| Saturday, 8th April 2023, 6:09 pm

ഇത് ലൂപ്പില്‍ പെട്ടത് തന്നെ!! ഹൈദരാബാദ് വീണ്ടും ആവര്‍ത്തിച്ച് തണ്ടര്‍ ബോള്‍ട്ട്; പൊട്ടിത്തെറിച്ച് സ്റ്റേഡിയം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ രണ്ടാം ഹോം സ്‌റ്റേഡിയത്തിലെ അവസാന മത്സരത്തിനിറങ്ങിയിരിക്കുകയാണ്. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഡേവിഡ് വാര്‍ണറിന്റെ ദല്‍ഹി ക്യാപ്പിറ്റല്‍സിനെയാണ് രാജസ്ഥാന് നേരിടുന്നത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്.

ഓപ്പണര്‍മാരായ ജോസ് ബട്‌ലറിന്റെയും യശസ്വി ജെയ്‌സ്വാളിന്റെയും അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോറിലെത്തിയത്. ജെയ്‌സ്വാള്‍ 31 പന്തില്‍ 60 റണ്‍സ് നേടിയപ്പോള്‍ ബട്‌ലര്‍ 51 പന്തില്‍ 79 റണ്‍സാണ് നേടിയത്.

ഇവര്‍ക്ക് പുറമെ 21 പന്തില്‍ നിന്നും 39 റണ്‍സുമായി ഹെറ്റ്‌മെയറും കിട്ടിയ മൂന്ന് പന്തില്‍ എട്ട് റണ്‍സടിച്ച ധ്രുവ് ജുറേലും തങ്ങളുടെ ജോലി മികച്ചതാക്കിയപ്പോള്‍ രാജസ്ഥാന്‍ സ്‌കോറും ഉയര്‍ന്നു.

ബാറ്റിങ്ങിലെ വിസ്‌ഫോടനാത്മക തുടക്കം ബൗളിങ്ങിലും രാജസ്ഥാന്‍ റോയല്‍സ് ആവര്‍ത്തിച്ചിരിക്കുകയാണ്. ആദ്യ ഓവറില്‍ തന്നെ ട്രെന്റ് ബോള്‍ട്ടാണ് ആതിഥേയരെ ഞെട്ടിച്ചത്.

ആദ്യ ഓവര്‍ മെയ്ഡനാക്കി രണ്ട് വിക്കറ്റ് നേടിയാണ് ബോള്‍ട്ട് തിളങ്ങിയത്. ഹൈദരാബാദില്‍ ആദ്യ ഓവറില്‍ ഒറ്റ റണ്‍സും വിട്ടുകൊടുക്കാതെ രണ്ട് വിക്കറ്റ് വീഴ്ത്തിയ അതേ പ്രകടനം തന്നെയാണ് ബോള്‍ട്ട് അസമിലും ആവര്‍ത്തിച്ചത്.

ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ അഭിഷേക് ശര്‍മയും രാഹുല്‍ ത്രിപാഠിയുമണ് ബോള്‍ട്ടിന്റെ ഇരകളായതെങ്കില്‍ ബര്‍സാപരയില്‍ അത് പൃഥ്വി ഷായും മനീഷ് പാണ്ഡേയുമായിരുന്നു.

മൂന്ന് പന്ത് നേരിട്ട ഷായെ സഞ്ജുവിന്റെ കൈകളിലെത്തിച്ച് മടക്കിയ ബോള്‍ട്ട് തൊട്ടടുത്ത പന്തില്‍ മനീഷ് പണ്ഡേയെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയാണ് മടക്കിയത്.

200 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ ക്യാപ്പിറ്റല്‍സ് അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ 32 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലണ്. 16 പന്തില്‍ നിന്നും 18 റണ്‍സുമായി വാര്‍ണറും 10 പന്തില്‍ നിന്നും 12 റണ്‍സുമായി റിലി റൂസോയുമണ് ക്യാപ്പിറ്റല്‍സിനായി ക്രീസില്‍.

Content Highlight: Trent Boult’s brilliant bowling against Delhi Capitals

We use cookies to give you the best possible experience. Learn more