| Sunday, 23rd April 2023, 4:02 pm

പച്ച പണി തുടങ്ങി മക്കളേ... സെഞ്ച്വറിയടിച്ച് വിരാടിനെ നാണംകെടുത്തി ബോള്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ന്റെ 32ാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ആദ്യ വിക്കറ്റ് നഷ്ടമായി. മത്സരത്തിന്റെ ആദ്യ പന്തില്‍ തന്നെ പുറത്തായ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ വിക്കറ്റാണ് ആര്‍.സി.ബിക്ക് നഷ്ടമായത്.

രാജസ്ഥാന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് വിരാട് പുറത്തായത്. കരിയറില്‍ ഇത് ഏഴാം തവണയാണ് വിരാട്  ഫസ്റ്റ് ബോള്‍ ഡക്കായി മടങ്ങുന്നത്.

ഗോ ഗ്രീന്‍ ഇനിഷ്യേറ്റീവിന്റെ ഭാഗമായി പച്ച ജേഴ്‌സിയണിഞ്ഞാണ് ആര്‍.സി.ബി കളത്തിലിറങ്ങിയത്. മത്സരത്തിന് മുമ്പ് ഇരു ടീം ക്യാപ്റ്റന്‍മാര്‍ തൈകള്‍ കൈമാറുകയും ചെയ്തിരുന്നു.

സീസണില്‍ ഒരിക്കല്‍ മാത്രമാണ് ആര്‍.സി.ബി പച്ച ജേഴ്‌സിയണിയാറുള്ളത്. പച്ച ജേഴ്‌സിയണിയുന്ന മിക്ക മത്സരങ്ങളും ആര്‍.സി.ബിക്ക് പരാജയം മാത്രമാണ് സമ്മാനിച്ചത്. എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി പച്ച ജേഴ്‌സിയില്‍ ആര്‍.സി.ബി വിജയച്ചപ്പോഴെല്ലാം തന്നെ ടീം പ്ലേ ഓഫില്‍ കടന്നിട്ടുമുണ്ട്. ഇതാണ് ആരാധകര്‍ക്ക് ചെറിയ തോതിലുള്ള പ്രതീക്ഷ നല്‍കുന്നത്.

അതേസമയം, വിരാടിന്റെ വിക്കറ്റ് വീഴ്ത്തിയതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും ബോള്‍ട്ടിന്റെ പേരില്‍ കുറിക്കപ്പെട്ടിരുന്നു. ഐ.പി.എല്ലിലെ തന്റെ നൂറാം വിക്കറ്റാണ് വിരാടിനെ മടക്കിക്കൊണ്ട് ബോള്‍ട്ട് സ്വന്തമാക്കിയത്.

അതേസമയം, മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 22 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. വണ്‍ ഡൗണായെത്തിയ ഷഹബാസ് അഹമ്മദിനെയാണ് ബെംഗളൂരുവിന് നഷ്ടമായത്.

മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ബോള്‍ട്ട് തന്നെയാണ് ഷഹബാസിനെയും മടക്കിയത്. യശസ്വി ജെയ്‌സ്വാളിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

രാജസ്ഥാന്‍ റോയല്‍സ് സ്റ്റാര്‍ട്ടിങ് ഇലവന്‍

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍, ജേസണ്‍ ഹോള്‍ഡര്‍, ജോസ് ബട്‌ലര്‍, ആര്‍. അശ്വിന്‍, സന്ദീപ് ശര്‍മ, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ട്രെന്റ് ബോള്‍ട്ട്, യശസ്വി ജെയ്‌സ്വാള്‍, യൂസ്വേന്ദ്ര ചഹല്‍.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്റ്റാര്‍ട്ടിങ് ഇലവന്‍

ഫാഫ് ഡു പ്ലെസിസ്, വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ഷഹബാസ് അഹമ്മദ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മഹിപാല്‍ ലാംറോര്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), സുയാഷ് പ്രഭുദേശായി, വാനിന്ദു ഹസരങ്ക, ഡേവിഡ് വില്ലി, വൈശാഖ് വിജയ്കുമാര്‍, മുഹമ്മദ് സിറാജ്.

Content highlight: Trent Boult completes 100 wickets in IPL

We use cookies to give you the best possible experience. Learn more