ബംഗ്ലാദേശിന് മേല്‍ മിന്നലടിച്ചപ്പോള്‍ പിറന്നത് ചരിത്രം; ലോകകപ്പില്‍ ചിരിച്ച് വില്ലിച്ചായന്റെ വലംകൈ
ഐ.സി.സി ലോകകപ്പില്‍ ന്യൂസിലാന്‍ഡ് തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങിയികരിക്കുകയാണ്. എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍.
മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് നായകന്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ തീരുമാനം തുടക്കത്തിലേ ശരിവെച്ചാണ് ട്രെന്റ് ബോള്‍ട്ട് പന്തെറിഞ്ഞത്. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ സൂപ്പര്‍ താരം ലിട്ടണ്‍ ദാസിനെ പുറത്താക്കി ബോള്‍ട്ട് ബംഗ്ലാ കടുവകളെ ഞെട്ടിച്ചു. മാറ്റ് ഹെന്റിക്ക് ക്യാച്ച് നല്‍കിയാണ് ദാസ് പുറത്തായത്.
മത്സരത്തില്‍ ബംഗ്ലാദേശിന്റെ ഭാവിയെന്ന് വിശേഷിപ്പിക്കപ്പെട്ട തൗഹിദ് ഹൃദോയ്‌യുടെ വിക്കറ്റും ബോള്‍ട്ട് വീഴ്ത്തിയിരുന്നു. 25 പന്തില്‍ 13 റണ്‍സ് നേടി നില്‍ക്കവെ മിച്ചല്‍ സാന്റ്‌നറിന് ക്യാച്ച് നല്‍കിയാണ് ഹൃദോയ് പുറത്തായത്.
ഈ മാച്ചിലെ രണ്ടാം വിക്കറ്റിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടം ട്രെന്റ് ബോള്‍ട്ടിനെ തേടിയെത്തിയിരുന്നു. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് നേടുന്ന ന്യൂസിലാന്‍ഡ് താരം എന്ന റെക്കോഡാണ് ബോള്‍ട്ട് സ്വന്തമാക്കിയത്.
11 വര്‍ഷത്തെ കരിയറില്‍, തന്റെ 107ാം മത്സരത്തിലാണ് ബോള്‍ട്ട് ഈ കരിയര്‍ മൈല്‍സ്‌റ്റോണിലേക്ക് നടന്നുകയറിയത്. 135 മത്സരത്തില്‍ നിന്നും 200 വിക്കറ്റ് നേടിയ കൈല്‍ മില്‍സിന്റെ റെക്കോഡാണ് ബോള്‍ട്ട് മറികടന്നത്. 2012ലാണ് മില്‍സ് ഈ നേട്ടം സ്വന്തമാക്കിയത്.
ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് നേടിയ ന്യൂസിലാന്‍ഡ് താരം എന്നതിന് പുറമെ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത് വേഗതയേറിയ ബൗളറായും ബോള്‍ട്ട് മാറി. ഓസീസ് ലെജന്‍ഡ് ബ്രെറ്റ് ലീയെ മറികടന്നാണ് ബോള്‍ട്ട് ഈ നേട്ടം സ്വന്തമാക്കിയത്.
ഏകദിനത്തില്‍ വേഗത്തില്‍ 200 വിക്കറ്റ് നേടിയ താരങ്ങള്‍
(താരം – രാജ്യം – 200 വിക്കറ്റ് പൂര്‍ത്തിയാക്കാനെടുത്ത മത്സരം എന്നീ ക്രമത്തില്‍)
മിച്ചല്‍ സ്റ്റാര്‍ക് – ഓസ്‌ട്രേലിയ – 102
സാഖ്‌ലിന്‍ മുഷ്താഖ് – പാകിസ്ഥാന്‍ – 104
ട്രെന്റ് ബോള്‍ട്ട് – ന്യൂസിലാന്‍ഡ് – 107
ബ്രെറ്റ് ലീ – ഓസ്‌ട്രേലിയ – 107
അലന്‍ ഡൊണാള്‍ഡ് – സൗത്ത് ആഫ്രിക്ക – 117
അതേസമയം, ആദ്യ ഇന്നിങ്‌സ് ബാറ്റിങ് പൂര്‍ത്തിയാക്കിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റില്‍ 245 റണ്‍സാണ് നേടിയത്.
ബംഗ്ലാദേശിനായി ഇതിഹാസ താരം മുഷ്ഫിഖര്‍ റഹീം അര്‍ധ സെഞ്ച്വറി തികച്ചു. 75 പന്തില്‍ 66 റണ്‍സാണ് താരം നേടിയത്. റഹീമിന് പുറമെ 49 പന്തില്‍ 41 റണ്‍സ് നേടിയ മഹ്മദുള്ള, 51 പന്തില്‍ 40 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്‍ എന്നിവരാണ് ബംഗ്ലാ സ്‌കോറിങ്ങില്‍ നിര്‍ണായകമായത്.
ന്യൂസിലാന്‍ഡിനായി ലോക്കി ഫെര്‍ഗൂസന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ബോള്‍ട്ടിന് പുറമെ മാറ്റ് ഹെന്റിയും രണ്ട് വിക്കറ്റ് നേടി. മിച്ചല്‍ സാന്റ്‌നറും ഗ്ലെന്‍ ഫിലിപ്‌സും ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 16 ഓവറില്‍ 73 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്. 13 പന്തില്‍ ഒമ്പത് റണ്‍സ് നേടിയ രചിന്‍ രവീന്ദ്രയുടെ വിക്കറ്റാണ് ന്യൂസിലാന്‍ഡിന് നഷ്ടമായത്. മുസ്തഫിസുര്‍ റഹ്മാന്റെ പന്തില്‍ മുഷ്ഫിഖര്‍ റഹീമിന് ക്യാച്ച് നല്‍കിയാണ് രചിന്‍ പുറത്തായത്.
48 പന്തില്‍ 38 റണ്‍സുമായി ഡെവോണ്‍ കോണ്‍വേയും 35 പന്തില്‍ 21 റണ്‍സുമായി ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണുമാണ് ക്രീസില്‍.
Content highlight: Trent Boult completes 200 ODI wickets