ആദ്യ ഓവറിൽ തന്നെ റെക്കോഡ്; മുംബൈയെ എറിഞ്ഞുവീഴ്ത്തി ഇവൻ നേടിയത് ചരിത്രനേട്ടം
Cricket
ആദ്യ ഓവറിൽ തന്നെ റെക്കോഡ്; മുംബൈയെ എറിഞ്ഞുവീഴ്ത്തി ഇവൻ നേടിയത് ചരിത്രനേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 2nd April 2024, 7:41 am

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായി മൂന്നാം വിജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ആറ് വിക്കറ്റുകള്‍ക്കാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്.

മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 15.3 ഓവറില്‍ ആറ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

രാജസ്ഥാന്‍ ബൗളിങ്ങില്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് ട്രെന്റ് ബോള്‍ട്ട് നടത്തിയത്. നാല് ഓവറില്‍ 22 റണ്‍സ് വിട്ടു നല്‍കിയാണ് താരം മൂന്ന് വിക്കറ്റുകള്‍ നേടിയത്.

ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മുംബൈ ഇന്ത്യന്‍സിനെ ഞെട്ടിക്കുകയായിരുന്നു ന്യൂസിലാന്‍ഡ് താരം. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ രോഹിത് ശര്‍മയേയും അവസാന പന്തില്‍ നമന്‍ ദീറിനെയും പുറത്താക്കിക്കൊണ്ട് മുംബൈ ഇന്ത്യന്‍സിനെ ഞെട്ടിക്കുകയായിരുന്നു ട്രെന്‍ഡ് ബോള്‍ട്ട്. മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ ഡെവാൾഡ് ബ്രവിസിനെയും ബോള്‍ട്ട് പുറത്താക്കി.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു അവിസ്മരണീയമായ നേട്ടമാണ് ബോള്‍ട്ട് സ്വന്തമാക്കിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ തവണ രണ്ട് വിക്കറ്റുകള്‍ നേടുന്ന താരം എന്ന നേട്ടമാണ് ട്രെന്റ് ബോള്‍ട്ട് സ്വന്തമാക്കിയത്. അഞ്ച് തവണയാണ് താരം ആദ്യ ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്.

ബോള്‍ട്ടിന് പുറമെ യുസ്വേന്ദ്ര ചഹല്‍ മൂന്നു വിക്കറ്റും നാന്ദ്ര ബര്‍ഗര്‍ രണ്ട് വിക്കറ്റും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. മുംബൈ ബാറ്റിങ്ങില്‍ 21 പന്തില്‍ 34 റണ്‍സ് നേടി ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും 29 പന്തില്‍ 32 റണ്‍സുമായി തിലക് വര്‍മയും മികച്ച ചെറുത്തുനില്‍പ്പ് നടത്തി.

അതേസമയം 39 പന്തില്‍ പുറത്താവാതെ 54 റണ്‍സ് നേടിയ റിയാന്‍ പരാഗിന്റെ കാര്യത്തിലാണ് രാജസ്ഥാന്‍ ജയിച്ചു കയറിയത്. അഞ്ച് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് പരാഗ് അടിച്ചെടുത്തത്.

ജയത്തോടെ മൂന്ന് മത്സരങ്ങളും വിജയിച്ച രാജസ്ഥാന്‍ ആറ് പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. മറുഭാഗത്ത് തുടര്‍ച്ചയായി മൂന്നു മത്സരങ്ങളും പരാജയപ്പെട്ട് പോയിന്റ് ഒന്നുമില്ലാതെ അവസാന സ്ഥാനത്താണ് മുംബൈ.

Content Highlight: Trent Boult create a new record in IPL