Cricket
സഞ്ജുവിന്റെ രാജസ്ഥാന് പുതിയ വിക്കറ്റ് കീപ്പര്‍! പുതിയ റോളില്‍ അവതരിച്ച് സഞ്ജുവിന്റെ വജ്രായുധം; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
2024 May 21, 08:21 am
Tuesday, 21st May 2024, 1:51 pm

2024 ഐപിഎല്‍ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നീ ടീമുകളാണ് പ്ലേ ഓഫിന് യോഗ്യത നേടിയത്.

ഇന്ന് നടക്കുന്ന ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ കൊല്‍ക്കത്തയും ഹൈദരാബാദും ആണ് ഏറ്റുമുട്ടുന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. നാളെ നടക്കുന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ ബെംഗളൂരുവിനെയും നേരിടും.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ ഒമ്പത് മത്സരങ്ങളില്‍ നിന്നും എട്ട് ജയം സ്വന്തമാക്കിയ രാജസ്ഥാന്‍ പിന്നീട് നടന്ന മത്സരങ്ങളില്‍ എല്ലാം പരാജയപ്പെടുകയായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള അവസാന മത്സരം മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ നിര്‍ണായക മത്സരത്തില്‍ ശക്തമായി തിരിച്ചുവരാന്‍ ആയിരിക്കും സഞ്ജുവും കൂട്ടരും ലക്ഷ്യമിടുക.

മറുഭാഗത്ത് എല്ലാ ക്രിക്കറ്റ് ആരാധകരെയും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു റോയല്‍ ചലഞ്ചേഴ്‌സിന്റെ പ്ലേ ഓഫിലേക്കുള്ള മുന്നേറ്റം. ആദ്യ എട്ട് മത്സരങ്ങളില്‍ നിന്നും ഒരു ജയം മാത്രം സ്വന്തമാക്കിയ ബെംഗളൂരു പിന്നീടുള്ള ആറു മത്സരങ്ങളും വിജയിച്ചുകൊണ്ട് അടുത്ത റൗണ്ടിലേക്ക് മുന്നേറുകയായിരുന്നു.

ബംഗളൂരുവിനെതിരെയുള്ള മത്സരത്തിനു മുന്നോടിയായുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലനത്തിനിടയുള്ള ഒരു രസകരമായ സംഭവത്തിന്റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.

പരിശീലനത്തിനിടെ രാജസ്ഥാന്റെ ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട് വിക്കറ്റ് കീപ്പറുടെ രൂപത്തില്‍ ആണ് പ്രത്യക്ഷപ്പെട്ടത്. യുസ്വേന്ദ്ര ചഹല്‍ എറിഞ്ഞ പന്തില്‍ ബാറ്റര്‍ ബോള്‍ അടിക്കാതെ ലീവ് ചെയ്യുന്നതും ബോള്‍ട്ട് വിക്കറ്റിന് പിന്നില്‍ നില്‍ക്കുന്നതുമാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

എന്നാല്‍ പന്ത് ബോള്‍ട്ടിന്റെ കയ്യില്‍ നിന്നും മൂന്ന് തവണ തെറിച്ചു പോകുന്നതും പിന്നീട് അത് താരം എടുക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. ‘ആരാണ് പുതിയ ഈ വിക്കറ്റ് കീപ്പര്‍?’ എന്ന് വീഡിയോയില്‍ എഴുതിയിട്ടുള്ളതായും കാണാം.

 

Content Highlight: Trent Boult practice video viral on Social Media