11 വര്‍ഷത്തെ എക്‌സ്പീരിയന്‍സിന്റെ പവര്‍ എന്ന് വിളിച്ചോതുന്ന റെക്കോഡ്; ഇങ്ങേരെങ്ങാനും തിരിച്ചുവന്നില്ലായിരുന്നെങ്കില്‍...
ന്യൂസിലാന്‍ഡിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിന പരമ്പര തുടരുകയാണ്. നാല് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ സന്ദര്‍ശകര്‍ 2-1ന് പുറകിലാണ്.
ഓവലില്‍ നടന്ന മൂന്നാം മത്സരത്തില്‍ 181 റണ്‍സിന്റെ പരാജയമാണ് ന്യൂസിലാന്‍ഡിന് ഏറ്റുവാങ്ങേണ്ടി വന്നത്. ഇംഗ്ലണ്ട് സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സിന്റെ സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് 368 റണ്‍സിന്റെ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. 124 പന്തില്‍ നിന്നും 182 റണ്‍സാണ് സ്റ്റോക്‌സി നേടിയത്.
മൂന്നാം ടെസ്റ്റില്‍ പരാജയപ്പെട്ടെങ്കിലും ലോകകപ്പിന് മുമ്പ് ആശ്വസിക്കാനുള്ള വക ന്യൂസിലാന്‍ഡ് ആരാധകര്‍ക്ക് കഴിഞ്ഞ മത്സരം നല്‍കിയിരുന്നു. തിരിച്ചുവരവ് ഗംഭീരമാക്കുന്ന സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ അവിശ്വസനീയ പ്രകടനമാണ് കിവികള്‍ക്ക് മുതല്‍ക്കൂട്ടാകുന്നത്.
തിരിച്ചുവന്ന ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബോള്‍ട്ട് കഴിഞ്ഞ മത്സരത്തില്‍ അഞ്ച് വിക്കറ്റാണ് പിഴുതെറിഞ്ഞത്. 9.1 ഓവറില്‍ വെറും 51 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു ബോള്‍ട്ടിന്റെ വിക്കറ്റ് വേട്ട. 5.56 എന്ന എക്കോണമിയിലാണ് താരം റണ്‍സ് വഴങ്ങിയത്.
ജോണി ബെയര്‍സ്‌റ്റോ, ഡേവിഡ് മലന്‍, ജോ റൂട്ട്, സാം കറന്‍, ഗസ് ആറ്റ്കിന്‍സണ്‍ എന്നിവരെയാണ് ബോള്‍ട്ട് കഴിഞ്ഞ മത്സരത്തില്‍ പുറത്താക്കിയത്.
ഈ നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ബോള്‍ട്ടിനെ തേടിയെത്തിയിരിക്കുകയാണ്. ന്യൂസിലാന്‍ഡിന് വേണ്ടി ഏകദിനത്തില്‍ ഏറ്റവുമധികം ഫൈഫര്‍ തികയ്ക്കുന്ന താരം എന്ന റെക്കോഡാണ് ബോള്‍ട്ട് സ്വന്തമാക്കിയത്. തന്റെ ഏകദിന കരിയറിലെ ആറാമത് ഫൈഫറാണ് ബോള്‍ട്ട് തന്റെ പേരില്‍ കുറിച്ചത്.
ന്യൂസിലാന്‍ഡിനായി ഏകദിനത്തില്‍ ഏറ്റവുമധികം ഫൈഫര്‍ തികച്ച താരങ്ങള്‍
ട്രെന്റ് ബോള്‍ട്ട് – 6
റിച്ചാര്‍ഡ് ഹാഡ്‌ലി – 5
ഷെയ്ന്‍ ബോണ്ട് – 4
ടിം സൗത്തി – 3
നിലവില്‍ ഏകദിനത്തില്‍ ഏറ്റവുമധികം ഫൈഫര്‍ തികച്ച താരങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ബോള്‍ട്ട് സ്ഥാനം പിടിച്ചിരിക്കുന്നത്.
101 ഇന്നിങ്‌സില്‍ നിന്നും 925.1 ഓവര്‍ പന്തെറിഞ്ഞ് 195 വിക്കറ്റാണ് ബോള്‍ട്ട് സ്വന്തമാക്കിയത്. 4.94 എന്ന എക്കോണമിയിലും 28.46 എന്ന സ്‌ട്രൈക്ക് റേറ്റിലും പന്തെറിയുന്ന ബോള്‍ട്ടിന്റെ മികച്ച പ്രകടനം 34 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ്.
CONTENT HIGHLIGHT: Trent Boult holds the record of most fifers for New Zealand