൊമ്പന്മാർ പോയിന്റ് നില 15ആക്കി വർധിപ്പിച്ചത്.
ജംഷഡ്പൂർ എഫ്.സിയെ പരാജയപ്പെടുത്താൻ സാധിച്ചതോടെ ലീഗിൽ തുടർച്ചയായി നാല് വിജയങ്ങൾ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിരുന്നു.

അതിൽ തന്നെ അവസാനത്തെ രണ്ട് മത്സരങ്ങളും ഒറ്റ ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് ജയിച്ചത്. ഒരു ഗോൾ അടിച്ച് മുന്നിലെത്തിയ ശേഷം പ്രതിരോധത്തിലൂന്നി കളിക്കുക എന്ന ശൈലിയാണ് ബ്ലാസ്റ്റേഴ്‌സ് പിന്തുടരുന്നത്.

ഡിസംബർ 11ന് ബെഗ്ലൂരുഎഫ്.സിക്കെതിരെ സ്വന്തം മൈതാനത്താണ് ബ്ലാസ്റ്റേഴ്‌സ് പോരിനിറങ്ങുന്നത്. എട്ട് മത്സരങ്ങളിൽ നിന്നും ഏഴ് പോയിന്റുകളോടെ ലീഗ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ് ബെഗ്ലൂരുഎഫ്.സി.

പോയിന്റ് ടേബിളിലെ ആദ്യ ആറ് സ്ഥാനക്കാർക്കാണ് ഐ.എസ്.എല്ലിൽ സെമി ഫൈനൽ സാധ്യത നിലനിൽക്കുന്നത്.

Content Highlights:Trespassing on the ground will result in a fine of five lakh rupees and imprisonment; Blasters Management

We use cookies to give you the best possible experience. Learn more