| Thursday, 20th April 2023, 9:57 am

അപൂര്‍വങ്ങളില്‍ അപൂര്‍വം; രാജസ്ഥാന്‍ റോയല്‍സ് തോറ്റെങ്കിലും ബോള്‍ട്ടിന് അഭിമാനപൂര്‍വ്വം പുഞ്ചിരിക്കാം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ തോല്‍വി വഴങ്ങാനായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ വിധി. സ്വന്തം തട്ടകമായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ പത്ത് റണ്‍സിനായിരുന്നു രാജസ്ഥാന്റെ പാരജയം.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ ലഖ്‌നൗവിനെ 154 എന്ന സ്‌കോറില്‍ ഒതുക്കി. രാജസ്ഥാന്റെ ബാറ്റിങ് യൂണിറ്റില്‍ ഉണ്ടായിരുന്ന വിശ്വാസത്തിന്റെ പുറത്ത് ആരാധകര്‍ വിജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ വിജയത്തിന് പത്ത് റണ്‍സകലെ രാജസ്ഥാന്‍ കാലിടറി വീണു.

മത്സരം തോറ്റെങ്കിലും രാജസ്ഥാന് സന്തോഷിക്കാനുള്ള വക ബൗളര്‍മാര്‍ നല്‍കിയിരുന്നു. ആര്‍. അശ്വിന്റെയും ട്രെന്റ് ബോള്‍ട്ടിന്റെയും പ്രകടനം ഇതില്‍ എടുത്ത് പറയേണ്ടതാണ്.

ഒരു മെയ്ഡന്‍ ഓവര്‍ ഉള്‍പ്പെടെ നാല് ഓവര്‍ പന്തെറിഞ്ഞ ബോള്‍ട്ട് വഴങ്ങിയത് വെറും 16 റണ്‍സാണ്. ഒരു വിക്കറ്റും താരം സ്വന്തമാക്കി. ആകെയെറിഞ്ഞ നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് അശ്വിന്‍ മത്സരത്തില്‍ നിര്‍ണായകമായത്.

മികച്ച ബൗളിങ് സ്‌പെല്ലിന് പിന്നാലെ ബോള്‍ട്ടിനെ തേടി ഒരു തകര്‍പ്പന്‍ റെക്കോഡുമെത്തിയിരുന്നു. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ഫസ്റ്റ് ഓവര്‍ മെയ്ഡന്‍ എറിയുന്ന താരമെന്ന റെക്കോഡില്‍ ഭുവനേശ്വര്‍ കുമാറിനൊപ്പം ഒന്നാമതെത്തിയിരിക്കുകയാണ് ബോള്‍ട്ട്.

ഐ.പി.എല്ലില്‍ ഇതുവരെ എട്ട് തവണയാണ് ബോള്‍ട്ട് ആദ്യ ഓവറില്‍ ഒറ്റ റണ്‍സ് പോലും വഴങ്ങാതിരുന്നത്. അതില്‍ മൂന്നും ഈ സീസണില്‍ നിന്ന് തന്നെയായിരുന്നു.

സീസണിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ വിക്കറ്റ് മെയ്ഡന്‍ സ്വന്തമാക്കിയ ബോള്‍ട്ട് ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയും ആ നേട്ടം ആവര്‍ത്തിച്ചു.

ഐ.പി.എല്ലില്‍ ഏറ്റവുമധികം ഫസ്റ്റ് ഓവര്‍ മെയ്ഡനുകള്‍ എറിഞ്ഞ താരങ്ങള്‍

ട്രെന്റ് ബോള്‍ട്ട് – 8

ഭുവനേശ്വര്‍ കുമാര്‍ – 8

പ്രവീണ്‍ കുമാര്‍ – 7

ഇര്‍ഫാന്‍ പത്താന്‍ – 5

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഇതുവരെ 11 മെയ്ഡനാണ് ബോള്‍ട്ട് എറിഞ്ഞത്. മൂന്ന് മെയ്ഡന്‍ ഓവറുകള്‍ കൂടി എറിയാന്‍ സാധിച്ചാല്‍ പട്ടികയിലെ ഒന്നാം സ്ഥാനത്തെത്താനും ബോള്‍ട്ടിന് സാധിക്കും.

ഐ.പി.എല്ലില്‍ ഏററവുമധികം മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞ താരം

പ്രവീണ്‍ കുമാര്‍ – 14

ഭുവനേശ്വര്‍ കുമാര്‍ – 12

ട്രെന്റ് ബോള്‍ട്ട് – 11

ഇര്‍ഫാന്‍ പത്താന്‍ – 10

ലസിത് മലിംഗ – 8

ജസ്പ്രീത് ബുംറ – 8

സന്ദീപ് ശര്‍മ -8

ധവാല്‍ കുല്‍ക്കര്‍ണി – 8

Content Highlight: Trent Boult equals Bhuvaneshwar Kumar’s record in IPL

We use cookies to give you the best possible experience. Learn more