| Monday, 25th March 2024, 10:14 am

ആശിഷ് നെഹ്‌റയേയും മറികടന്ന ബോള്‍ട്ട് ചരിതം; രാജസ്ഥാന്റെ തുറുപ്പ് ചീട്ട് വീണ്ടും റെക്കോഡ് നേട്ടത്തില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ 17ാം സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ കീഴടക്കി രാജസ്ഥാന്‍ റോയല്‍സ് വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ഹോം ഗ്രൗണ്ടായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിനാണ് ഹല്ലാ ബോല്‍ ആര്‍മി വിജയിച്ചുകയറിയത്.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 193/4 എന്ന നിലയില്‍ കളി അവസാനിപ്പിച്ചപ്പോള്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – 173/6 എന്ന നിലയില്‍ തകരുകയായിരുന്നു.

ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ 194 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്നൗ 173ല്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. 52 പന്തില്‍ 82 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തത്. മൂന്ന് ഫോറും ആറ് സിക്സറും അടക്കം 157.69 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലാണ് സഞ്ജു റണ്ണടിച്ചുകൂട്ടിയത്.

രാജസ്ഥാന് വേണ്ടി തന്റെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വേട്ട തുടങ്ങിയ ബോള്‍ട്ട് ഇപ്പോള്‍ മറ്റൊരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇടംകയ്യന്‍ പേസ് ബൗളറാകാനാണ് ബോള്‍ട്ടിന് സാധിച്ചത്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇടംകയ്യന്‍ പേസ് ബൗളര്‍, വിക്കറ്റ്

ട്രെന്റ് ബോള്‍ട്ട് – 107

ആശിഷ് നെഹ്‌റ – 106

സഹീര്‍ ഖാന്‍ – 102

ജാവേദ് ഉനദ്കട്ട് – 91

ആര്‍.പി. സിങ് – 90

ഇര്‍ഫാന്‍ പത്താന്‍ – 80

അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും വൈസ് ക്യാപ്റ്റന്‍ നിക്കോളാസ് പൂരനും പൊരുതിയെങ്കിലും രാജസ്ഥാന്റെ ബൗളര്‍മാര്‍ക്ക് മുമ്പില്‍ ലഖ്നൗ പരാജയപ്പെടുകയായിരുന്നു.
രാജസ്ഥാനായി ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സന്ദീപ് ശര്‍മ, യൂസ്വേന്ദ്ര ചഹല്‍, ആര്‍. അശ്വിന്‍, നാന്ദ്രേ ബര്‍ഗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

മൂന്ന് ഓവറില്‍ 22 റണ്‍സ് വഴങ്ങി ലഖ്നൗ നായകന്‍ കെ.എല്‍. രാഹുലിന്റെ വിക്കറ്റ് വീഴ്ത്തിയാണ് സന്ദീപ് ശര്‍മ രാജസ്ഥാന്‍ റോയല്‍സിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. നിക്കോളാസ് പൂരനെ കൂട്ടുപിടിച്ച് ലഖ്നൗവിനെ വിജയത്തിലേക്ക് നയിക്കവെ 17ാം ഓവറിലെ ആദ്യ പന്തില്‍ ധ്രുവ് ജുറെലിന്റെ കൈകളിലെത്തിച്ചാണ് സന്ദീപ് ശര്‍മ രാഹുലിനെ പുറത്താക്കിയത്.

സന്ദീപ് നല്‍കിയ ബ്രേക് ത്രൂവിന്റെ കരുത്തിലാണ് രാജസ്ഥാന്‍ മത്സരം വിജയിച്ചുകയറിയത്. മാര്‍ച്ച് 28നാണ് രാജസ്ഥാന്റെ അടുത്ത മത്സരം. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍.

Content Highlight: Trent Boult In New Record Achievement In IPL

Latest Stories

We use cookies to give you the best possible experience. Learn more