| Sunday, 10th September 2023, 9:04 pm

ബെയര്‍സ്‌റ്റോ - 6, റൂട്ട് - 0, സ്‌റ്റോക്‌സ് - 1; ലോകകപ്പ് പൊക്കാന്‍ കിവികള്‍ അവന്റെ ചിറകേറി വരുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ട്രെന്റ് ബോള്‍ട്ട്. മഴമൂലം ഓവറുകള്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ കിവീസ് ബൗളിങ് യൂണിറ്റിനെ മുമ്പില്‍ നിന്നും നയിച്ചാണ് ബോള്‍ട്ട് തിരിച്ചുവരവ് റോയലാക്കുന്നത്.

മൂന്ന് മുന്‍നിര വിക്കറ്റുകള്‍ പിഴുതെറിഞ്ഞാണ് ബോള്‍ട്ട് ഇംഗ്ലണ്ട് ബാറ്റിങ് യൂണിറ്റിന്റെ നടുവൊടിച്ചത്. വെടിക്കെട്ട് വീരന്‍മാരായ ജോണി ബെയര്‍സ്‌റ്റോ, ഫാബ് ഫോറിലെ കരുത്തനായ ജോ റൂട്ട്, സൂപ്പര്‍ താരം ബെന്‍ സ്‌റ്റോക്‌സ് എന്നിവരെയാണ് ബോള്‍ട്ട് മടക്കിയത്.

ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ മൂന്നാം ഓവറില്‍ ജോണി ബെയര്‍സ്‌റ്റോയെ പുറത്താക്കിക്കൊണ്ടായിരുന്നു ബോള്‍ട്ട് തുടങ്ങിയത്. എട്ട് പന്തില്‍ ആറ് റണ്‍സുമായി നില്‍ക്കവെ ബോള്‍ട്ടിന്റെ ഇന്‍ സ്വിങ്ങറില്‍ താരം ഷോര്‍ട്ട് കവറില്‍ മിച്ചല്‍ സാന്റ്‌നറിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.

മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ബെയര്‍‌സ്റ്റോയെ മടക്കിയ ബോള്‍ട്ട് രണ്ട് പന്തിന് ശേഷം വീണ്ടും ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. ഇത്തവണ രാജസ്ഥാന്‍ റോയല്‍സിലെ തന്റെ ഫെല്ലോ റോയലായ ജോ റൂട്ടായിരുന്നു തണ്ടര്‍ ബോള്‍ട്ടിന്റെ ഇര.

നേരിട്ട രണ്ടാം പന്തില്‍ ബോള്‍ട്ടിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങി റൂട്ട് പുറത്താകുമ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് വെറും ആറ് റണ്‍സ് മാത്രമായിരുന്നു.

സ്‌റ്റോക്‌സിയായിരുന്നു ബോള്‍ട്ടിന് മുമ്പില്‍ അടുത്തതായി പരാജയം സമ്മതിച്ചത്. പത്ത് പന്തില്‍ നിന്നും ഒറ്റ റണ്‍സ് മാത്രമാണ് സ്റ്റോക്‌സിന് നേടാന്‍ സാധിച്ചത്. നാലാം ഓവറിലെ രണ്ടാം പന്തില്‍ സ്റ്റോക്‌സും മടങ്ങിയപ്പോള്‍ ഇംഗ്ലണ്ട് എട്ട് റണ്‍സിന് മൂന്ന് എന്ന നിലയില്‍ പരുങ്ങി.

നിലവില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ അഞ്ച് ഓവര്‍ പന്തെറിഞ്ഞ ബോള്‍ട്ട് 23 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. 4.60 എന്ന എക്കോണമിയിലാണ് ബോള്‍ട്ട് പന്തെറിയുന്നത്.

നിലവില്‍ 29 ഓവര്‍ പിന്നിടുമ്പോള്‍ 171 റണ്‍സിന് ആറ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. സൂപ്പര്‍ താരം ലിയാം ലിവിങ്സ്റ്റണിന്റെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ത്തുന്നത്. 65 പന്തില്‍ നിന്നും 68 റണ്‍സുമായി താരം ക്രീസില്‍ തുടരുകയാണ്. 20 പന്തില്‍ 25 റണ്‍സടിച്ച സാം കറനാണ് ലിവിങ്സ്റ്റണിനൊപ്പം ക്രീസിലുള്ളത്.

ഇവര്‍ക്ക് പുറമെ മോയിന്‍ അലി (32 പന്തില്‍ 30) ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ (25 പന്തില്‍ 30) എന്നിവരാണ് സ്‌കോറിങ്ങില്‍ നിര്‍ണായകമായ മറ്റ് താരങ്ങള്‍.

ന്യൂസിലാന്‍ഡിന് വേണ്ടി ബോള്‍ട്ടിന് പുറമെ മാറ്റ് ഹെന്റി, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

സെപ്റ്റംബര്‍ എട്ടിന് നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡ് വിജയിച്ചിരുന്നു. സോഫിയ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോസ് ബട്‌ലറിന്റെയും ഡേവിഡ് മലന്റെയും ലിയാം ലിവിങ്‌സ്റ്റണിന്റെയും അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് നേടിയിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് ഡാരില്‍ മിച്ചലിന്റെയും ഡെവോണ്‍ കോണ്‍വേയുടെയും സെഞ്ച്വറിയുടെ ബലത്തില്‍ 26 പന്തും എട്ട് വിക്കറ്റും കയ്യിലിരിക്കെ വിജയിച്ച് പരമ്പരയില്‍ ലീഡ് നേടുകയായിരുന്നു.

Content Highlight: Trent Boult’s brilliant bowling against England

We use cookies to give you the best possible experience. Learn more