2023 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ന്യൂസിലാന്‍ഡ് സൂപ്പര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട് ചരിത്രം കുറിച്ചിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ആദ്യ വിക്കറ്റ് വീഴ്ത്തിയതോടെയാണ് ബോള്‍ട്ട് ചരിത്ര നേട്ടത്തിലേക്ക് നടന്നുകയറിയത്.
ലോകകപ്പില്‍ 50 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ ന്യൂസിലാന്‍ഡ് താരം എന്ന റെക്കോഡാണ് ബോള്‍ട്ട് ഇതോടെ തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്. 28ാം മത്സരത്തിലാണ് ബോള്‍ട്ട് ഈ നേട്ടം കുറിച്ചത്. മത്സരത്തില്‍ മറ്റ് രണ്ട് വിക്കറ്റും നേടി ബോള്‍ട്ട് ലോകകപ്പിലെ തന്റെ വിക്കറ്റ് നേട്ടം 52 ആയി ഉയര്‍ത്തുകയും ചെയ്തിരുന്നു.
വിക്കറ്റ് നേട്ടത്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ മറ്റൊരു തകര്‍പ്പന്‍ നേട്ടവും ബോള്‍ട്ടിനെ തേടിയെത്തിയിരുന്നു. ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കുന്ന മൂന്നാമത് ബൗളര്‍ എന്ന നേട്ടമാണ് ബോള്‍ട്ട് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്.
ന്യൂസിലാന്‍ഡിനായി ട്രെന്റ് ബോള്‍ട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സാന്റ്നര്‍, രചിന്‍ രവീന്ദ്ര, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ടിം സൗത്തിയാണ് ശേഷിക്കുന്ന വിക്കറ്റ് വീഴ്ത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് നാല് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 18 റണ്‍സ് എന്ന നിലയിലാണ്. 11 പന്തില്‍ ഒമ്പത് റണ്‍സുമായി രചിന്‍ രവീന്ദ്രയും 13 പന്തില്‍ ഒമ്പത് റണ്‍സുമായി ഡെവോണ്‍ കോണ്‍വേയുമാണ് ക്രീസില്‍.
Content highlight: Trent Boult becomes 3rd fastest bowler to completes 50 wickets in world cup