2023 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ന്യൂസിലാന്‍ഡ് സൂപ്പര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട് ചരിത്രം കുറിച്ചിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ആദ്യ വിക്കറ്റ് വീഴ്ത്തിയതോടെയാണ് ബോള്‍ട്ട് ചരിത്ര നേട്ടത്തിലേക്ക് നടന്നുകയറിയത്.
ലോകകപ്പില്‍ 50 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ ന്യൂസിലാന്‍ഡ് താരം എന്ന റെക്കോഡാണ് ബോള്‍ട്ട് ഇതോടെ തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്. 28ാം മത്സരത്തിലാണ് ബോള്‍ട്ട് ഈ നേട്ടം കുറിച്ചത്. മത്സരത്തില്‍ മറ്റ് രണ്ട് വിക്കറ്റും നേടി ബോള്‍ട്ട് ലോകകപ്പിലെ തന്റെ വിക്കറ്റ് നേട്ടം 52 ആയി ഉയര്‍ത്തുകയും ചെയ്തിരുന്നു.
വിക്കറ്റ് നേട്ടത്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ മറ്റൊരു തകര്‍പ്പന്‍ നേട്ടവും ബോള്‍ട്ടിനെ തേടിയെത്തിയിരുന്നു. ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കുന്ന മൂന്നാമത് ബൗളര്‍ എന്ന നേട്ടമാണ് ബോള്‍ട്ട് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്.
ക്രിക്കറ്റ് ഇതിഹാസങ്ങളായ മുത്തയ്യ മുരളീധരന്‍, ഗ്ലെന്‍ മഗ്രാത്ത്, വസീം അക്രം എന്നിവരെ മറികടന്നുകൊണ്ടാണ് ബോള്‍ട്ട് 50 വിക്കറ്റ് മാര്‍ക് പിന്നിട്ടത്.
ലോകകപ്പില്‍ വേഗത്തില്‍ 50 വിക്കറ്റ് പൂര്‍ത്തിയാക്കിയ താരങ്ങള്‍
(താരം – രാജ്യം – 50 വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കാന്‍ കളിച്ച മത്സരം എന്നീ ക്രമത്തില്‍)
മിച്ചല്‍ സ്റ്റാര്‍ക് – ഓസ്‌ട്രേലിയ – 19*
ലസിത് മലിംഗ – ശ്രീലങ്ക – 25
ട്രെന്റ് ബോള്‍ട്ട് – ന്യൂസിലാന്‍ഡ് – 28*
ഗ്ലെന്‍ മഗ്രാത്ത് – ഓസ്‌ട്രേലിയ – 30
മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക – 30
വസീം അക്രം – പാകിസ്ഥാന്‍ – 30
അതേസമയം, ബോള്‍ട്ടിന്റെ നേതൃത്വത്തില്‍ കിവീസ് ബൗളര്‍മാര്‍ എതിരാളികളെ കശക്കിയെറിഞ്ഞപ്പോള്‍ ശ്രീലങ്ക 46.4 ഓവറില്‍ 171 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ കുശാല്‍ പെരേരയാണ് ശ്രീലങ്കയെ വമ്പന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്. 28 പന്തില്‍ 51 റണ്‍സാണ് പെരേര നേടിയത്. വാലറ്റത്ത് മഹീഷ് തീക്ഷണയുടെ ചെറുത്തുനില്‍പും ടീമിന് തുണയായി. 91 പന്തില്‍ പുറത്താകാതെ 38 റണ്‍സാണ് തീക്ഷണ നേടിയത്.
ന്യൂസിലാന്‍ഡിനായി ട്രെന്റ് ബോള്‍ട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സാന്റ്നര്‍, രചിന്‍ രവീന്ദ്ര, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ടിം സൗത്തിയാണ് ശേഷിക്കുന്ന വിക്കറ്റ് വീഴ്ത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് നാല് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 18 റണ്‍സ് എന്ന നിലയിലാണ്. 11 പന്തില്‍ ഒമ്പത് റണ്‍സുമായി രചിന്‍ രവീന്ദ്രയും 13 പന്തില്‍ ഒമ്പത് റണ്‍സുമായി ഡെവോണ്‍ കോണ്‍വേയുമാണ് ക്രീസില്‍.
Content highlight: Trent Boult becomes 3rd fastest bowler to completes 50 wickets in world cup