എസ്.എ20യുടെ മൂന്നാം സീസണില്‍ എം.ഐ കേപ്ടൗണ്‍ വിജയികളായിരിക്കുകയാണ്. വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 76 റണ്‍സിന്റെ മികച്ച വിജയമാണ് കേപ്ടൗണ്‍ സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ ടീമിന്റെ കന്നിക്കിരീടമാണ്.
ആദ്യം ബാറ്റ് ചെയ്ത എം.ഐ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടി. 182 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഓറഞ്ച് ആര്‍മി 105ന് പുറത്താവുകയായിരുന്നു.
ടൂര്‍ണമെന്റിന്റെ ആദ്യ രണ്ട് സീസണിലും കിരീടം നേടിയ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ് ഒരിക്കല്‍ക്കൂടി കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയപ്പോള്‍ ടീം ഹാട്രിക് കിരീടം സ്വന്തമാക്കുമെന്ന് ആരാധകര്‍ കരുതി. എന്നാല്‍ കേപ്ടൗണിന്റെ ബൗളര്‍മാര്‍ അതിന് അനുവദിച്ചില്ല.
എം.ഐ കേപ്ടൗണിനായി കഗീസോ റബാദ നാല് വിക്കറ്റ് വീഴ്ത്തി. ബോള്‍ട്ടും ജോര്‍ജ് ലിന്‍ഡെയും രണ്ട് വിക്കറ്റ് വീതവും ക്യാപ്റ്റന്‍ റാഷിദ് ഖാനും കോര്‍ബിന്‍ ബോഷും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
നാല് ഓവര്‍ പന്തെറിഞ്ഞ് രണ്ട് വിക്കറ്റുകള്‍ പിഴുതെറിഞ്ഞ ട്രെന്റ് ബോള്‍ട്ടാണ് ഓറഞ്ച് ആര്‍മിയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചത്. അപകടകാരികളായ ജോര്‍ദന്‍ ഹെര്‍മനെയും ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെയും പുറത്താക്കിയാണ് ബോള്‍ട്ട് കേപ്ടൗണിന്റെ വിജയം എളുപ്പമാക്കിയത്.
ഈ മികച്ച പ്രകടനത്തിന് പിന്നാലെ കളിയിലെ താരമായി തെരഞ്ഞെടുത്തതും ബോള്‍ട്ടിനെ തന്നെയായിരുന്നു.
മറ്റൊരു ടൂര്‍ണമെന്റില്‍ ട്രെന്റ് ബോള്‍ട്ട് വിക്കറ്റ് വീഴ്ത്തുകയും ഫൈനലിന്റെ താരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്യുമ്പോള്‍ ഇവിടെ രാജസ്ഥാന്‍ റോയല്‍സ് ആരാധകരാണ് നിരാശരാകുന്നത്.
കഴിഞ്ഞ സീസണുകളില്‍ പിങ്ക് ജേഴ്‌സിയില്‍ കളത്തിലിറങ്ങിയ സഞ്ജുവിന്റെ ഫസ്റ്റ് ഓവര്‍ വിക്കറ്റ് സ്‌പെഷ്യലിസ്റ്റിനെ മെഗാ താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് കൈവിട്ടിരുന്നു. മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ പഴയ വജ്രായുധത്തെ വീണ്ടും വാംഖഡെയിലെത്തിക്കുകയായിരുന്നു.
രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ബോള്‍ട്ടിനെ 12,50,00,000 കോടിക്കാണ് മുംബൈ തിരികെയെത്തിച്ചത്.
അതേസമയം, പ്ലെയര്‍ റിറ്റെന്‍ഷനില്‍ ബോള്‍ട്ടിനെ നിലനിര്‍ത്താതെ ഓക്ഷന്‍ പൂളിലേക്ക് ഇറക്കിവിട്ട രാജസ്ഥാന്‍ ആ റോളിലേക്ക് കണ്ടെത്തിയത് ഇംഗ്ലണ്ട് സൂപ്പര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചറിനെയാണ്.
12.50 കോടി രൂപ നല്‍കിയാണ് രാജസ്ഥാന്‍ തങ്ങളുടെ പഴയ സൂപ്പര്‍ താരത്തെ ഒരിക്കല്‍ക്കൂടി സവായ് മാന്‍സിങ് സ്റ്റേഡിയത്തിലെത്തിച്ചത്.
ആര്‍ച്ചറിനായുള്ള ലേലത്തില്‍ ആദ്യം രാജസ്ഥാന്‍ കളത്തിലുണ്ടായിരുന്നില്ല. ലഖ്നൗ സൂപ്പര്‍ ജയന്റ്സും മുംബൈ ഇന്ത്യന്‍സുമാണ് ആര്‍ച്ചറിനായി പിന്നാലെ കൂടിയത്. എന്നാല്‍ ഒരു ഘട്ടത്തില്‍ ലഖ്നൗ പിന്‍വാങ്ങിയതോടെ രാജസ്ഥാന്‍ ആര്‍ച്ചറിന് പിന്നാലെ കൂടി.
ലേലത്തില്‍ പുതിയ എതിരാളിയെത്തിയെങ്കിലും മുംബൈ വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലായിരുന്നു. എന്നാല്‍ വീറും വാശിയുമേറിയ ലേലത്തില്‍ രാജസ്ഥാന്‍ തങ്ങളുടെ ആദ്യ താരത്തെ സ്വന്തമാക്കുകയായിരുന്നു.
അതേസമയം, ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ട്രെന്റ് ബോള്‍ട്ടിനായും രാജസ്ഥാനും മുംബൈയും വാശിയേറിയ മത്സരം കാഴ്ചവെച്ചിരുന്നു. തങ്ങളുടെ ഫസ്റ്റ് ഓവര്‍ വിക്കറ്റ് സ്പെഷ്യലിസ്റ്റിനെ തിരിച്ചെത്തിക്കാന്‍ രാജസ്ഥാന്‍ ശ്രമിച്ചെങ്കിലും ആര്‍ച്ചറിനെ സ്വന്തമാക്കിയ അതേ വിലയ്ക്ക് തന്നെ ബോള്‍ട്ടിനെ തിരിച്ചെത്തിച്ച് മുംബൈ പകരം ചോദിച്ചു.
ബോള്‍ട്ടിന് പകരം രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ച ജോഫ്രാ ആര്‍ച്ചര്‍ അത്രകണ്ട് മികച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണെ തുടരെ തുടരെ പുറത്താക്കിയതൊഴിച്ചാല്‍ ശരാശരിക്കും താഴെയായിരുന്നു താരത്തിന്റെ പ്രകടനം.
Content Highlight: Trent Boult wins player of the match award in SA20 Final