സെമി മോഹവുമായി ചിന്നസ്വാമി സ്‌റ്റേഡിയത്തിലിറങ്ങിയ ന്യൂസിലാന്‍ഡിന് ശുഭസൂചനകള്‍. ശ്രീലങ്കയുടെ ബാറ്റിങ് നിര പൂര്‍ണമായും പരാജയപ്പെട്ടതോടെയാണ് ന്യൂസിലാന്‍ഡ് സെമി മോഹങ്ങള്‍ ഊട്ടിയുറപ്പിച്ചത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്കക്ക് തുടക്കം അമ്പേ പാളിയിരുന്നു. സൂപ്പര്‍ താരം പാതും നിസംഗ എട്ട് പന്തില്‍ രണ്ട് റണ്‍സ് നേടി പുറത്തായി. ടിം സൗത്തിയുടെ പന്തില്‍ ടോം ലാഥമിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ വീണ്ടും കിവികള്‍ ലങ്കക്ക് മേല്‍ പ്രഹരമേല്‍പിച്ചു. ക്യാപ്റ്റന്റെ റോളിലെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസും പുറത്തായി. ഏഴ് പന്തില്‍ ആറ് റണ്‍സ് നേടിയാണ് മെന്‍ഡിസ് മടങ്ങിയത്. സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടാണ് വിക്കറ്റ് നേടിയത്.
ഈ വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടവും ബോള്‍ട്ടിനെ തേടിയെത്തിയിരുന്നു. ലോകകപ്പില്‍ ന്യൂസിലാന്‍ഡിന് വേണ്ടി 50 വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയ ആദ്യ ബൗളര്‍ എന്ന നേട്ടമാണ് ബോള്‍ട്ട് സ്വന്തമാക്കിയത്. ലോകകപ്പിലെ തന്റെ 28ാം മത്സരത്തിലാണ് ബോള്‍ട്ട് ഈ നേട്ടം തന്റെ പേരില്‍ കുറിച്ചത്.
മെന്‍ഡിസിന് പുറമെ മറ്റ് രണ്ട് വിക്കറ്റും ഇതിനോടകം ബോള്‍ട്ട് സ്വന്തമാക്കിയിട്ടുണ്ട്.
ലോകകപ്പില്‍ ന്യൂസിലാന്‍ഡിനായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരങ്ങള്‍ (ശ്രീലങ്കന്‍ ഇന്നിങ്‌സിന്റെ 33ാം ഓവര്‍ വരെ)
(താരം – മത്സരം – നേടിയ വിക്കറ്റ് എന്നീ ക്രമത്തില്‍)
ട്രെന്റ് ബോള്‍ട്ട് – 28* – 52
ടിം സൗത്തി – 21* – 38
ജേകബ് ഓറം – 23 – 36
ഡാനിയല്‍ വെറ്റോറി – 32 – 36
ക്രിസ് ഹാരിസ് – 28 – 35
ലോക്കി ഫെര്‍ഗൂസന്‍ – 15* – 31
ഷെയ്ന്‍ ബോണ്ട് – 16 – 30
അതേസമയം, 33 ഓവര്‍ പിന്നിടുമ്പോള്‍ 132 റണ്‍സിന് ഒമ്പത് വിക്കറ്റ് എന്ന നിലയിലാണ് ശ്രീലങ്ക. 54 പന്തില്‍ 18 റണ്‍സുമായി മഹീഷ് തീക്ഷണയും മൂന്ന് പന്തില്‍ രണ്ട് റണ്‍സുമായി ദില്‍ഷന്‍ മധുശങ്കയുമാണ് ക്രീസില്‍.
അര്‍ധ സെഞ്ച്വറി നേടിയ കുശാല്‍ പെരേരെയുടെ ഇന്നിങ്‌സാണ് ശ്രീലങ്കയെ വമ്പന്‍ തോല്‍വിയില്‍ നിന്നും കരകയറ്റിയത്. 28 പന്തില്‍ നിന്നും ഒമ്പത് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പടെ 51 റണ്‍സാണ് താരം നേടിയത്.
നിലവില്‍ ട്രെന്റ് ബോള്‍ട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സാന്റ്‌നറും ലോക്കി ഫെര്‍ഗൂസനും രണ്ട് വിക്കറ്റ് വീതവും രചിന്‍ രവീന്ദ്ര, ടിം സൗത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Content Highlight: Trent Boult becomes the first New Zealand bowler to complete 50 wickets in world cup