|

സഞ്ജുവിന്റെ വജ്രായുധം പണി തുടങ്ങി! മൂന്നാം പന്തിൽ തന്നെ ചരിത്രനേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ ആവേശകരമായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ലഖ്നൗവിന്റെ തട്ടകമായ ഏകാന സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

രാജസ്ഥാന്‍ നായകന്റെ ഈ തീരുമാനം ശരിവെക്കുന്നതായിരുന്നു പിന്നീട് ഗ്രൗണ്ടില്‍ കണ്ടത്. മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം ക്വിന്റണ്‍ ഡികോക്കിനെ മടക്കി അയച്ചുകൊണ്ട് ട്രെന്റ് ബോള്‍ട്ടാണ് രാജസ്ഥാനായി ആദ്യ വിക്കറ്റ് നേടിയത്.

ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഡി കോക്കിനെ ക്ലീന്‍ ബോള്‍ഡ് ആക്കി കൊണ്ടായിരുന്നു ബോള്‍ട്ട് കരുത്ത് കാട്ടിയത്. ആദ്യ രണ്ടു പന്തില്‍ നിന്നും രണ്ട് ബൗണ്ടറികള്‍ നേടിക്കൊണ്ട് മികച്ച തുടക്കമാണ് ഡി കോക്ക് നല്‍കിയത്. എന്നാല്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് ബോള്‍ട്ട് ഡി കോക്കിനെ ക്ലീന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു.

ഇതിനു പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ബോള്‍ട്ടിനെ തേടിയെത്തിയത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ആദ്യ ഓവറില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടുന്ന താരം എന്ന നേട്ടമാണ് ബോള്‍ട്ട് സ്വന്തമാക്കിയത്. 27 വിക്കറ്റുകളാണ് താരം നേടിയത്.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ആദ്യ ഓവറില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയ താരം, വിക്കറ്റ് എന്നീ ക്രമത്തില്‍

ഭുവനേശ്വര്‍ കുമാര്‍ – 27*

ട്രെന്റ് ബോള്‍ട്ട് – 25

പ്രവീണ്‍ കുമാര്‍ – 15

സന്ദീപ് ശര്‍മ – 13

ദീപക് ചഹര്‍ – 12

സഹീര്‍ ഖാന്‍ – 12

മറ്റൊരു തകര്‍പ്പന്‍ നേട്ടവും ബോള്‍ട്ട് സ്വന്തമാക്കി. 2024 ഐപിഎല്ലില്‍ പവര്‍പ്ലെയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ബൗളര്‍ ആയി മാറാനാണ് ബോള്‍ട്ടിന് സാധിച്ചത്. പവര്‍ പ്ലേയില്‍ ആറ് വിക്കറ്റുകള്‍ ആണ് ബോള്‍ട്ട് ഇതുവരെ നേടിയിട്ടുള്ളത്. അഞ്ച് വിക്കറ്റുകള്‍ നേടിയ ദല്‍ഹി ക്യാപ്പിറ്റല്‍സ് പേസര്‍ ഖലീല്‍ അഹമ്മദിനെ മറികടന്നു കൊണ്ടായിരുന്നു ബോള്‍ട്ടിന്റെ മുന്നേറ്റം.

അതേസമയം തൊട്ടടുത്ത ഓവര്‍ ഇറങ്ങിയ സന്ദീപ് ശര്‍മയും വിക്കറ്റ് നേടി രാജസ്ഥാന് മികച്ച തുടക്കം സമ്മാനിച്ചു. രണ്ടാം ഓവറിലെ അവസാന പന്തില്‍ മാര്‍ക്കസ് സ്റ്റോണിസിനെ ക്ലീന്‍ ബൗള്‍ഡ് ആക്കികൊണ്ടായിരുന്നു സന്ദീപ് നിര്‍ണായകമായത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ പുറത്താവാതെ 124 റണ്‍സ് നേടിക്കൊണ്ട് ലഖ്‌നൗവിനെ വിജയത്തിലെത്തിച്ച സ്റ്റോണിസ് ഇത്തവണ സന്ദീപിനു മുന്നില്‍ പൂജ്യം റണ്‍സുമായി മടങ്ങുകയായിരുന്നു.

Content Highlight: Trent Boult create a new record in IPL